തിരൂരില്‍ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; ആര്‍പിഎഫ് കേസെടുത്തു, സംഭവം ഇങ്ങനെ
തിരൂര്‍: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്. തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ട് തിരുനാവായ എത്തുന്നതിന് തൊട്ടുമുമ്പാണ് സംഭവം. ആരാണ് കല്ലെറിഞ്ഞത് എന്ന് വ്യക്തമല്ല. തിരൂര്‍ പോലീസ് സംഭവം അന്വേഷിക്കുന്നുണ്ട്. അതിന് പുറമെ ആര്‍പിഎഫ് കേസ് രജിസ്റ്റര്‍ ചെയ്തു. തീവണ്ടിയുടെ ചില്ലിന് ചെറിയ കേടുണ്ട്. വന്ദേഭാരത് ട്രെയിനിന് സുരക്ഷ വര്‍ധിപ്പിക്കാനാണ് റെയില്‍വെ ആലോചിക്കുന്നത്.
കോഴിക്കോട് കഴിഞ്ഞാല്‍ ഷൊര്‍ണൂരില്‍ ആണ് വന്ദേഭാരത് എക്‌സ്പ്രസിന് സ്റ്റോപ്പുള്ളത്. തിരൂര്‍ പിന്നിട്ട് അല്‍പ്പദൂരം കഴിഞ്ഞപ്പോഴാണ് കല്ലെറുണ്ടായത് എന്നാണ് വിവരം. ഷൊര്‍ണൂരിലെത്തി ട്രെയിനിന്റെ പ്രാഥമിക പരിശോധന നടത്തി. കാര്യമായ കേടുപാടുകളില്ല. ചില്ലിന് ചെറിയ പാടുണ്ട്. ബോധപൂര്‍വം ആരെങ്കിലും കല്ലെറിഞ്ഞതാണെങ്കില്‍ ശക്തമായ നടപടിയുണ്ടാകും.

ദിവസങ്ങള്‍ക്ക് മുമ്പാണ് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ കേരളത്തില്‍ സര്‍വീസ് ആരംഭിച്ചത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയായിരുന്നു സര്‍വീസ്. പിന്നീട് കാസര്‍കോടേക്ക് നീട്ടിയിരുന്നു. ട്രെയല്‍ റണ്‍ നടത്തുന്ന വേളയില്‍ തിരൂരില്‍ സ്‌റ്റോപ്പുണ്ടായിരുന്നു. എന്നാല്‍ പിന്നീട് തിരൂരിലെ സ്റ്റോപ്പ് ഒഴിവാക്കി. ഇതിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.
അതേസമയം, ഷൊര്‍ണൂരില്‍ ട്രെയല്‍ റണ്‍ വേളയില്‍ സ്റ്റോപ്പുണ്ടായിരുന്നില്ല. സ്റ്റോപ്പ് വേണമെന്ന് വികെ ശ്രീകണ്ഠന്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുകയും റെയില്‍വെ മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. അതേസമയം, തിരൂരിലെ സ്റ്റോപ്പ് ഒഴിവാക്കുകയും ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള ജില്ലയായ മലപ്പുറത്തിനുള്ള സ്റ്റോപ്പ് തിരൂരില്‍ അനുവദിക്കണം എന്ന ആവശ്യം ശക്തമാണ്.
തിരൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞാഴ്ച ഇടി മുഹമ്മദ് ബഷീര്‍ എംപി റെയില്‍വെ മന്ത്രിയെ കണ്ടിരുന്നു. പ്രദേശത്ത് വിവിധ സംഘടനകളും പാര്‍ട്ടികളും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കല്ലേറുണ്ടായി എന്ന വിവരം. നിലവിലെ സാഹചര്യത്തില്‍ ഒന്നും പറയാറായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications