സിനിമാസ്റ്റൈലിൽ കഴുത്തിൽ കത്തിവച്ച് കവർച്ച; കവർച്ച നാടകം പൊളിഞ്ഞു; മൂവർ സംഘം പാലക്കാട് പിടിയിൽ
പാലക്കാട്: സിനിമാസ്റ്റൈലിൽ കവർച്ച നടത്തിയ മൂന്നുപേർ കോട്ടായി പൊലീസിൻ്റെ പിടിയിലായി. പച്ചക്കറി വണ്ടി തടഞ്ഞ് ഡ്രൈവറുടെ കഴുത്തിൽ കത്തിവെച്ചായിരുന്നു കവർച്ച നാടകം. 11 ലക്ഷം രൂപ തട്ടിയെടുക്കാൻ ആയിരുന്നു സംഘത്തിൻ്റെ ശ്രമം. കവർച്ച ആസൂത്രണം ചെയ്ത വാഹനത്തിൻ്റെ ഡ്രൈവർ ഉൾപ്പടെ മൂന്ന് പേരെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. സംഭവത്തിൽ പിടിയിലാകാനുണ്ടായിരുന്ന രണ്ടു പേരെ കൂടി ചൊവ്വാഴ്ച കോട്ടായി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
11 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച മൂവർ സംഘമാണ് പിടിയിലായത്. കവർച്ച ആസൂത്രണം ചെയ്ത വാഹനത്തിൻ്റെ ഡ്രൈവർ ഉൾപ്പെടെ കെണിയിൽ കുരുങ്ങുകയായിരുന്നു. വാഹനമോടിച്ച പാലക്കാട് നല്ലേപ്പിള്ളി പാറക്കളം വീട്ടിൽ സുജിത്ത് (26), കൊഴിഞ്ഞാമ്പാറ പാറക്കളം വീട്ടിൽ അരുൺ (24), എലപ്പുള്ളി രാമശ്ശേരി ഈന്തക്കാട് രോഹിത് (25) എന്നിവരാണ് കോട്ടായി പൊലീസിന്റെ പിടിയിലായത്. പൊലീസ് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് അഞ്ച് ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരിക്കുന്നതിങ്ങനെ. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ മാത്തൂർ ആനിക്കോടാണ് സിനിമാ സ്റ്റൈലിൽ കവർച്ച ഉണ്ടായത്. മേട്ടുപ്പാളയത്തെ ഒരു പച്ചക്കറിക്കടയിലെ കളക്ഷൻ ഏജൻ്റായ നല്ലേപ്പിള്ളി ഒലിവുപാറ താഴത്തേപ്പാടം വീട്ടിൽ ആർ. അരുണും ഡ്രൈവർ സുജിത്തും വിവിധ ഭാഗങ്ങളിൽ പച്ചക്കറി എത്തിച്ചതിന്റെ പണം വാങ്ങി മടങ്ങുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

ആനിക്കോട് സമീപമെത്തിയപ്പോൾ രണ്ട് ഇരുചക്രവാഹനത്തിലായി നാലുപേരെത്തി. ഇതിൽ ഒരു ബൈക്ക് കുറുകെയിട്ട് വാഹനം തടയുകയും മറ്റൊരു ബൈക്കിലുണ്ടായിരുന്നയാൾ സുജിത്തിന്റെ കഴുത്തിൽ കത്തിവെച്ച് പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കവർച്ചാസംഘം പണം ആവശ്യപ്പെട്ടതോടെ അരുൺ പണം നൽകി. തുടർന്ന് പച്ചക്കറിവ്യാപാരി തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി സതീഷിനെ വിവരമറിയിച്ചു. സതീഷ് കോട്ടായി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവത്തിൻ്റെ ചുരുളഴിയുന്നത്.
കളക്ഷൻ ഏജൻ്റ് ആർ. അരുണിനെയും സുജിത്തിനെയും ചോദ്യംചെയ്തപ്പോഴാണ് മൊഴിയിലെ വൈരുധ്യം ശ്രദ്ധയിൽപ്പെട്ടു. ആദ്യം ഒന്നിച്ചിരുത്തിയും പിന്നീട് വെവ്വേറയും ചോദ്യം ചെയ്തു. ചോദ്യംചെയ്യലിൽ സുജിത് കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇതിനു മുമ്പും സുജിത്ത് അരുണിൻ്റെ പക്കൽ നിന്ന് പണം തട്ടാൻ ശ്രമമുണ്ടായതായി പൊലീസ് പറഞ്ഞു. എന്നാൽ, അന്ന് എടിഎം കൗണ്ടറിൽ പോയി ബാങ്ക് സിഡിഎമ്മിൽ പണം നിക്ഷേപിച്ചു. ഇതോടെ സുജിത്തിൻ്റെ ശ്രമം പാളി. പരിചയത്തിൻ്റെ പേരിൽ വാഹനമോടിക്കാൻ സുജിത്തിനെ വിളിച്ചതായിരുന്നു അരുൺ. അന്ന് പാളിപ്പോയ കവർച്ചയാണ് തിങ്കളാഴ്ച സംഘം ആസൂത്രണം ചെയ്യാനായി ശ്രമിച്ചത്.
ബാഹുബലിയിലെ ശിവകാമി ദേവിയാണോ ഇത്; ശ്വേത മേനോന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
എന്നാൽ, കവർച്ച നാടകം മനസ്സിലാക്കിയതോടെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. കോട്ടായി ഇൻസ്പെക്ടറുടെയും എസ്.ഐയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കയ്യോടെ പിടികൂടിയത്. പിടിയിലാകാനുണ്ടായിരുന്ന മറ്റു രണ്ടുപേരെയും ചൊവ്വാഴ്ചയോടെ പിടികൂടി. മൂവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.












Click it and Unblock the Notifications