'എംജെ സോജന് പ്രതികളെ രക്ഷിച്ചതിനുള്ള സമ്മാനം'; സർക്കാരിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ
പാലക്കാട്: വാളയാർ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എംജെ സോജന് ഐപിഎസ് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ പെൺകുട്ടികളുടെ അമ്മ. കോടതി വിധി വരുന്നതിന് മുൻപേ തന്നെ നടക്കുന്ന ഇത്തരത്തിലൊരു നീക്കം കോടതിയെയും ഇരയാക്കപ്പെട്ടവരെയും വെല്ലുവിളിക്കുന്നതാണെന്നും നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.
കേസ് അട്ടിമറിച്ച് മുഴുവൻ പ്രതികളെയും രക്ഷിച്ചെടുത്തയാളാണ് സോജൻ. ഇത്തരത്തിൽ കേസ് അട്ടിമറിച്ചതിനുള്ള സമ്മാനമാണ് ഇപ്പോൾ സോജന് സർക്കാർ നൽകുന്നത്. സോജൻ പ്രതിസ്ഥാനത്ത് നിൽക്കെ തിടുക്കപ്പെട്ട് എന്തിന് ഐപിഎസ് നൽകുന്നുവെന്നും തങ്ങൾ വേട്ടക്കാർക്ക് ഒപ്പം തന്നെയാണെന്നാണ് സർക്കാർ വീണ്ടും വീണ്ടും വ്യക്തമാക്കുന്നതെന്നും അവർ പറഞ്ഞു.

എംജെ സോജന് ഐപിഎസ് ഗ്രേഡ് ലഭിക്കുന്നതിനായുള്ള സമഗ്രതാ (ഇന്റഗ്രിറ്റി) സർട്ടിഫിക്കറ്റ് തടഞ്ഞുവെയ്ക്കാനാവില്ലെന്ന് ആഭ്യന്തരവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.സർട്ടിഫിക്കറ്റ് നൽകരുതെന്നാവശ്യപ്പെട്ട് വാളയാർ പെൺകുട്ടികളുടെ അമ്മ നൽകിയ പരാതി തള്ളിക്കൊണ്ടാണ് ആഭ്യന്തരവകുപ്പിന്റെ നടപടി.
നിലവിൽ എസ്പിയാണ് സോജൻ.ഇയാളുടെ സീനിയോരിറ്റി പ്രകാരം ഐപിഎസ് നൽകാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ സോജനെതിരേ കുന്നംകുളം പോലീസ് സ്റ്റേഷനിലെ ലോക്കപ്പ് മർദനാരോപണവും വാളയാർ കേസിലെ പെൺകുട്ടികളുടെ അമ്മയുടെ പരാതിയും ഉയർന്നതിനാൽ സമഗ്രത സർട്ടിഫിക്കറ്റ് നൽകുന്ന നടപടി തടഞ്ഞവെച്ചിരുന്നു. എന്നാൽ ഇപ്പോൾ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിനാലാണ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി മുന്നോട്ട് പോകാൻ സർക്കാർ ഒരുങ്ങുന്നത്. വ്യക്തിഗത പരാതികൾ സ്വാധീനിക്കില്ലെന്നും ജോലിയിലെ കാര്യക്ഷമതയാണ് സർട്ടിഫിക്കറ്റ് നൽകാനായി പരിഗണിച്ചതെന്നുമാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്.
ഒരു ചാനൽ അഭിമുഖത്തിനിടെ പെൺകുട്ടികളെ കുറിച്ച് സോജൻ മോശമായി സംസാരിച്ചു എന്നായിരുന്നു അമ്മയുടെ പരാതി. പരാതിയിൽ ആഭ്യന്തരവകുപ്പ് ഉന്നതോദ്യോഗസ്ഥർ നേരിട്ട് മൊഴിയെടുത്തിരുന്നു. അതേസമയം അമ്മയുടെ ആരോപണം സോജൻ നിഷേധിച്ചു. അഭിമുഖത്തിലെ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്നം ഇയാൾ ആവശ്യപ്പെട്ടിരുന്നു.
2017 ജനുവരി ഏഴിനാണ് വാളയാർ അട്ടപ്പള്ളത്തെ വീട്ടിൽ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മാസം കഴിഞ്ഞ് മാർച്ച് നാലിന് ഇതേ വീട്ടിൽ അനുജത്തിയായ ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെ്തുകയായിരുന്നു. പീഡനത്തിന് ശേഷമുള്ള മരണമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വ്യക്തമായിരുന്നു എന്നാല്‍ തെളിവ് ശേഖരിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടതോടെ വിചാരണ കോടതി പ്രതികളെ വെറുതെവിടുകയായിരുന്നു. കേസ് പിന്നീട് സിബിഐക്ക് വിട്ടെങ്കിലും പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു സിബിഐയുടേയും കണ്ടെത്തൽ. എന്നാൽ പാലക്കാട് പോക്സോ കോടതി ഇത് തള്ളി വീണ്ടും സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.












Click it and Unblock the Notifications