പാലക്കാട് ഉപതിരഞ്ഞെടുപ്പ്: പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് ഡിസിസി അധ്യക്ഷൻ
പാലക്കാട് : നിയമസഭ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾക്കിടെ മത്സരിക്കാനുള്ള താത്പര്യം അറിയിച്ച് ഡി സി സി അധ്യക്ഷൻ എ തങ്കപ്പൻ. പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ സ്ഥാനാർത്ഥിയാകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയ്ക്കകത്തും പുറത്തുമായി പല നേതാക്കളുടേയും പേരുകൾ ചർച്ചയാകുന്നതിനിടയിലാണ് തനിക്കും സാധ്യത ഉണ്ടെന്ന തരത്തിലുള്ള ജില്ലാ കോൺഗ്രസ് അധ്യക്ഷന്റെ പ്രതികരണം.
നിലവിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ല. നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണ്. മോശം പ്രകടനം കാഴ്ച വെച്ച അധ്യക്ഷൻമാരെ നീക്കിയാൽ അതിൽ തന്റെ പേര് ഉണ്ടാകില്ല, അത്തരം പ്രചാരണങ്ങളൊക്കെ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ആലൂത്തൂരിലെ രമ്യ ഹരിദാസിന്റെ പരാജയത്തെ കുറിച്ച് അന്വേഷിക്കണമെന്ന് രമ്യയോ ജില്ലാ നേതൃത്വമോ ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും കമ്മിഷന്‍ വൈകാതെ പാലക്കാട്ടേക്ക് വരും. തന്റെ രാജി ആവശ്യപ്പെട്ട് ഡി സി സി ഓഫീസിലടക്കം പോസ്റ്ററുകൾ പ്രത്യേക്ഷപ്പെട്ടതിന് പിന്നിൽ ആരാണെന്ന് അറിയാമെന്നും തങ്കപ്പൻ പറഞ്ഞു.
നിലവിൽ പാലക്കാട് മണ്ഡലത്തിൽ നിന്നും യുവ നേതാവ് രാഹുൽ മാങ്കൂട്ടത്തലിന്റെ പേരാണ് ഉയർന്ന് കേൾക്കുന്നത്. പാലക്കാട് മുൻ എം എൽ എ ഷാഫി പറമ്പിലിനും രാഹുലിനെ മത്സരിപ്പിക്കാൻ താത്പര്യമുണ്ട്. ഷാഫിയുമായി വളരെ അടുപ്പമുള്ള നേതാവാണ് രാഹുൽ. നേരത്തേ പാലക്കാട് തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലെല്ലാം ഷാഫിക്കൊപ്പം തന്നെ രാഹുൽ സജീവമായിരുന്നു. രാഹുലിനെ പോലൊരു യുവ നേതാവ് മത്സരിച്ചാൽ കോൺഗ്രസിന് മണ്ഡലം നിലനിർത്താമെന്നാണ് ഒരു വിഭാഗം നേതാക്കളും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ജില്ലയ്ക്ക് അകത്ത് തന്നെയുള്ള നേതാവ് മത്സരിക്കട്ടെയെന്ന ആവശ്യവും കോൺഗ്രസിൽ ഉയരുന്നുണ്ട്.
ആര് മത്സരിച്ചാലും ഇത്തവണയും മണ്ഡലം നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകളാണ് കോൺഗ്രസിന്റെ പ്രതീക്ഷ ഉയർത്തുന്നത്. ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് യു ഡി എഫിന് 52,779 വോട്ടുകൾ നേടാൻ സാധിച്ചിരുന്നു. അതായത് രണ്ടാമതെത്തിയ ബി ജെ പിയേക്കാൾ 9707 വോട്ടിന്‍റെ ഭൂരിപക്ഷം. നഗരസഭ പരിധിയിലും മികച്ച മുന്നേറ്റം നടത്താൻ കോൺഗ്രസിന് കഴിഞ്ഞു. ഇതേ ട്രെൻഡ് തുടർന്നാൽ ഉപതെരഞ്ഞെടുപ്പിലെ വിജയിക്കാമെന്നാണ് കോൺഗ്രസ് പറയുന്നത്. അതേസമയം ഇത്തവണ ഏത് വിധേനയും മണ്ഡലം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി. ശോഭ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളുടെ പേരാണ് പരിഗണിക്കുന്നത്.












Click it and Unblock the Notifications