തെരുവ് നായ പേടിയിൽ പാലക്കാട്: 23 ദിവസത്തിനിടെ നായ കടിച്ച് ചികിത്സ തേടിയത് 1519 പേർ
പാലക്കാട്: തെരുവ് നായകളെ കൊണ്ട് പൊറുതിമുട്ടി ജനം. ജില്ലയിൽ കഴിഞ്ഞ 23 ദിവസത്തിനിടെ 1519 പേരാണ് നായകടിച്ച് ചികിത്സ തേടിയത്. തെരുവ് നായ ശല്യം രൂക്ഷമായ പശ്ചാത്തലത്തിൽ പേവിഷബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് കഴിഞ്ഞ ഏപ്രിൽ മുതൽ ജില്ലയിൽതെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയിരുന്നു. 1,688 നായകൾക്കാണ് കുത്തിവെപ്പ് എടുപ്പിച്ചത്. കടിയേൽക്കുന്നവർക്ക് പേ വിഷബാധ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്തരത്തിൽ കുത്തിവെപ്പെടുക്കുന്നത്.

ഷൊർണൂരിലും ഒറ്റപ്പാലത്തും ചെറുപ്പളശേരിയിലും നഗരസഭ പരിധിയിലും പഞ്ചായത്തുകളിലും വലിയ നായ ശല്യം നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം ലക്കിടയിൽ മൂന്ന് പേർക്ക് നായയുടെ കടിയേറ്റിയിരുന്നു. ഫെബ്രുവരിയിൽ ചാലിശ്ശേരി പെരുമണ്ണൂരിൽ ഒമ്പതുപേർക്കായിരുന്നു നായയുടെ കടിയേറ്റത്. ആനക്കര മേഖലയിൽ മാത്രം കഴിഞ്ഞ ആറ് മാസത്തിനിടെ 32 പേർക്ക് നായയുടെ കടിയേറ്റു. പട്ടാമ്പി താലൂക്കിലും സ്ഥിതി രൂക്ഷമാണ്. ഇവിടെ ആറ് മാസത്തിനിടെ 60 ലധികം പേരെയാണ് നായ കടിച്ചത്. മണ്ണാർക്കാട് താലൂക്കിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് കഴിഞ്ഞ ദിവസം കടിയേറ്റിയിരുന്നു.
തെരുവ് നായ്ക്കളുടെ ശല്യം നേരിടുന്ന പ്രദേശങ്ങളെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചുള്ള നടപടികൾ നേരത്തേ മൃഗസംരക്ഷണ വകുപ്പ് നടത്തിയിരുന്നു. എന്നാൽ തെരുവ് നായ്ക്കളുടെ എണ്ണം എല്ലാ ഭാഗത്തും വർധിച്ചതോടെ അത്തരത്തിലുള്ള നടപടികളും നിലച്ചു.












Click it and Unblock the Notifications