സംസ്ഥാന കൗണ്‍സില്‍ അംഗം ഉള്‍പ്പടെ 8 പേര്‍ ബിജെപിക്ക് പുറത്ത്; നേതാക്കള്‍ സിപിഎമ്മിലേക്കെന്ന് സൂചന
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച വിജയം ഒരിടത്തും നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. അനുകൂലമായ സാഹചര്യം ഉണ്ടായിട്ടും ഗ്രൂപ്പ് കളികള്‍ പലയിടത്തും വിജയം തടഞ്ഞുവെന്നാണ് സംസ്ഥാന തലത്തില്‍ തന്നേയുള്ള വിലയിരുത്തല്‍. ഇതോടെ പലയിടത്തും സംഘടനാ തലത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ നടപടി തുടങ്ങിയിട്ടുണ്ട്. സംസ്ഥാന വക്താവ് ബി ഗോപാല കൃഷ്ണന്‍റെ തോല്‍വിയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ക്കെതിരെ കഴിഞ്ഞ ദിവസം ബിജെപി നടപടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ പാലക്കാട് ജില്ലയിലും നേതാക്കള്‍ക്കെതിരെ ബിജെപി നടപടിയെടുത്തിരിക്കുകയാണ്.

പാലക്കാട് നഗരസഭയില്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയില്‍ വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞെങ്കിലും ജില്ലയില്‍ പാര്‍ട്ടിയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഗ്രൂപ്പ് വഴക്കാണ് പലയിടത്തും വിനയായതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതോടെയാണ് ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വത്തിന്‍റെ തീരുമാനത്തിന് ഭിന്നമായ തീരുമാനം എടുത്ത നേതാക്കള്‍ക്കുമെതിരെ നേതൃത്വം നടപടി സ്വീകരിച്ചു തുടങ്ങിയത്.

എട്ടു പേരെ പുറത്താക്കി
ആദ്യ ഘട്ട നടപടിയെന്ന നിലയില്‍ ജില്ലയിലെ ഒരു സംസ്ഥാന കൗണ്‍സില്‍ അംഗം ഉള്‍പ്പെട എട്ട് പേരെയാണ് ബിജെപി പുറത്താക്കിയത്. ആറ് വര്‍ഷത്തേക്കാണ് ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്നാണ് ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ കൃഷ്ണദാസ് പറഞ്ഞത്. പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ മറികടന്ന് പ്രവര്‍ത്തിച്ചതിന് മൂന്ന് പഞ്ചായത്തിലെ കമ്മറ്റികളേയും പിരിച്ചു വിട്ടെന്നും അദ്ദേഹം അറിയിച്ചു.

എകെ ലോകനാഥന്‍
എകെ ലോകനാഥനാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട സംസ്ഥാന കൗണ്‍സില്‍ അംഗം. മുന്നണിയുടെ സ്ഥാനാര്‍ത്ഥികളെ പ്രവര്‍ത്തിച്ചതിന്‍റെ പേരിലാണ് ഇദ്ദേഹത്തിനെതിരായ പരിപാടി. . ജില്ലാ കമ്മറ്റി അംഗം ബികെ ശ്രീലത, ലക്കിടി പേരൂര്‍ പഞ്ചായത്ത് കമ്മറ്റഖി അംഗം എന്‍ തിലന്‍, കര്‍ഷകമോര്‍ച്ച ലക്കിടി പേരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍, ലക്കിടി പേരൂരിലെ അശോക് കുമാര്‍, മരുതറോഡിലെ ശ്രീജ രാജേന്ദ്രന്‍, തേങ്കുറിശ്ശിലെ എം ശ്യാംകുമാര്‍, സ്മിത നാരായണന്‍ ഒറ്റപ്പാലം എന്നിവരാണ് അച്ചടക്ക നടപടി നേരിട്ട മറ്റ് നേതാക്കള്‍.

കോണ്‍ഗ്രസിന്‍റെയും പിന്തുണ
പൂക്കോട്ടുകാവ്, തേങ്കുറിശ്ശി, കണ്ണാടി എന്നീ പഞ്ചായത്തുകളിലെ ബിജെപി കമ്മറ്റികളാണ് പിരിച്ചു വിട്ടത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമായ തീരുമാനമായിരുന്നു മൂന്ന് പഞ്ചായത്ത് കമ്മറ്റികളും സ്വീകരിച്ചത്. പൂക്കോട്ടുകാവ് പഞ്ചായത്തില്‍ ഏതാനും സീറ്റുകളില്‍ പൊതു സ്വതന്ത്രരെ പിന്തുണയ്ക്കാനായിരുന്നു ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം. എല്‍ഡിഎഫിനെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തെ ഇവരെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസും തീരുമാനിച്ചിരുന്നു.

സിപിഎം പ്രചാരണം
ഇതോടെ പഞ്ചായത്തില്‍ ബിജെപി - കോണ്‍ഗ്രസ് സഖ്യമാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തു വരികയും ചെയ്തിരുന്നു. ഈ സംഭവം ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് എന്ന രീതിയില്‍ സിപിഎം സംസ്ഥാന വ്യാപകമായി പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് പഞ്ചായത്ത് കമ്മറ്റിക്കെതിരെ നടപടി സ്വീകരിച്ചത്. കണ്ണാടി പഞ്ചായത്തിലും പാര്‍ട്ടി നിര്‍ദേശം കേള്‍ക്കാതെ സ്വതന്ത്രരെ പിന്തുണയ്ക്കാന്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചിരുന്നു.

ഒരിടത്തും വിജയിച്ചില്ല
കഴിഞ്ഞ തവണ കണ്ണാടി പഞ്ചായത്തില്‍ രണ്ട് സീറ്റുകളില്‍ വിജയിക്കാന‍് ബിജെപിക്ക് സാധിച്ചിരുന്നു. ഇക്കുറി സ്വതന്ത്രരെ പിന്തുണച്ചിട്ടും ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. ഇവിടെ പാര്‍ട്ടിയെ കേള്‍ക്കാതെ സ്വതന്ത്രരെ പിന്തുണച്ചെന്നാണ് നടപടിയെടുക്കാനുള്ള കാരണം. തേങ്കുറിശിയിലും സമാനമായ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പഞ്ചായത്ത് കമ്മറ്റിക്കെതിരെ നടപടി സ്വീകരിച്ചത്. പുറത്താക്കപ്പെട്ടവര്‍ ഇടതുപാളയത്തിലേക്ക് നീങ്ങിയേക്കുമെന്ന് സൂചനയുണ്ട്.

ഗോപാലകൃഷ്ണന്‍റെ തോല്‍വി
ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍റെ തോല്‍വിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയിലും നേതാക്കള്‍ക്കെതിരെ ബിജെപി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ജില്ലയിലെ ഒമ്പത് നേതാക്കളെയാണ് പാര്‍ട്ടി ജില്ലാ നേതൃത്വം ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്. നടപടി നേരിട്ടവരില്‍ മുന്‍ കൗണ്‍സിലര്‍ ലളിതാംബികയും ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ കേശവദാസും ഉള്‍പ്പെട്ടിട്ടുണ്ട്.

മേയര്‍ സ്ഥാനാര്‍ത്ഥി
മേയര്‍ സ്ഥാനാര്‍ത്ഥിയായി ബി ഗോപാലകൃഷ്ണന്‍ പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ കുട്ടന്‍കുളങ്ങരയിലായിരുന്നു മത്സരിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ പരാജയപ്പെട്ടു. ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടതിന് പിന്നാലെ കെ കേശവദാസിന് ബന്ധമുണ്ടെന്ന് പ്രചരിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന പിറന്നാളോഘോഷം വിവാദമായിരുന്നു.

സിപിഎമ്മിലേക്ക്
ഗോപാല കൃഷ്ണന്‍ പരാജയപ്പെട്ടതിന്‍റെ ആഘോഷമാണ് കേശവദാസിന്‍റെ വീട്ടില്‍ നടന്നതെന്ന രീതിയിലായിരുന്നു പ്രചാരണം. ഇതിനെതിരെ കേശവദാസ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ബിജെപിയിലെ ഒരു വിഭാഗം തന്നെയായിരുന്നു പ്രചാരണങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ പാര്‍ട്ടി ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. കേശവദാസ് സിപിഎമ്മിലേക്ക് എത്തിയേക്കുമെന്ന രീതിയില്‍ പ്രചാരണമുണ്ട്.

കുട്ടന്‍കുളങ്ങര
കുട്ടന്‍കുളങ്ങര മുന്‍ കൗണിസലറായ ലളിതാംബിക കെ കേശവദാസിന്റെ ഭാര്യാമാതാവാണ്. കഴിഞ്ഞ തവണ ലളിതാംബിക വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച സീറ്റാണ് ഇത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എഴുന്നൂറോളം വോട്ടിന്‍റെ ലീഡ് ലഭിച്ച വാര്‍ഡായിരുന്നു ഇത്. എന്നാല്‍ സിറ്റിങ് കൗണ്‍സിലര്‍ക്ക് സീറ്റ് നല്‍കാതെ ഗോപാലകൃഷ്ണനെ പരിഗണിച്ചതില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിരുന്നു.