പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുപ്രസിദ്ധ മോഷ്ടാവ് കുടക് രമേഷും ആറംഗ സംഘവും അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

പാലക്കാട്: കുപ്രസിദ്ധ ഭവനഭേദന മോഷ്ടാവ് കുടക് രമേഷ് എന്ന ഉടുമ്പ് രമേശും സംഘവും വൻ കവർച്ചാ പദ്ധതിക്കിടെ പാലക്കാട് ടൗൺ നോർത്ത് പോലീസിന്റെ പിടിയിലായി. പ്രതികളെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ നിന്നും കഴിഞ്ഞ മാസം കേരളത്തിലെ വിവിധ ജില്ലകളിലും കർണ്ണാടകയിലും നടന്ന 12 ഓളം ഭവന ഭേദന കേസ്സുകൾക്ക് തുമ്പായി.

പാലക്കാട് എടത്തറ മൂത്താൻ തറ പാളയം സ്വദേശി രമേശ് (കുടക്, ഉടുമ്പ്, ആദി എന്നീ പേരുകളിലും അറിയപ്പെടും 30), ആലപ്പുഴ, ചേർത്തല, തുറവൂർ സ്വദേശി വിഷ്ണു ശ്രീകുമാർ(28), മണ്ണാർക്കാട് തെങ്കര സ്വദേശി രാഹുൽ (22), ഒറ്റപ്പാലം, ദേശമംഗലം സ്വദേശി തൻസീർ എന്ന ഷൻഫീർ (34), പാലക്കാട് മുത്താൻ തറ സ്വദേശി സുരേഷ് എന്ന നായ സുര (27), പാലക്കാട് വടക്കന്തറ, ശെൽവി നഗർ സ്വദേശി കൃഷ്ണ പ്രസാദ് എന്ന വാഴക്ക പ്രസാദ് (22) എന്നിവരെയാണ് മഴക്കാല മോഷണങ്ങൾ തടയുന്നതിനായി ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റിന്റെ നിർദ്ദേശ പ്രകാരം നടത്തിയ പ്രത്യേക രാത്രികാല പട്രോളിങ്ങിനിടെ പാലക്കാട് ടൗൺ നോർത്ത് എസ് ഐ രഞ്ജിത്തും ക്രൈം സ്ക്വാഡും ചേർന്ന് ഇന്ന് പുലർച്ചെ ഒലവക്കോട് പഴയ കോഴിക്കോട് ഹൈവേ യിൽ വെച്ച് പിടികൂടിയത്.

Ramesh

പാലക്കാട് അബൂബക്കർ റോഡിൽ വേണുഗോപാലന്റെ വീട് 2017 ഡിസംബറിൽ കുത്തിത്തുറന്ന് സ്വർണ്ണം, ലാപ്ടോപ്, ടാബ് എന്നിവ മോഷ്ടിച്ചതും കഴിഞ്ഞ മാസം 12 ന് തൃശൂർ , കില്ലന്നൂർ, കോഴിക്കുന്നു ദേശത്തിൽ രവീന്ദ്രന്റെ വീട് കുത്തിത്തുറന്ന് സ്വർണ്ണവും , കാറും മോഷ്ടിച്ചതും, കഴിഞ്ഞ മാസം 15 ന് മുണ്ടൂർ എം ഇ എസ്, ഐ ടി സി കുത്തിത്തുറന്ന് പണവും, മൊബൈൽ ഫോണും മോഷ്ടിച്ചതും, കഴിഞ്ഞ മാസം 18 ന് പാലക്കാട് ചന്ദ്രനഗർ സഹ്യാദ്രി കോളനിയിൽ ചന്ദ്രശേഖരന്റെ വീട് കുത്തിത്തുറന്ന് സ്വർണ്ണം, പണം , ലാപ്ടോപ് എന്നിവ മോഷ്ടിച്ചതും, കഴിഞ്ഞ മാസം 22 ന് കോട്ടയം ഏറ്റുമാനൂർ, എസ് എഫ് എസ് സ്കൂൾ ഭാഗം നീലഗിരിയിൽ മറിയാമ്മയുടെ വീട് പകൽ സമയം കുത്തിത്തുറന്ന് 22 പവൻ സ്വർണ്ണം, ഒരു ലക്ഷം രൂപ, ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ മോഷ്ടിച്ചതും.

