മുംബൈ അണ്‍ലോക്കിംഗിലേക്ക്, കണ്ടെയിന്‍മെന്റ് സോണുകളില്ല, നിയന്ത്രണങ്ങളില്‍ ഇളവ്
മുംബൈ: കൊവിഡ് കേസുകളില്‍ കുറവ് വന്നതിനെ തുടര്‍ന്ന് മുംബൈ അണ്‍ലോക്കിംഗ് പ്രക്രിയയിലേക്ക്. ഈ മാസം അവസാനം നിയന്ത്രണങ്ങള്‍ മുംബൈയില്‍ പിന്‍വലിക്കും. അതതേസമയം മാസ്‌കും സോഷ്യല്‍ ഡിസ്റ്റന്‍സിംഗും പാലിക്കണമെന്ന് മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ ആവശ്യപ്പെട്ടു. മുംബൈ ജനതയ്ക്ക് ഇത് നല്ല വാര്‍ത്തയാണ്. ഈ മാസം അവസാനത്തോടെ നമ്മള്‍ അണ്‍ലോക്കിംഗിലേക്ക് പോവുകയാണ്. അതിനായി തയ്യാറെടുത്ത് കഴിഞ്ഞു. എന്നാല്‍ ആവശ്യമായ നിയന്ത്രങ്ങള്‍ സ്വയം കൊണ്ടുവരാന്‍ പ്രത്യേകിച്ച് മാസ്‌കിന്റെയും സാമൂഹിക അകലത്തിന്റെയും കാര്യത്തില്‍ വിട്ടുവീഴ്ച്ച പാടില്ലെന്നും കിഷോരി വ്യക്തമാക്കി.

അതേസമയം മുംബൈയില്‍ മൂന്നാം തരംഗത്തിന്റെ തീവ്രത വളര കുറഞ്ഞിരിക്കുകയാണ്. 24 മണിക്കൂറിനിടെ 356 കൊവിഡ് കേസുകള്‍ മാത്രമാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2021 ഡിസംബര്‍ 21 മുതലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. അഞ്ച് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നതെന്ന് ബിഎംസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുതിയ കേസുകളില്‍ 88 ശതമാനവും യാതൊരു രോഗലക്ഷണവും പ്രകടമാക്കാത്തതാണ്. അതായത് 356 കേസുകളില്‍ 313 എണ്ണം ഈ ഗണത്തില്‍പ്പെടുത്താവുന്നതാണ്. മുംബൈയില്‍ പോസിറ്റിവിറ്റി നിരക്ക് 1.19 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. കേസുകളില്‍ വലിയ കുറവ് വന്നതോടെയാണ് അണ്‍ലോക്കിംഗിന് അനുകൂല തീരുമാനം ബിഎംസി എടുത്തത്.
മൂന്നാം തരംഗത്തില്‍ അതിതീവ്ര വ്യാപനം മുംബൈയില്‍ ഉണ്ടായിരുന്നു. ഇരുപതിനായിരം കേസുകള്‍ക്ക് മുകളില്‍ മുംബൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ കേസുകള്‍ കുറയുന്ന ട്രെന്‍ഡും മുംബൈയില്‍ പ്രകടമായിരുന്നു. പ്രതിദിന കൊവിഡ് കേസുകളില്‍ ഫെബ്രുവരി മുതല്‍ വലിയ കുറവാണ് കണ്ട് വരുന്നത്. എന്നാല്‍ വാരാന്ത്യത്തില്‍ കേസുകള്‍ കുറയുന്നതിന് പ്രധാന കാരണം സാധാരണ രീതിയിലുള്ളതിനേക്കാള്‍ ടെസ്റ്റുകളുടെ എണ്ണം കുറയുന്നത് കൊണ്ടാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബിഎംസി ഡാറ്റയിലും ഈ സൂചനയുണ്ട്. സാധാരണ 40000 സാമ്പിളുകളില്‍ അധികം പരിശോധിക്കാറുണ്ട്. എന്നാല്‍ ഞായറാഴ്ച്ച 29863 സാമ്പിള്‍ മാത്രമാണ് പരിശോധിച്ചത്.
ഫെബ്രുവരി രണ്ട് ഒഴിച്ചുള്ള ദിവസങ്ങളില്‍ മുംബൈയില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞ് വരുന്നതാണ് കാണുന്നത്. ഫെബ്രുവരി രണ്ടിന് 1121 കൊവിഡ് കേസുകളും പത്ത് മരണങ്ങളുമാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബാക്കിയെല്ലാ ദിവസങ്ങളിലും ഇത് 900 കേസുകള്‍ക്ക് താഴെയാണ്. ഒമൈക്രോണ്‍ വേരയിയന്റ് കേസുകള്‍ മുംബൈയില്‍ അത്രത്തോളം പ്രതിസന്ധിയുണ്ടാക്കിയില്ലെന്ന് വ്യക്തമാണ്. മുംബൈയില്‍ 95 ശതമാനം ആളുകളും സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചതാണെന്ന് മഹാരാഷ്ട്ര കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ ശശാങ്ക് ജോഷി വ്യക്തമാക്കി. നിലവില്‍ മുംബൈയില്‍ കണ്ടെയിന്‍മെന്റ് സോണുകളുമില്ല.












Click it and Unblock the Notifications