യൂറോപ്പ് ട്രിപ്പിനിടെ അത് ഞാന്‍ അറിഞ്ഞു, റിയ പറയുന്നു, അവളാണ് സുശാന്തിനെ കൊന്നതെന്ന് പിതാവ്!!
മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന റിയ ചക്രവര്‍ത്തിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. ഇന്ത്യാ ടുഡേയുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം റിയ വെളിപ്പെടുത്തിയത്. യൂറോപ്പ് യാത്രയ്ക്കിടെയാണ് സുശാന്തിന് വിഷാദ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞതെന്ന് റിയ പറഞ്ഞു. താനൊരിക്കലും സുശാന്തിന്റെ പണം ഉപയോഗിച്ച് ജീവിച്ചിട്ടില്ല. സുശാന്തിന് രാജകീയമായ ജീവിതം വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ട് അത്തരത്തിലാണ് ജീവിച്ചതെന്നും റിയ പറഞ്ഞു. യൂറോപ്പിലേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ വിമാനത്തില്‍ വെച്ച് തനിക്ക് ഇടുങ്ങിയ സ്ഥലത്തെ ഭയമാണെന്നും ഇത് ക്ലോസ്‌ട്രോഫോബിക്ക് ആണെന്നും പറഞ്ഞു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ മോഡാഫിനില്‍ എന്ന മരുന്ന് അദ്ദേഹം കഴിച്ചെന്നും റിയ പറഞ്ഞു.
പാരീസില്‍ എത്തിയപ്പോള്‍ സുശാന്ത് മൂന്ന് ദിവസത്തേക്ക് മുറിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. പോവുന്നതിന് മുമ്പ് അദ്ദേഹം വളരെയധികം സന്തോഷവാനായിരുന്നു. എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ല. സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് സുശാന്തിന് പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. വളരെയധികം ഊര്‍ജസ്വലനായിരുന്നു സുശാന്ത്. ഇറ്റലിയില്‍ വെച്ച് ഒരു തരം ഇരുണ്ട ഗോഥിക്കായിട്ടുള്ള ഹോട്ടലിലാണ് ഞങ്ങള്‍ താമസിച്ചത്.അവിടെ വെച്ച് അദ്ദേഹത്തിന് പാനിക്ക് അറ്റാക്ക് വരെ ഉണ്ടായിരുന്നു. അപ്പോഴാണ് തനിക്ക് വിഷാദ രോഗം ഉണ്ടെന്ന് സുശാന്ത് തന്നോട് തുറന്ന് പറഞ്ഞത്. അതിന് ശേഷം സുശാന്തിന്റെ ആരോഗ്യനില മോശമായതോടെ ഞങ്ങള്‍ തിരിച്ചു വന്നെന്നും റിയ പറഞ്ഞു.
എന്റെ സഹോദരന്‍ ഷൗവിക് ചക്രവര്‍ത്തിയും യൂറോപ്പ് യാത്രയില്‍ കൂടെയുണ്ടായിരുന്നു. ഇല്ലെന്ന പറഞ്ഞ ഷൗവിക്കിനെ സുശാന്ത് നിര്‍ബന്ധിച്ചാണ് കൊണ്ടുവന്നത്. എനിക്ക് പാരീസില്‍ വലിയൊരു ഫാഷന്‍ വസ്ത്ര വില്‍പ്പന കമ്പനിയുമായി എനിക്കൊരു ഫാഷന്‍ ഷൂട്ടുണ്ടായിരുന്നു. അവരാണ് എനിക്ക് വിമാനടിക്കറ്റുകള്‍ അയച്ച് തന്നത്. എന്നാല്‍ സുശാന്ത് ഈ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്തു. അദ്ദേഹമാണ് ട്രിപ്പ് പ്ലാന്‍ ചെയ്തത്. അയച്ച് തന്ന ടിക്കറ്റുകള്‍ ഇപ്പോഴും എന്റെ കൈയ്യിലുണ്ട്. യൂറോപ്പ് ട്രിപ്പിന് വേണ്ടിയായിരുന്നു ഇത്. ഞാന്‍ സുശാന്തിന്റെ പണം ഉപയോഗിച്ചിട്ടില്ല. നേരത്തെ തായ്‌ലന്‍ഡില്‍ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോയപ്പോള്‍ അദ്ദേഹം 70 ലക്ഷം രൂപയാണ് ചെലവഴിച്ചതെന്നും റിയ പറഞ്ഞു.
അതേസമയം റിയക്കെതിരെ സുശാന്തിന്റെ പിതാവ് രംഗത്തെത്തി. റിയ തന്റെ മകന് വിഷം കൊടുത്ത് കൊന്നതാണെന്ന് കെകെ സിംഗ് പറഞ്ഞു. തന്റെ മകന് മയക്കുമരുന്നുകള്‍ അവള്‍ നല്‍കിയിരുന്നു. അവളെ അറസ്റ്റ് ചെയ്യണമെന്നും സിംഗ് പറഞ്ഞു. ദീര്‍ഘകാലമായി സുശാന്തിന് റിയ വിഷം നല്‍കി വരുന്നുണ്ടെന്ന് സിംഗ് ആരോപിച്ചു. കഴിഞ്ഞ ദിവസം നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റിയക്കെതിരെ കേസെടുത്തിരുന്നു. ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചു എന്ന വാദത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ റിയ ഇതുവരെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും, രക്തപരിശോധന നടത്തി അത് തെളിയിക്കാന്‍ തയ്യാറാണെന്നും അവരുടെ അഭിഭാഷകന്‍ പറഞ്ഞു.