അനൂപ് അമ്മയെ ക്രൂരമായി മർദ്ദിച്ചു; വാരിയെല്ലുകൾ പൊട്ടി, തലയ്ക്കും ക്ഷതം, അറസ്റ്റ്
പാലക്കാട്: ദമ്പതികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ
മകന്റെ അറസ്റ്റ് രേഖപ്പെടുത്തി. സ്ത്രീയുടെ മരണം മർദ്ദനമേറ്റാണെന്ന പോസ്റ്റുമാർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മകൻ എ അനൂപിനെ (27) സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് കാടാങ്കോട് അയ്യപ്പൻകാവ് സ്വദേശി അപ്പുണ്ണി (60), ഭാര്യ യശോദ (55) എന്നിവരായിരുന്നു മരിച്ചത്. യശോദയുടെ വാരിയെല്ലുകൾ പൊട്ടിയതായും തലയ്ക്ക് ക്ഷതമേറ്റതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. അപ്പുണ്ണി ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്നാണ് പോസ്റ്റുമാർട്ടത്തിലെ കണ്ടെത്തൽ.

15 ന് ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. അപ്പുണ്ണിയെ വീട്ടിലെ കട്ടിലിൽ നിന്നു നിലത്തു വീണ നിലയിൽ കണ്ടത്തുകയായിരുന്നു. സമീപത്ത് മകൻ അനൂപുണ്ടായിരുന്നു. ഭാര്യ യശോദയും ബന്ധുവായ സമീപവാസിയും ചേർന്ന് അപ്പുണ്ണിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അനൂപ് സമ്മതിച്ചില്ല. മാത്രമല്ല ഇതിന്റെ പേരിൽ അനൂപ് യശോദയെ ക്രൂരമായി മർദ്ദിച്ചു. തർക്കം കേട്ട് നാട്ടുകാർ ഇടപെടുകയായിരുന്നു.
ഉടൻ തന്നെ അപ്പുണ്ണിയേയും യശോദയേയും നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും യശോദ മരിക്കുകയായിരുന്നു. അനൂപ് മാതാപിതാക്കളെ പതിവായി മർദ്ദിച്ചതായി നാട്ടുകാർ പോലീസിന് മൊഴി നൽകിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊടുവിലാണ് അനൂപിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. .
ലഹരി കടത്ത്, അടിപിടി, കഞ്ചാവു നട്ടു വളർത്തൽ കേസുകളിൽ ഉൾപ്പെടെ അനൂപ് പ്രതിയാണെന്നു പോലീസ് പറഞ്ഞു. അമിതമായ ലഹരി ഉപയോഗത്തെ തുടർന്നു കോയമ്പത്തൂരിൽ അനൂപ് ചികിത്സ തേടിയിരുന്നുവെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications