താനൂര്‍ ബോട്ടപകടം: ബോട്ട് ജെട്ടി കത്തിച്ചു; നാട്ടുകാരുടെ പ്രതിഷേധമെന്ന് സൂചന
താനൂര്‍: ദുരന്തമുണ്ടായ ഒട്ടുംപുറം തൂവല്‍തീരത്തോട് ചേര്‍ന്ന ബോട്ട് ജെട്ടി അജ്ഞാതര്‍ കത്തിച്ചു. ബോട്ടിലേക്ക് കയറുന്നതിന് ഒരുക്കിയിരുന്ന ജെട്ടിയിലെ നടപ്പാലമാണ് കത്തിച്ചത്. ഇതിലൂടെ കയറിയാണ് യാത്രക്കാര്‍ ബോട്ടിലേക്ക് എത്താറ്. ഞായറാഴ്ച വൈകീട്ടാണ് 22 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം. ഇന്ന് രാവിലെയാണ് ജെട്ടിയിലേക്കുള്ള നടപ്പാലം കത്തിച്ച നിലയില്‍ കണ്ടത്.
മരം ചേര്‍ത്ത് വച്ച് ഒരുക്കിയ താല്‍ക്കാലിക പാലമാണിത്. ഇന്ന് രാവിലെയാണ് കത്തിച്ചത് ശ്രദ്ധയില്‍പ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം, ദുരന്തത്തിന് കാരണമായ അറ്റ്‌ലാന്റിക് ബോട്ട് കരയിലേക്ക് അടുപ്പിച്ചിട്ടുണ്ട്. കീഴ്‌മേല്‍ മറിഞ്ഞ് ചെളിയില്‍ മുങ്ങിയ ബോട്ട് ജെസിബി ഉപയോഗിച്ച് വലിച്ചും വടംകെട്ടിയുമാണ് നാട്ടുകാര്‍ കരയ്ക്കടുപ്പിച്ചത്.

വൈകീട്ട് ആറ് മണി വരെയാണ് സര്‍വീസ് നടത്താന്‍ വിനോദ സഞ്ചാര ബോട്ടിന് അനുമതിയുള്ളത്. എന്നാല്‍ അതിന് ശേഷമാണ് ദുരന്തം. ആലപ്പുഴയില്‍ നിന്ന് മല്‍സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി വിനോദ സഞ്ചാര ബോട്ടാക്കി മാറ്റുകയാണ് ചെയ്തത് എന്നാണ് നാട്ടുകാര്‍ പറയുന്നു. വിനോദ സഞ്ചാര ബോട്ടിന്റെ താഴ്ഭാഗം ഫ്‌ളാറ്റ് രൂപത്തിലാകണം. എന്നാല്‍ ഇതിന്റെത് മല്‍സ്യബന്ധന തോണികളുടെ കോണ്‍ മാതൃകയിലാണ്.
22 പേര്‍ മരിച്ചുവെന്നാണ് ഇതുവരെയുള്ള വിവരം. ഒരു കുട്ടിയെ കാണാനില്ല എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ പരിശോധിക്കുന്നുണ്ട്. ചെളി നിറഞ്ഞ ഭാഗമായതിനാല്‍ മൃതദേഹങ്ങള്‍ ഒഴുകി കടലിലേക്ക് പോയിരിക്കില്ല എന്നാണ് നിഗമനം. എങ്കിലും ചുറ്റുഭാഗങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരടക്കം താനൂരിലെത്തി സ്ഥിതിഗതികള്‍ പരിശോധിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ അല്‍പ്പസമയം കഴിഞ്ഞാല്‍ ദുരന്തമേഖലയില്‍ എത്തും. തിരൂരങ്ങാടിയിലാണ് അദ്ദേഹം ആദ്യമെത്തുക. ഇവിടെ ആശുപത്രി സന്ദര്‍ശിച്ച ശേഷം ഒട്ടുംപുറത്തെത്തും. താനൂരിലെ ക്യാമ്പ് ഓഫീസില്‍ ഉന്നതതല യോഗം ചേരും. അതിന് ശേഷം അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വിഡി സതീശനും താനൂരിലെത്തും.
താനൂര്‍ സ്വദേശിയുടേത് തന്നെയാണ് ദുരന്തത്തില്‍പ്പെട്ട അറ്റ്‌ലാന്റിക് ബോട്ട് എന്നാണ് വിവരം. ഇയാളെ കാണാനില്ല. ഇയാളെ കൂടി പ്രതി ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബോട്ടില്‍ കൂടുതല്‍ പേര്‍ കയറുന്നതിനെതിരെ നാട്ടുകാര്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. സര്‍വീസിനിടെ ബോട്ടിന്റെ വശങ്ങളില്‍ ആളുകള്‍ കയറി നില്‍ക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
കുട്ടികളടക്കം നിരവധി പേര്‍ ബോട്ടില്‍ കയറിയിരുന്നു എന്നാണ് മകള്‍ നഷ്ടപ്പെട്ട പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. ആനക്കയം സ്വദേശിയാണിദ്ദേഹം. മകളുടെ ആശ കാരണമാണ് ബോട്ടില്‍ കയറിയത്. അപ്പോള്‍ അധികം ആളുകളില്ലായിരുന്നു. പിന്നീട് കൂടുതല്‍ പേരെത്തി. ലൈഫ് ജാക്കറ്റ് ബോട്ടിലുണ്ടായിരുന്നു. എന്നാല്‍ എല്ലാവരും ധരിച്ചിരുന്നില്ല. മുകള്‍ തട്ടില്‍ 12 പേരോളം കയറിയിരുന്നു. കൂടുതല്‍ പേര്‍ താഴെ ഇരിക്കുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.












Click it and Unblock the Notifications