അന്നു തന്നെ രാത്രി ഒറ്റപ്പാലം, പാലപ്പുറം, പള്ളിപ്പറമ്പ്, ബാപ്പുട്ടിയുടെ വീട് കുത്തിത്തുറന്ന് ലാപ്ടോപ്പ്, ടാബുകൾ, UAE ദിർഹംസ്, സ്വർണ്ണം, മൊബൈൽ ഫോൺ എന്നിവ മോഷ്ടിച്ചതും, കഴിഞ്ഞ മാസം 23 ന് തൃശൂർ ചിയ്യാരം നെല്ലിക്കുന്ന്, മറിയാമ്മയുടെ വീട് രാത്രി കുത്തിത്തുറന്ന് നാല് പവൻ സ്വർണ്ണവും, ഒന്നേകാൽ ലക്ഷം രൂപയും മോഷ്ടിച്ചതും, കഴിഞ്ഞ മാസം 24 ന് കർണ്ണാടക, മടിക്കേരി, മടേനാട് വില്ലേജിൽ ശേശപ്പയുടെ വീട് കുത്തിത്തുറന്ന് സ്വർണ്ണം, വെള്ളി, പണം എന്നിവ മോഷ് ടിച്ചതും കഴിഞ്ഞ മാസം 25 ന് മൈസൂർ വി.വി പുരം പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടൂർ മെയിൻ റോഡിൽ ഫിലിപ് തോമസിന്റെ വീട് പട്ടാപ്പകൽ കുത്തിത്തുറന്ന് സ്വണ്ണാഭരണങ്ങൾ, ലാപ്ടോപ്പ് എന്നിവ മോഷ്ടിച്ചതും പ്രതികൾ സമ്മതിച്ചു.

അതിനു ശേഷം വൻ കവർച്ച നടത്താനുള്ള പദ്ധതിയുമായിട്ടാണ് പ്രതികൾ പാലക്കാട്ട് എത്തിയത്. ടൗൺ നോർത്ത് പോലീസിന്റെ അവസരോചിതമായ ഇടപെടലാണ് വൻ കവർച്ചാ സംഘത്തെ വലയിലാക്കാൻ സാധിച്ചത്. അതിലൂടെ സംഘത്തിന്റെ പദ്ധതികൾ പൊളിക്കാനും സാധിച്ചു. പ്രതികളുടെ ബാഗുകൾ പരിശോധിച്ചതിൽ നിന്നും മോഷണമുതലുകളും, വാതിൽ പൊളിക്കുന്നതിനുള്ള ഇരുമ്പായുധങ്ങളും പോലീസ് കണ്ടെത്തി.

പാലക്കാട് സബ് ജയിലിൽ വെച്ചാണ് ആറംഗ സംഘാങ്ങൾ പരിചിതതരായത്. വിവിധ കേസ്സുകളിൽ ഉൾപ്പെട്ടാണ് ആറുപേരും ജയിലിലെത്തിയത്. ഒന്നാം പ്രതി രമേശ് കളവുകേസ്സിൽപ്പെടും, രാഹുൽ അബ്കാരി കേസ്സിലും, ഷൻഫീർ കഞ്ചാവു കേസ്സിലും, വിഷ്ണു ബലാൽസംഘ കേസ്സിലും, നായ സുരയും, കൃഷ്ണപ്രസാദും കൊലപാതക ശ്രമക്കേസ്സിൽപ്പെട്ടുമാണ് ജയിലിലെത്തിയത്. ജയിലിൽ വെച്ച് ഒത്തുചേർന്ന സംഘം ജാമ്യത്തിലിറങ്ങിയ ശേഷം കവർച്ച നടത്തി വരികയായിരുന്നു.

രമേശിന് നേരത്തെ തമിഴ്നാട്ടിലെ മേട്ടുപ്പാളയം, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, ഗോപിച്ചെട്ടിപ്പാളയം എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിലും കേരളത്തിൽ കോട്ടയം ജില്ലയിലെ കടുതുരുത്തി, ഏറ്റുമാനൂർ, തൃശൂരിലെ നെടുപുഴ, പാലക്കാട് മലമ്പുഴ, ആലത്തൂർ, മങ്കര, കോട്ടായി, ഹേമാംബിക നഗർ, പട്ടാമ്പി എന്നീ പോലീസ് സ്റ്റേഷനുകളിലുമായി 50 ഓളം ഭവനഭേദന കേസ്സുകൾ നിലവിലുണ്ട്. കോയമ്പത്തൂർ, കോട്ടയം, പാലക്കാട്, വിയ്യൂർ, കണ്ണൂർ, ഒറ്റപ്പാലം എന്നീ ജയിലുകളിൽ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.

തൻസീർ എന്ന ഷൻഫീറിന് കുറ്റിപ്പുറം, വടക്കാഞ്ചേരി , പട്ടാമ്പി എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസ്സുകളും, ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസ്സും ഉണ്ട്. ഒറ്റപ്പാലം, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. രാഹുലിന് നേരത്തെ അഗളി, മണ്ണാർക്കാട് പോലീസ് സ്റ്റേഷനുകളിലായി രണ്ട് അബ്കാരി കേസ്സുകളും ഒരു കഞ്ചാവ് കേസ്സും ഉണ്ട്. വിഷ്ണുവിന് എറണാകുളം, തലയോലപ്പറമ്പ് എന്നിവിടങ്ങളിൽ കഞ്ചാവ് കേസ്സുകളും, ആലപ്പുഴയിൽ മോഷണക്കേസും, പാലക്കാട് സൗത്ത്, മലമ്പുഴ എന്നീ പോലീസ് സ്റ്റേഷനുകളിൽ ബലാൽസംഘക്കേസ്സുകളും നിലവിലുണ്ട്. വൈക്കം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.

സുരേഷ് എന്ന നായ സുര പോലീസുകാരെയും മുൻ കൗൺസിലറെയും ആക്രമിച്ചതടക്കം അഞ്ചോളം കൊലപാതക ശ്രമക്കേസ്സുകളിലെ പ്രതിയാണ്. പാലക്കാട് ടൗൺ നോർത്ത് പോലീസ് രണ്ട് പ്രാവശ്യം ഗുണ്ടാ നിയമപ്രകാരം അറസ്റ്റു ചെയ്തിട്ടുണ്ട്. പാലക്കാട്, വിയ്യൂർ, കണ്ണൂർ എന്നീ ജയിലുകളിൽ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. നായ സുരയുടെ കൂട്ടാളിയാണ് കാളി എന്ന കൃഷ്ണപ്രസാദ്, ഇയാൾക്കെതിരെ പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷനിൽ കൊലപാതക ശ്രമ കേസ്സ് ഉണ്ട്. ആഡംഭര കാറുകൾ വാടകക്കെടുത്താണ് സംഘം രാപ്പകൽ വ്യത്യാസമില്ലാതെ കവർച്ച നടത്തിവന്നത്.

മോഷണമുതലുകൾ വിറ്റു കിട്ടുന്ന പണം ആഡംഭര ജീവിതം നയിക്കുന്നതിനും മദ്യത്തിനും, കഞ്ചാവിനുമാണ് പ്രതികൾ ചിലവഴിച്ചിരുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുന്നതായിരിക്കും.പാലക്കാട് ഡിവൈഎസ്പി ജി.ഡി. വിജയകുമാറിന്റെ മേൽനോട്ടത്തിൽ പാലക്കാട് നോർത്ത് എസ് ഐ ആർ. രഞ്ജിത്ത്, എ എസ് ഐ നന്ദകുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ. നന്ദകുമാർ, കെ. കിഷോർ , എം.സുനിൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, സുരേഷ്, ഡ്രൈവർ എസ് സി പി ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

English summary
Palakkad Local News; Thief arrested by police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X