ദില്ലിയില്‍ ആപ്പ് താഴേക്ക്; ബിജെപിക്ക് നേട്ടം
ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് ക്ഷീണമുണ്ടാകുമെന്ന് അഭിപ്രായ സര്‍വ്വേ. നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിപ്പ് ആപ്പ് തരംഗം ദില്ലിയില്‍ കുറവാണ് എന്നാണ് സര്‍വ്വേഫലം. ആപ്പിന്റെ ജനപ്രിയത കുറയുന്നത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഗുണം ചെയ്യും. ആകെയുള്ള എട്ട് സീറ്റുകളില്‍ നാലെണ്ണം വരെ ബി ജെ പി ജയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസം വരെ നടന്ന അഭിപ്രായ സര്‍വ്വേകളില്‍ നാലുമുതല്‍ ആറ് സീറ്റുകളില്‍ വരെ ആപ്പിന് വിജയസാധ്യത ഉണ്ടായിരുന്നു. എന്നാല്‍ മാര്‍ച്ച് ആദ്യവാരം പുറത്തുവന്ന സി എന്‍ എന്‍ ഐ ബി എന്‍ - ലോക്‌നിതി - സി എസ് ഡി എസ് സര്‍വ്വേയിലാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയസാധ്യതയില്‍ കുറവുവന്നത്. രണ്ട് മുതല്‍ നാല് വരെ സീറ്റുകളില്‍ ആപ്പ് ജയിച്ചേക്കുമെന്നാണ് സര്‍വ്വേ.

കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ദില്ലിയില്‍ നാമാവശേഷമായേക്കും എന്ന സൂചനയും അഭിപ്രായ സര്‍വ്വേ നല്‍കുന്നുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദില്ലിയില്‍ സീറ്റ് കിട്ടാനേ സാധ്യതയില്ല. അഥവാ കിട്ടിയാലും രണ്ട് സീറ്റുകളാണ് പരമാവധി കിട്ടുക. നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയം ആവര്‍ത്തിച്ചേക്കുമെന്ന് സാരം.
സീറ്റുകളുടെ എണ്ണത്തില്‍ മാത്രമല്ല, പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ കാര്യത്തിലും ആം ആദ്മി പാര്‍ട്ടിക്ക് കനത്ത ക്ഷീണം സംഭവിച്ചിട്ടുണ്ട്. 37 ശതമാനം ദില്ലി നിവാസികള്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ കാണുമ്പോള്‍ കെജ്രിവാളിന് കിട്ടുന്ന പിന്തുണ 26 ശതമാനമാണ്. 15 ശതമാനം പേര്‍ക്ക് രാഹുല്‍ ഗാന്ധി മതി എന്നും അഭിപ്രായമുണ്ട്. കെജ്രിവാളിന്റെ ജനപിന്തുണയില്‍ 9 ശതമാനത്തിന്റെ ഇടിവാണ് കഴിഞ്ഞ ഒരു മാസം കൊണ്ട് ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications