സ്പിരിറ്റ് 'തവിട് പൊടിയാക്കി'; കേസ് അട്ടിമറിച്ച എക്സൈസ് സംഘത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്
പാലക്കാട്; എക്സൈസിനേയും പോലീസിനേയും വെട്ടിച്ച് സ്പിരിറ്റ് കടത്തിയ കേസ് അട്ടിമറിച്ചതിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. ഇത് സംബന്ധിച്ച് മുൻ കോൺഗ്രസ് അധ്യക്ഷൻ വിഎം സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. എക്സൈസ് ഉദ്യോഗസ്ഥർ ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റൂർ എക്സൈസ് സർക്കിൾ ഓഫീസിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധ ധർണ നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ ധർണ ഉദ്ഘാടനം ചെയ്തു.
ചാലക്കുടിയിൽ നിന്നും സ്പിരിറ്റ് കടത്തിവന്ന മിനി ലോറിയിൽ തവിടാണെന്നാണ് എക്സൈസസിന്റെ വിശദീകരണം. അതേസമയം എക്സൈസിന്റെ മലക്കം മറിച്ചലിന് പിന്നിൽ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. പാലിയേക്കര ടോൾ പ്ലാസയിലെ സിസിടിവി ദൃശ്യത്തിൽ കാണുന്ന വാഹനത്തിന് പകരം മറ്റൊരു വാഹനമാണ് എക്സൈസ് കസ്റ്റഡിയിൽ എടുത്തതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
സിസിടി ദൃശ്യങ്ങളിൽ വാഹനത്തിന്റെ ഡ്രൈവർ സീറ്റിന് മുകളിൽ കാരിയർ ഉണ്ടായിരുന്നുവെങ്കിൽ പിടികൂടിയതിൽ അതില്ലായിരുനന്നു. വാഹനത്തിന് രൂപമാറ്റം വരുത്തിയോ അതോ രണ്ടുവാഹനങ്ങൾ ഉണ്ടോയെന്നാണ് സംശയം. അതിനിടെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയതിന് സമാനമായ വാഹനം ഉടമയുടെ വീട്ടിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിൽ ഹെഡ് ലൈറ്റ് പൊട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. ടോൾ പ്ലാസയിലെ ബാരിയർ തകർത്ത് പാഞ്ഞപ്പോൾ സംഭവിച്ചതാകാം ഇതെന്നാണ് കണക്കാക്കപ്പെടുന്നത്.

അതേസമയം ഈ വാഹനത്തെ കുറിച്ചും തങ്ങൾക്ക് യാതൊരു അറിവില്ലെന്നുമാണ് എക്സൈസ് വിശദീകരണം. എന്നാൽ എക്സൈസിന്റെ വാദങ്ങൾ തള്ളുകയാണ് ഇന്റലിജൻസും.വാഹനത്തിൽ 35 ലീറ്ററിന്റ 30 കന്നാസുകളിലായി സ്പിരിറ്റ് ഉണ്ടായിരുന്നതായാണ് ഇന്റലിജൻസിന്റെ പ്രാഥമിക നിഗമനം.
എക്സൈസസിന്റെ വിശദീകരണങ്ങൾ അട്ടിമറി നടന്നിട്ടുണ്ടെന്നതിന്റെ തെളിവാണെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.
കേരളത്തിലേക്ക് സ്പിരിറ്റ് കടത്തുന്ന ഒു ഇടനാഴിയായി ചിറ്റൂർ സ്പിരിറ്റ് മാഫിയ മാറുകയാണെന്ന് ഡിസിസി പ്രസിഡന്റ് സുമേഷ് ആരോപിച്ചു. ചിറ്റൂരിലെ സിപിഎം പ്രാദേശിക നേതൃത്വം ഇവർക്ക് പിന്തുണ നൽകുകയാണെന്നും സുമേഷ് ആരോപിച്ചു. കേസ് എക്സൈസ് പോലീസിന് കൈമാറി ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ സംഭവം അന്വേഷിക്കണണം.ഉത്തരവാദപ്പെട്ടവർക്കെതിരെ കർശന നടപടി വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.