ബോളിവുഡിലെ മയക്കുമരുന്ന് കേസ് തെളിയിക്കാനാവില്ല, എന്‍സിബിയുടെ ഇന്റേണല്‍ റിപ്പോര്‍ട്ട് പുറത്ത്
മുംബൈ: ബോളിവുഡിലെ ഉന്നതര്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസുകള്‍ തെളിയിക്കുക ബുദ്ധിമുട്ടാണെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ഇന്റേണല്‍ റിപ്പോര്‍ട്ട്. ഈ കേസ് ഇപ്പോള്‍ നിലനില്‍ക്കുന്നത് റിയ ചക്രവര്‍ത്തിയുടെ മൊഴിയിലാണ്. എന്നാല്‍ ഈ മൊഴിയെ മാത്രം ആശ്രയിച്ച് കേസ് തെളിയിക്കുക കഠിനമാണെന്ന് എന്‍സിബിയുടെ ഇന്റേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ മാധ്യമങ്ങള്‍ക്ക് ഈ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ആരോപണ വിധേയര്‍ക്കെതിരെ തെളിവുകളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മയക്കുമരുന്നുമായി ഇവരെ ബന്ധിപ്പിക്കാനോ, ഇവരില്‍ നിന്ന് മയക്കുമരുന്നുകള്‍ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ല.

തെളിവുകള്‍ തേടി പല സ്ഥലത്തും അലഞ്ഞിട്ടും എന്‍സിബി അതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇതുവരെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ എന്‍സിബിക്ക് സാധിച്ചിട്ടില്ല. മാസങ്ങളായി കേസ് വൈകുകയാണ്. ബോളിവുഡ് താരം സുഷാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യക്ക് പിന്നാലെയാണ് ബോളിവുഡില്‍ മയക്കുമരുന്ന് കേസ് സജീവമായത്. 2020ല്‍ സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ കുറ്റം ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. ഈ അന്വേഷണം പിന്നീട് മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടക്കുകയായിരുന്നു. നടി സുശാന്തിന് വേണ്ടി മയക്കുമരുന്ന് വാങ്ങി എന്നെല്ലാം എന്‍സിബി പറഞ്ഞിരുന്നു.
റിയ ചക്രവര്‍ത്തിയുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ എന്‍സിബി പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് ബോളിവുഡിലെ എ ലിസ്റ്റ് താരങ്ങളുടെ പേരുകള്‍ പുറത്തെത്തിയത്. ദീപിക പദുക്കോണ്‍, ക്രിതി സനോണ്‍, രാകുല്‍ പ്രീത് സിംഗ്, സാറ അലി ഖാന്‍, ആയുഷ് ശര്‍മ തുടങ്ങി പ്രമുഖരുടെ പേരുകളായിരുന്നു അതിലുണ്ടായിരുന്നത്. മുംബൈ പോലീസ്, ഇഡി, സിബിഐ, എന്‍സിബി എന്നീ അന്വേഷണ ഏജന്‍സികള്‍ ചേര്‍ന്ന് കേസിന്റെ വിവിധ ആംഗിളുകള്‍ അന്വേഷിക്കാനും തീരുമാനിച്ചിരുന്നു. എന്‍സിബിയുടെ മുന്‍ ടീം നടത്തിയ അന്വേഷണം തെളിയിക്കുക ഇപ്പോഴത്തെ ടീമിന് ദുഷ്‌കരമാണെന്ന് എന്‍സിബിയുടെ ഇന്റേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിയ ചക്രവര്‍ത്തിയുടെ മൊഴി കൊണ്ട് മാത്രമാണ് ഈ കേസ് നിലനില്‍ക്കുന്നത്. എന്നാല്‍ അതുകൊണ്ട് മാത്രം കേസ് തെളിയിക്കാനാവില്ല. റിയയുടെ തെളിവുകള്‍ ഇവരെ അറസ്റ്റ് ചെയ്യാനും ശിക്ഷ വാങ്ങിച്ച് കൊടുക്കാനും പര്യാപ്തമായതല്ല. അന്വേഷണ സംഘത്തിന്റെ മേല്‍നോട്ട ചുമതയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അടക്കം പലരും എന്‍സിബിയില്‍ ഇപ്പോഴില്ല. പുതിയ ടീമാണ് കേസ് അന്വേഷിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് എന്‍സിബി ഡയറക്ടര്‍ ജനറല്‍ എസ്എന്‍ പ്രധാന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണിത്. ആരെയൊക്കെ ചോദ്യം ചെയ്തു എന്നത് അടക്കം ഇതിലുണ്ട്. ശാസ്ത്രീയമായ തെളിവുകളുടെ വലിയ അഭാവമാണ് കേസിനെ ദുര്‍ബലമാക്കുന്നതെന്ന് എന്‍സിബി റിപ്പോര്‍ട്ടില്‍ പറയുന്നു.
മയക്കുമരുന്ന് പിടിച്ചെടുത്തിട്ടില്ലാത്തത് കൊണ്ട് എത്ര അളവില്‍ ഈ സെലിബ്രിറ്റികള്‍ ഇവ കൈവശം വെച്ചിരുന്നു എന്ന് സ്ഥാപിക്കാനാവില്ല. അളവുകള്‍ സ്ഥാപിക്കാനായില്ലെങ്കില്‍ കേസ് ദുര്‍ബലമായി പോകും. വാട്‌സ്ആപ്പ് ചാറ്റുകള്‍ വഴി മാത്രമാണ് ചാറ്റുകളുള്ളത്. മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവോ ഇത് എത്ര അളവില്‍ കൈവശം വെച്ചിരുന്നോ എന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. റിയ ചക്രവര്‍ത്തി മയക്കുമരുന്ന് വാങ്ങിയ കാര്യമെല്ലാം സമ്മതിച്ചിട്ടുണ്ട്. അതേസമയം ചോദ്യം ചെയ്യപ്പെട്ട സെലിബ്രിറ്റികള്‍ മയക്കുമരുന്ന് വാങ്ങാനും, ഉപയോഗിക്കാനും ശ്രമിച്ചിരുന്നതായി സമ്മതിച്ചിരുന്നു.എന്നാല്‍ പിന്നീട് ഇതില്‍ നിന്ന് പിന്മാറിയതായും അവര്‍ പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications