25 വര്‍ഷം മുമ്പ് യുവതിയുടെ ആത്മഹത്യ; ഒടുവില്‍ സുപ്രീംകോടതി വിധിയില്‍ ഭര്‍ത്താവ് കീഴടങ്ങി
ഒറ്റപ്പാലം: ഇരുപ്പത്തിയഞ്ച് വര്‍ഷം മുമ്പ് യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഭര്‍ത്താവ് കീഴടങ്ങി. സുപ്രീംകോടതി അപ്പീല്‍ തള്ളിയതിന് പിന്നാലെയാണ് ഇയാള്‍ കോടതിയില്‍ കീഴടങ്ങിയത്. വിമുക്തഭടന്‍ മങ്കര മഞ്ഞക്കരയില്‍ സുരേന്ദ്രനാണ്(55) ഒറ്റപ്പാലം അസിസ്റ്റന്റ് സെഷന്‍സ് കോടതിയില്‍ ഹാജരായത്. ഒരു വര്‍ഷം കഠിനതടവാണ് ഇയാള്‍ക്ക് കോടതി വിധിച്ചത്. ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയതായി പൊലീസ് ഇന്‍സ്‌പെക്ടര്‍ വി ബാബുരാജന്‍ അറിയിച്ചു.
1996 ഒക്ടോബര്‍ 21നാണ് സംഭവം നടക്കുന്നത്.സുരേന്ദ്രന്റെ ഭാര്യ പത്തിരിപ്പാല പുത്തന്‍പുരയില്‍ അജിതയെ (ബിന്ദു20) സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഇതിന് പിന്നാലെ സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള ആത്മഹത്യ, ക്രൂരത എന്നീ വകുപ്പുകള്‍ ചുമത്തി ഭര്‍ത്താവിനേയും ഭര്‍തൃമാതാപിതാക്കളേയും ഭര്‍ത്താവിന്റെ രണ്ട് സഹോദരങ്ങളേയും പ്രതിചേര്‍ത്തു.

സുരേന്ദ്രന്റെ അച്ഛന്‍ വിചാരണഘട്ടത്തില്‍ മരിച്ചു. ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും സെഷന്‍സ് കോടതി ശിക്ഷിച്ചു. രണ്ട് സഹോദരങ്ങളെ വെറുതേ വിട്ടു. സുരേന്ദ്രനും അമ്മയും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. പിന്നാലെ കേസില്‍ സ്ത്രീധന പീഡനം സംബന്ധിച്ച വകുപ്പ് ഹൈക്കോടതി ഒഴിവാക്കി. അമ്മയുടെ ശിക്ഷ ഒരു മാസമാക്കി.
അതേസമയം, ക്രൂരതയ്ക്ക് ഇരയാക്കിയെന്ന വകുപ്പ് നിലനിര്‍ത്തുകയും സുരേന്ദ്രന്റെ തടവു ശിക്ഷ കോടതി ശരിവെയ്ക്കുകയും ചെയ്തു. പിന്നൊലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുരേന്ദ്രന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ക്രൂരത സംബന്ധിച്ച വകുപ്പു തെളിയിക്കാന്‍ ഭാര്യയുടെ മരണമൊഴി പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയും സുരേന്ദ്രന്റെ ശിക്ഷ ശരിവെയ്ക്കുകയും ചെയ്തു. ജാമ്യത്തിലായിരുന്ന സുരേന്ദ്രന്‍ 7 ദിവസത്തിനകം ഹാജരാകണമെന്ന് കോടതി വിധിച്ചു. ഇതിന് പിന്നാലെ സുരേന്ദ്രന്‍ കീഴടങ്ങുകയായിരുന്നു.












Click it and Unblock the Notifications