മഹാരാഷ്ട്ര മാസ്ക് രഹിതമാകുന്നുവോ: ആലോചന നടക്കുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി
മുംബൈ: മഹാരാഷ്ട്രയെ മാസ്‌ക് രഹിതമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര-സംസ്ഥാന കോവിഡ് ടാസ്‌ക് ഫോഴ്‌സുകളിൽ നിന്ന് വിവരങ്ങൾ തേടിയതായി സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ വ്യക്തമാക്കി. 56 ദിവസങ്ങൾക്ക് ശേഷം മുംബൈയുടെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 1% ആയി കുറഞ്ഞതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നേരത്തേയുള്ള ചില ദിവസങ്ങളില്‍ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തോളമായിരുന്നു. കോവിഡ് പ്രതിരോധത്തിന് വ്യാപകമായി ഉപയോഗിച്ച് വന്നിരുന്ന മാസ്‌ക് ധാരണം ഒഴിവാക്കാന്‍ പല രാജ്യങ്ങളും ഇതിനോടകം തന്നെ തങ്ങളുടെ പൗരന്മാർക്ക് അനുമതി നല്‍കിയതായും രാജേഷ് ടോപെ വ്യക്തമാക്കി.
"അടുത്തിടെ നടന്ന ക്യാബിനറ്റ് മീറ്റിംഗിൽ, സംസ്ഥാനം മാസ്ക് രഹിതമാക്കുന്നതിനെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. യുകെ പോലുള്ള നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് മാസ്ക് ധരിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവ എങ്ങനെയെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഞങ്ങൾ കേന്ദ്ര-സംസ്ഥാന ടാസ്‌ക് ഫോഴ്‌സുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്," അദ്ദേഹം പറഞ്ഞു. അതേസമയം നമ്മുടെ ജനസംഖ്യ വളരെ വലുതാണ് എന്നതിനാൽ മഹാരാഷ്ട്രയിൽ മാസ്ക് ധരിക്കുന്നത് കുറച്ചുകാലം തുടരുമെന്ന് അദ്ദേഹം അടിവരയിട്ടു.

വ്യാഴാഴ്ച, മഹാരാഷ്ട്രയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 6,248 ആയിരുന്നു. മുംബൈയിലെ കേസുകൾ 429 ആയി ഉയർന്നെങ്കിലും, തുടർച്ചയായ നാലാം ദിവസവും 500 ൽ താഴെയായി തുടരുകയാണ്. സംസ്ഥാനത്ത് മുംബൈയിൽ രണ്ട് ഉൾപ്പെടെ 45 മരണങ്ങൾ രേഖപ്പെടുത്തിയെന്നും ബിഎംസി കമ്മീഷണർ ഐ ചാഹൽ പറഞ്ഞു. മൂന്നാം തരംഗത്തിന്റെ 56 ദിവസത്തിനുള്ളിൽ നഗരത്തിൽ ഇതുവരെ 2.85 ലക്ഷം കോവിഡ് കേസുകളും 312 മരണങ്ങളും രജിസ്റ്റർ ചെയ്തതായി അദ്ദേഹം പറഞ്ഞു. ഈ 56 ദിവസത്തെ കാലയളവിൽ മുംബൈയിൽ പ്രതിദിനം ശരാശരി 5.5 മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ദേശീയ തരത്തില്‍ അല്ലെങ്കിൽ അന്തർദ്ദേശീയ തലത്തിൽ താരതമ്യപ്പെടുത്താവുന്ന നിരക്കാണ് മുംബൈയിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി കോവിർ രോഗം സ്ഥിരീകരിച്ചത് 58,077 പേര്‍ക്കാണ്. നിലവില്‍ 6,97,802 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.64 ശതമാനമാണ്. രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,91,678 പരിശോധനകള്‍ നടത്തി. ആകെ 74.78 കോടിയിലേറെ (74,78,70,047) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5.76 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.89 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,50,407 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,13,31,158 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.17% ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 48.18 ലക്ഷത്തിലധികം (48,18,867) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 171.79 കോടി (1,71,79,51,432) പിന്നിട്ടു. 1,91,96,734 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 169.73 കോടിയോടടുത്ത് (1,69,73,06,050) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഉപയോഗിക്കാത്ത 12.05 കോടിയിലധികം (12,05,64,491) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications