കുര്‍മ്പാച്ചി മലകയറിയ ബാബുവിനെതിരെ കേസ്; ആറ് മാസം വരെ തടവോ, 25000 രൂപവരെ പിഴയോ ശിക്ഷ
പാലക്കാട്: ചേറാട് കുര്‍മ്പാച്ചി മലയില്‍ കയറി രണ്ട് ദിവസത്തോളം കുടുങ്ങിക്കിടന്ന ബാബുവിനെതിരെ വനംവകുപ്പ് കേസെടുത്തു. വനമേഖലയില്‍ അതിക്രമിച്ച് കയറിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. കേരള ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 27 പ്രകാരമാണ് കേസെടുത്തത്. ആറ് മാസം വരെ തടവോ, 25, 000 രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. കേസെടുക്കുന്നതിന് മുന്നോടിയായി വാളയാര്‍ റേഞ്ച് ഓഫീസര്‍ ആഷിഖ് അലി ബാബുവിന്റെ വീട്ടിലെത്തി മൊഴിയെടുത്തു.
ബാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒപ്പമുണ്ടായിരുന്ന 3 സുഹൃത്തുക്കള്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. രണ്ട് ദിവസത്തോളം മലയിടുക്കില്‍ കുടുങ്ങിക്കിടന്ന ബാബുവിനെ സൈന്യം എത്തിയാണ് രക്ഷപ്പെടുത്തിയത്. നേരത്തെ ബാബുവിനെതിരെ നടപടി എടുക്കില്ലെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചിരുന്നു. പ്രത്യേക സാഹചര്യം കണക്കിലെടുത്തായിരുന്നു അന്ന് നടപടി എടുക്കാതിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരാള്‍ വീണ്ടും കുര്‍മ്പാച്ചി മലയിലേക്ക് കയറിയിരുന്നു.

ഇതിന് പിന്നാലെയാണ് ബാബുവിനെതിരെ കേസെടുക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്. നേരത്തെ ബാബുവിന്റെ കുടുംബത്തെ ഉപദ്രവിക്കുന്ന ഒരു നിലപാടും വനം വകുപ്പ് സ്വീകരിക്കില്ലെന്നും സംഭവം നടന്നതിന്റെ കാരണം വനം വകുപ്പ് പരിശോധിക്കുമെന്നാണ് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചത്. കൂടാതെ ആര്‍ ബാബുവിന് നല്‍കിയ പ്രത്യേക അനുകൂല്യം നിയമലംഘനത്തിനുള്ള ലൈസന്‍സ് ആയി കണക്കാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചിരുന്നു.
കുമ്പാച്ചിമലയില്‍ അനധികൃതമായി കയറുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. വനമേഖല സന്ദര്‍ശിക്കുന്നവരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. അത്തരം നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല. അടിക്കടി അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ നിയമം കര്‍ശ്ശനമായി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പ്രദേശവാസിയായ രാധാകൃഷ്ണന്‍ എന്നയാളാണ് മല കയറിയത്. വനംവകുപ്പ് നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് ഇയാളെ വനംവകുപ്പ് കണ്ടെത്തിയത്. രാധാകൃഷ്ണനെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി താഴെ എത്തിച്ചു. ഇയാളെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി എട്ടുമണിയോടെ മലമുകളില്‍ നിന്നും മൊബൈല്‍ ഫ്‌ളാഷ് ലൈറ്റുകള്‍ തുടര്‍ച്ചയായി മിന്നുന്നത് കണ്ട നാട്ടുകാരാണ് സംഭവം വനം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്.
അതേസമയം, ഇനിയും മലകയറുമെന്നും ട്രക്കിങില്‍ തുടര്‍ന്നും താല്‍പര്യമുണ്ടെന്നും ആര്‍ ബാബു പറഞ്ഞു. കുറുമ്പാച്ചി മല ഇതിന് മുന്‍പ് രണ്ട് തവണ പകുതി വരെ കയറിയിട്ടുണ്ട്. ഇത്തവണ കയറിയത് മൂന്നാം തവണയാണ്. ആ കയറ്റം വിജയകരമായിരുന്നു. പക്ഷെ വീണുപോയി. ഫെബ്രുവരി ഏഴിന് മൂന്ന് കൂട്ടുക്കാരുമൊത്താണ ്മല കയറാന്‍ പോയത്. മലകയറി പകുതി എത്തിയപ്പോള്‍ കൂട്ടുകാര്‍ മലകയറ്റത്തില്‍ നിന്നും പിന്‍മാറുകയും ബാബു ഒറ്റക്ക് കയറ്റം തുടരുകയുമായിരുന്നു. തുടര്‍ന്ന് മലമുകളില്‍ എത്തിയപ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു. വീഴ്ചയില്‍ കാലിന് പരുക്ക് പറ്റിയിരുന്നു. കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നതിനാല്‍ താന്‍ മലയിടുക്കില്‍ കുടുങ്ങിയ വിവരവും കാലിലെ പരുക്കും ഫയര്‍ഫോഴ്സിനെയും കൂട്ടുകാരെയും അറിയിക്കാനായി. ചെറുപ്പം മുതല്‍ ചെറിയ മലകള്‍ കയറുന്ന ശീലവും ബാബുവിനുണ്ട്.
മലകയറുമ്പോള്‍ കുടിവെള്ളം കൈയില്‍ കരുതാന്‍ കഴിഞ്ഞിരുന്നില്ല. മലയിടുക്കില്‍ കുടുങ്ങിയപ്പോള്‍ പകല്‍ സമയത്തെ ചൂടും രാത്രിയിലെ തണുപ്പും മാറി മാറി അനുഭവപ്പെട്ടത് ശരീരത്തിന് ക്ഷീണം ഉണ്ടായി. ഭയം തോന്നിയിരുന്നില്ല. മലയടിവാരത്ത് രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ആളനക്കം കണ്ടിരുന്നു. അതിനാല്‍ രക്ഷപ്പെടും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ചൂട് കൂടുതലായി അനുഭവപ്പെട്ടപ്പോള്‍ ആദ്യം വഴുതി വീണ സ്ഥലത്ത് നിന്നും തൊട്ട് താഴേക്ക് മാറി നില്‍ക്കുകയായിരുന്നു. മലയിടുക്കില്‍ നിന്നും തന്നെ രക്ഷപ്പെടുത്തിയ മദ്രാസ് റെജിമെന്റിലെ കരസേനാംഗം ബാലകൃഷ്ണനെ നേരില്‍ കാണാന്‍ ആഗ്രഹം ഉണ്ടെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ എല്ലാവരോടും നന്ദിയുണ്ടെന്നും ബാബു പറഞ്ഞു.












Click it and Unblock the Notifications