സ്വന്തം നിലയില്‍ ആളാകാന്‍ ശ്രമിച്ചാല്‍ നേതൃത്വം സ്വന്തം നിലയില്‍ തീരുമാനമെടുക്കും; വിഭാഗീയതയില്‍ മുഖ്യമന്ത്രി
പാലക്കാട്: നേതാക്കള്‍ക്കിടെയിലെ വിഭാഗീയതയ്‌ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം നേതാക്കള്‍ക്കിടെയിലെ വിഭാഗീയത ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിക്ക് വഴങ്ങാത്ത നേതാക്കള്‍ സ്വന്തം നിലയില്‍ ആളാകാന്‍ ശ്രമിച്ചാല്‍ നേതൃത്വം സ്വന്തം നിലയില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സിപിഎം പാലക്കാട് ജില്ല സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനാ റിപ്പോര്‍ട്ടിലുള്ള മറുപടിയിലാണ് ഏരിയാ കമ്മിറ്റിയിലെ ചേരിതിരിഞ്ഞുള്ള മത്സരത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. തന്നിലേക്ക് പാര്‍ട്ടി ചുരുങ്ങണമെന്ന് ആരെങ്കിലും ശഠിച്ചാല്‍ അതിനെ നേതൃത്വം അംഗീകരിക്കില്ല. അവര്‍ക്കെതിരെ മാത്രമല്ല അവരോട് ചേര്‍ന്ന് കൂട്ടായ്മയുണ്ടാക്കുന്നവര്‍ക്കും പാര്‍ട്ടിയില്‍ ഇടമുണ്ടാകില്ല. പ്രസ്ഥാനമുണ്ടെങ്കിലേ ഓരോരുത്തര്‍ക്കും നിലനില്‍പ്പുണ്ടാകൂ എന്നതു മറന്നുപോകരുത്- മുഖ്യമന്ത്രി പറഞ്ഞു.
പുതുശ്ശേരി, കൊല്ലങ്കോട്, കുഴല്‍മന്ദം ഏരിയ കമ്മിറ്റികളിലുണ്ടായ വിഭാഗീയ പ്രവണതയില്‍ സമ്മേളനത്തില്‍ വിശദമായ ചര്‍ച്ചയുണ്ടായി. സാധാരണക്കാരുടെ ആശ്രയമായ സഹകരണ ബാങ്കുകളെക്കുറിച്ച് വ്യാപക അഴിമതി ആരോപണം വരുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ബാങ്ക് ഡയറക്ടര്‍ പദവി പലരും ധനസമ്പാദന മാര്‍ഗമാക്കി മാറ്റുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടത് സര്‍ക്കാരിന് തുടര്‍ഭരണം കിട്ടിയത് ജനങ്ങള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും വിശ്വസിക്കുന്നത് കൊണ്ടാണ്. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും സില്‍വര്‍ലൈന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളും മുഖ്യമന്ത്രി സമ്മേളനത്തില്‍ വിശദീകരിച്ചു.
അതേസമയം, കോങ്ങാട് എംഎല്‍എയ്ക്കുണ്ടായ തോല്‍വി നേതാക്കളുടെ വ്യക്തി താല്‍പര്യത്തിന് തെളിവാണെന്നും ഇത് ഒഴിവാക്കേണ്ടതായിരുന്നു എന്നും സമ്മേളനം അഭിപ്രായപ്പെട്ടു. വനിതയെന്ന പരിഗണന നല്‍കാന്‍ തയാറാകാത്തത് ചിലരുടെ മനോഭാവത്തിന്റെ പ്രശ്‌നമാണ്. ലോക്കല്‍, ഏരിയ സമ്മേളനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നത് സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശം അംഗീകരിക്കാത്തതിന് തെളിവാണ്.