'രാഹുൽ 12,000 നും 15,000 നും ഇടയിലുള്ള ഭൂരിപക്ഷത്തിൽ വിജയിക്കും, പോളിംഗ് കണക്കുകൾ തെറ്റ്'; വികെ ശ്രീകണ്ഠൻ എംപി
പാലക്കാട് യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വൻഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വികെ ശ്രീകണ്ഠൻ എം പി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനേക്കാൾ ഒരു ശതമാനം പോളിംഗ് മാത്രമാണ് കുറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും മാധ്യമങ്ങൾ പുറത്തു വിട്ടതിലുമുള്ള പോളിംഗ് കണക്കുകളിൽ വ്യത്യാസങ്ങളുണ്ട്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ നിയമസഭാ ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കും. ഇതുതന്നെയാണ് അവസാനഘട്ട കണക്കുകളിലും പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് 70.51 ആണ് പോളിംഗ് ശതമാനം. പാലക്കാട് നഗരസഭയിൽ 67% ആണ് പോളിംഗ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പോളിങ്ങിനെക്കാൾ 8% ആണ് കുറവ് വന്നിരിക്കുന്നത്. എന്നാൽ പിരായിരിയിൽ 71% പോളിംഗ് ഉണ്ട്. കഴിഞ്ഞ ലോക്സഭയെ വെച്ചുനോക്കുമ്പോൾ ഒരു ശതമാനത്തിന്റെ മാത്രം കുറവാണ് ഉള്ളത്. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒട്ടും വോട്ട് കുറഞ്ഞിട്ടില്ല. ബി ജെ പിയുടേത് എന്ന് പറയപ്പെടുന്ന മേഖലകളിൽ 8% പോളിംഗ് ആണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. മാത്തൂരും കണ്ണാടിയിലും വോട്ട് കൂടിയതിന് അനുസരിച്ചുള്ള പോളിംഗ് ശതമാനത്തിലെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

അവസാനഘട്ടത്തിൽ രാഷ്ട്രീയം കൃത്യമായി ചർച്ച ചെയ്യുവാൻ കഴിഞ്ഞത് യുഡിഎഫിന് നേട്ടമാണ്. ആദ്യഘട്ടങ്ങളിൽ പുകമറകൾ സൃഷ്ടിച്ച്, വിവാദങ്ങൾ ഉണ്ടാക്കി ജനങ്ങളുടെ ശ്രദ്ധ മാറ്റുവാൻ ശ്രമം ഉണ്ടായെങ്കിലും അതെല്ലാം വിഫലമായി. ആ ശ്രമങ്ങൾക്ക് നേതൃത്വം ഒരു മുന്നണി ആയിരുന്നില്ല. ബി ജെ പിയും സി പി എമ്മും ഒരേപോലെ അത്തരം ശ്രമങ്ങൾക്ക് നേതൃത്വം നൽകി. ഓരോ വിവാദങ്ങളിലും ഒപ്പം നിന്ന് യുഡിഎഫിനെയും കോൺഗ്രസിനെയും ഇല്ലാതാക്കുവാനാണ് ശ്രമം നടത്തിയത്. അതിനു പിന്നിൽ ഉണ്ടായിരുന്ന അജണ്ട കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ മണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടരുത് എന്നതായിരുന്നു.
ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രതിസന്ധികളും കൃത്യമായി ഉയർത്തിക്കാട്ടുവാൻ യു ഡി എഫിന് കഴിഞ്ഞു. ദേശീയ സംസ്ഥാന രാഷ്ട്രീയം ചർച്ചയ്ക്ക് വെക്കുവാൻ യുഡിഎഫിന് കഴിഞ്ഞു. പരിപൂർണ്ണമായും ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവർത്തിച്ചു. ഈ തവണ പാലക്കാട് മുനിസിപ്പാലിറ്റിയിൽ യു ഡി എഫിന് മേൽകൈ ഉണ്ടാവും. 12,000 നും 15,000 നും ഇടയിലുള്ള ഭൂരിപക്ഷത്തിൽ രാഹുൽ വിജയിക്കും', വികെ ശ്രീകണ്ഠൻ പറഞ്ഞു.












Click it and Unblock the Notifications