ബാരിക്കേഡ് തകര്‍ത്തു; പോലീസ് ലാത്തിവീശി
ദില്ലി: തലസ്ഥാന നഗരിയിലെ ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധ ധര്‍ണയില്‍ പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും തമ്മില്‍തല്ലുന്നു. ആം ആദ്മി പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് തകര്‍ത്തതാണ് പ്രകോപനമായത്. റെയില്‍ ഭവന് മുന്നിലെ സമരവേദിക്ക് മുന്നിലാണ് പോലീസും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും അക്ഷരാര്‍ഥത്തില്‍ ഏറ്റുമുട്ടിയത്.
ബാരിക്കേഡ് തകര്‍ത്ത ആം ആദ്മി പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ നേതാക്കള്‍ക്കും കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയായിരുന്നു. പോലീസ് ലാത്തിവീശലില്‍ നിരവധി ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. യാതോരു ദയാദക്ഷിണ്യവും കൂടാതെയാണ് പോലീസുകാര്‍ സമരക്കാരെ നേരിട്ടത്.

ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ 144 മുഴുവനായും ലംഘിക്കുകയാണ് എന്ന് ദില്ലി പോലീസ് കമ്മീഷണര്‍ ബി എസ് ബാസി പറഞ്ഞു. ദില്ലി പോലീസ് നിയമം അനുസരിച്ച് സമരക്കാരെ തടയാനും പ്രകോപനം ഒഴിവാക്കാനും പരാമാവധി ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.
ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് നീങ്ങിയ സമരക്കാരെ പോലീസ് നിലത്തിട്ട് ചവിട്ടുന്നത് കാണാമായിരുന്നു. പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പതിനഞ്ചോളം ആം ആദ്മികള്‍ക്ക് പരിക്കേറ്റതായി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. നേരത്തെ സമരക്കാരുമായുണ്ടായ ഏറ്റമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റിരുന്നു.
അതേസമയം ആം ആദ്മി പാര്‍ട്ടി അംഗം ക്യാപ്റ്റന്‍ ഗോപിനാഥ് കെജ്രിവാളും സംഘവും നടത്തുന്ന ധര്‍ണയെ അപലപിച്ചു. കെജ്രിവാളും സംഘവും മന്ത്രിസഭയിലേക്ക് മടങ്ങണം. ഇവര്‍ക്ക് കൂടുതല്‍ ഗൗരവതരമായ കാര്യങ്ങളില്‍ ഇടപെടാനുണ്ട്. പോലീസുകാരുടെ സസ്‌പെന്‍ഷന്‍ മാത്രമല്ല വലിയ കാര്യം. ദില്ലി പോലീസിനെ സംസ്ഥാനത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ തടസ്സപ്പെടുത്തുമെന്ന ആം ആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപനത്തിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികള്‍ രംഗത്തുവന്നു. രാജ്യത്തിന്റെ ദേശീയദിനമാണ് ഇത്. ഇതിന് രാഷ്ട്രീയമോ പാര്‍ട്ടിയോ ഇല്ല - ബി ജെ പി നേതാവ് ഷാനവാസ് ഹുസൈന്‍ ട്വിറ്ററില്‍ പറഞ്ഞു.












Click it and Unblock the Notifications