കാഴ്ച്ചക്കാരായി നോക്കി നില്‍ക്കില്ലെന്ന് സന്ദീപ് വാര്യര്‍; കൂടുതല്‍ പോലീസ് പാലക്കാട്ടേക്ക്
പാലക്കാട്: തുടര്‍ച്ചയായി രണ്ടു ദിവസം രണ്ടു കൊലപാതകങ്ങള്‍ നടന്ന പാലക്കാട്ടേക്ക് കൂടുതല്‍ പോലീസിനെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നാടിനെ ഭീതിയിലാഴ്ത്തിയാണ് തുടര്‍ കൊലപാതകങ്ങള്‍ പാലക്കാട് നടക്കുന്നത്. വെള്ളിയാഴ്ച നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ വേളയിലാണ് പോപ്പുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് സുബൈര്‍ കൊല്ലപ്പെട്ടത്. 24 മണിക്കൂര്‍ തികയും മുമ്പാണ് ഇന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ടിരിക്കുന്നത്. സാഹചര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന് കണ്ടാണ് കൂടുതല്‍ പോലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പാലക്കാട്ടേക്ക് അയച്ചിരിക്കുകയാണ് ആഭ്യന്തര വകുപ്പ്. അന്വേഷണം ഇദ്ദേഹം ഏകോപിപ്പിക്കും.
എറണാകുളം റൂറലില്‍ നിന്നും ഒരു കമ്പനി സേന ഉടന്‍ പാലക്കാടെത്തും. ഉന്നത പോലീസ് ഉദ്യോഗസ്ഥരും പാലക്കാട്ടേക്ക് പുറപ്പെട്ടുകഴിഞ്ഞു. സംസ്ഥാനത്ത് ഉടനീളം ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പാലക്കാട് മേലാമുറിയിലാണ് ഇന്ന് കൊലപാതകം നടന്നത്. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആണ് ശ്രീനിവാസന്‍. ആര്‍എസ്എസിന് സ്വാധീനമുള്ള സ്ഥലത്ത് വച്ചാണ് ആക്രമിക്കപ്പെട്ടത്. ശ്രീനിവാസനെ കടയില്‍ കയറിയാണ് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്. ജില്ലയില്‍ പോലീസ് സുരക്ഷ ശക്തമാക്കി എന്ന് പറയുന്ന വേളയിലാണ് കൊലപാതകം എന്നതും ഞെട്ടിപ്പിക്കുന്നു.

അതേസമയം, സംഭവത്തില്‍ ഭീഷണിയുടെ സ്വരത്തിലാണ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പ്രതികരിച്ചത്. പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടക്കുമ്പോള്‍ കാഴ്ച്ചക്കാരായി നോക്കി നില്‍ക്കില്ലെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. അവര്‍ക്ക് എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കടയില്‍ കയറി കൊലപാതകം നടത്തി തിരിച്ചുപോകാന്‍ അവര്‍ക്ക് സാധിച്ചത് സര്‍ക്കാരിന്റെ സഹായം കൊണ്ടാണ്. ഞങ്ങള്‍ വളര്‍ന്ന മണ്ണാണിത്. ഞങ്ങള്‍ക്ക് ഇവിടെ ജീവിച്ചേ മതിയാകു. പോപ്പുലര്‍ ഫ്രണ്ടിനെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രതിരോധവുമായി മുന്നോട്ട് പോകും. സമാധാനം സംസാരിക്കണമെങ്കില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരോടാകണം. പോപ്പുലര്‍ ഫ്രണ്ട് ഭീകര സംഘടനയാണ്. ഇവരെ പല സംസ്ഥാനത്തും നിരോധിച്ചിരിക്കുന്നു. അവരുമായി സമാധാന പാത ഞങ്ങള്‍ സ്വീകരിക്കില്ല. എന്താണ് പോപ്പുലര്‍ ഫ്രണ്ട് വിചാരിച്ചിരിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകരെ മൊത്തമായി ഇല്ലാതാക്കാമെന്നാണോ. ഇതിനേക്കാള്‍ വലിയ ശക്തികള്‍ നേരത്തെ വന്നിട്ടുണ്ട്. അവരൊക്കെ ഇപ്പോള്‍ എവിടെയാണ് എന്ന് പരിശോധിച്ചാല്‍ അറിയാമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.












Click it and Unblock the Notifications