കുടുംബം കടുത്ത കടബാധ്യതയിൽ; ആൽവിനെ മരണം കവർന്നത് ഗൾഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ
പാലക്കാട്; കുസാറ്റിലെ ദുരന്തത്തിൽ മരിച്ച മുണ്ടൂര്‍ സ്വദേശിയായ ആല്‍വിന്‍ ജോസഫ് കൊച്ചിയിലെത്തിയത് ഇന്നലെ. കോഴ്സ് സർട്ടിഫിക്കറ്റ് വാങ്ങാനായിരുന്നു ആൽവിൻ കുസാറ്റ് കാമ്പസിൽ എത്തിയത്. കുസാറ്റില്‍ സൗഹൃദങ്ങളുണ്ടായതിനാല്‍ ഗാനമേള കഴിഞ്ഞ് പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലാണ് ആൽവിനെ മരണം കവർന്നത്.
ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സുഹൃത്തിനൊപ്പം ആല്‍വിന്‍ കൊച്ചിയിൽ എത്തിയത്. കൊച്ചിയിലുള്ള ഹോദരിയെ കണ്ടതിന് ശേഷമാണ് കുസാറ്റിലേക്ക് പോയത്. കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു ആൽവിന്റെ കുടുംബം. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി എട്ട് ലക്ഷത്തോളം രൂപ കുടുംബം വായ്പ എടുത്തിരുന്നു.
കേരള ബാങ്കില്‍ നിന്നുള്‍പ്പടെ ആല്‍വിന്റെ കുടുംബത്തിന് ഏതാനു ദിവസം മുന്‍പ് നോട്ടിസ് ലഭിച്ചിരുന്നു. ടാപ്പിങ് തൊഴിലാളിയായ ആൽവിന്റെ അച്ഛന് ഈ ബാധ്യത തീർക്കാൻ സാധിക്കുമായിരുന്നില്ല. ഇലക്ട്രീഷനായ ആൽവിനായിരുന്നു കുടുംബത്തിന്റെ ഏക പ്രതീക്ഷ.

കടങ്ങൾ തീർക്കുന്നതിനായി ഗൾഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ആൽവിൻ. ഇതിനായി കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സ് പഠിച്ചു. കുസാറ്റിൽ വെച്ചായിരുന്നു പരീക്ഷ. ഇതിന്റെ സർട്ടിഫിക്കറ്റ് വാങ്ങാനായിട്ടായിരുന്നു ആൽവിൻ കാമ്പസിൽ എത്തിയത്.
വൈകീട്ടോടെ കുടുംബം ആൽവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഫോണെടുത്തിരുന്നില്ല. പിന്നീടാണ് കുസാറ്റിൽ മരിച്ചവരിൽ ഒരാൾ ഈ നാട്ടുകാരനാണെന്ന വിവരം ലഭിക്കുന്നത്. അന്വേഷിച്ചപ്പോഴാണ് മരിച്ച നാല് പേരിൽ ഒരാളാണെന്ന് കുടുംബം അറിഞ്ഞത്












Click it and Unblock the Notifications