കാലുകൊണ്ട് പരീക്ഷ എഴുതി ദേവിക നേടിയത് ഫുള്‍ എപ്ലസ്: പരീക്ഷ എഴുതിയത് സ്ക്രൈബിനെ നിരസിച്ച്!!
വള്ളിക്കുന്ന് : കാലുപയോഗിച്ച് എഴുതിയ എസ്എസ്എല്‍സി പരീക്ഷയില്‍ ദേവിക നേടിയത് ഫുള്‍ എ പ്ലസ് വള്ളിക്കുന്നിലെ സിബി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ദേവിക. ദേവിക ജനിച്ചതു തന്നെ ഇരുകൈകളുമില്ലാതെയാണ്.
പോരായ്മകളുടെ പേരില്‍ ഒരു സൗജന്യവും വാങ്ങാതെയാണ് ദേവിക ഈ നേട്ടം കാല്‍പ്പിടിയില്‍ ഒതുക്കിയത്. ഒലിപ്രംകടവിന് സമീപം താമസിക്കുന്ന ചോയിമഠത്തില്‍ പാതിരാട്ട് സജീവന്റെയും സുജിതയുടെയും മകളാണ് ദേവിക. അച്ഛനും അമ്മയും അവളെ കാലുകള്‍ കൊണ്ട് എഴുതാന്‍ പഠിപ്പിച്ചു . കുടുംബത്തിന്റെ കഠിനാധ്വാനം ദേവികയെ മിടുക്കിയാക്കി. പഠിച്ച സ്‌കൂളുകളിലെ അധ്യാപകരും ദേവികയെ വേണ്ടത്ര പ്രോത്സാഹിപ്പിച്ചു.

ഓരോരുത്തരും അളവറ്റ സ്‌നേഹവും കരുതലും അവള്‍ക്കു നല്‍കി . സ്‌ക്രൈബിനെ( എഴുതാന്‍ സഹായിക്കുന്നയാള്‍ ) വെച്ചു പരീക്ഷ എഴുതാന്‍ അവസരം ഉണ്ടായിട്ടും ഒറ്റ പരീക്ഷയില്‍ പോലും ഇന്നുവരെ ദേവിക മറ്റൊരാളുടെ സഹായം തേടിയില്ല . എസ്.എസ്.എല്‍.സി.യില്‍ രണ്ടു പരീക്ഷയ്ക്ക് മാത്രം അനുവദനീയമായ അധികസമയം ഉപയോഗിച്ചതല്ലാതെ ബാക്കി വിഷയങ്ങളെല്ലാം മറ്റുള്ളവര്‍ക്കൊപ്പം കൃത്യസമയത്ത് എഴുതി തീര്‍ത്തു. ഗ്രേസ് മാര്‍ക്കുപോലുമില്ലാതെയാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. കാലുകൊണ്ട് മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കാനും ദേവികക്ക് കഴിയും. സ്വപ്നചിത്ര കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ദേവിക വരച്ച ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു.
നാടന്‍പാട്ടിലും മിടുക്കിയാണ്. ജൂനിയര്‍ റെഡ് ക്രോസ് അംഗമായ ദേവികക്ക് ഈ വര്‍ഷം മികച്ച കേഡറ്റിനുള്ള പുരസ്‌കാരവും ലഭിച്ചു. പ്ലസ്ടുവിന് ഹ്യൂമാനിറ്റീസ് തെരഞ്ഞെടുക്കും. സിവില്‍ സര്‍വീസാണ് ലക്ഷ്യം . അച്ഛന്‍ സി.പി. സജീവ് തേഞ്ഞിപ്പലം പോലീസ് സേ്റ്റഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ്. സഹോദരന്‍ ഗൗതം നാലാം ക്ലാസില്‍ പഠിക്കുന്നു.












Click it and Unblock the Notifications