ഇതൊരു ഒന്നൊന്നര കള്ളൻ, പാലക്കാട് ജില്ലയിലെ കുപ്രസിദ്ധ കുറ്റവാളി, ജനനം കുടകിൽ, ചരിത്രം ഇങ്ങനെ...
പാലക്കാട്: ജനനം കർണ്ണാടകയിലെ കുടക് ജില്ലയിലെ അമ്മത്തിയിൽ. അച്ഛനും അമ്മയും എസ്സ്റ്റേറ്റ് തൊഴിലാളികളായിരുന്നു. അച്ഛന്റെ സ്വദേശം പറളി എടത്തറയിലായിരുന്നു. അഞ്ചാം ക്ലാസുവരെ കുടകിൽ പഠിച്ചു. പിന്നീട് സ്കൂളിൽ പോയില്ല. അതിനു ശേഷം രമേശിനെ അട്ടപ്പാടി ചിറ്റൂരിലുള്ള അമ്മായിയുടെ വീട്ടിൽ കൊണ്ടാക്കി.
കുറച്ചു ദിവസം അവിടെ താമസിച്ച രമേശ് അമ്മായിയുടെ പെട്ടിയിൽ നിന്നും 300 രൂപ മോഷ്ടിച്ച് നേരെ പാലക്കാട്ടെത്തി. ജീവിതത്തിലെ ആദ്യത്തെ മോഷണം. കയ്യിലുള്ള പണം തീർന്നപ്പോൾ ടൗണിൽ അലഞ്ഞു നടന്ന് കുപ്പി, പാട്ടകൾ പെറുക്കി ജീവിച്ചു, അതിനിടയിയിൽ ശക്തിവേൽ എന്നയാളെ പരിചയപ്പെട്ട് വീടുകളിൽ നിന്നും വാട്ടർ മീറ്ററുകൾ മോഷ്ടിച്ച് വിൽക്കാൻ തുടങ്ങി.

ആദ്യമായി മലമ്പുഴ പോലീസാണ് രമേശിനെ പിടികൂടിയത്. അന്ന് പ്രായപൂർത്തിയാകാത്തതിനാൽ മുട്ടിക്കുളങ്ങര ജുവനൈൽ ഹോമിൽ തടവിലാക്കി. അവിടെ വെച്ച് പരിചയപ്പെട്ട തിരുട്ടു ഗ്രാമത്തിലെ കുമാർ, അണ്ണാ ദുരൈ എന്നിവരിൽ നിന്നുമാണ് മോഷണത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. മൂന്നു മാസത്തെ തടവ് തീരാൻ രണ്ട് ദിവസം ബാക്കിയുള്ളപ്പോൾ റസാഖ് എന്ന പയ്യനോടൊപ്പം രാത്രി തടവു ചാടി.
നേരെ ആലത്തൂരിലുള്ള റസാഖിന്റെ വീട്ടിലെത്തി അവിടെ താമസിച്ചു, ആ സമയത്ത് രാത്രികാലങ്ങളിൽ ചുറ്റിനടന്ന് ഭണ്ഡാരങ്ങൾ മോഷ്ടിക്കാൻ തുടങ്ങി ഒരു ദിവസം ആലത്തൂർ പോലീസിന്റെ പിടിയിലായി. പോലീസിനോട് വയസ്സ് കൂട്ടിപ്പറഞ്ഞ് ആലത്തൂർ സബ് ജയിലിൽ റിമാൻഡിലായി. വിവരമറിഞ്ഞ രമേശിന്റെ അച്ഛൻ ജനന സർട്ടിഫിക്കറ്റുമായി ജയിലിലെത്തി പിന്നീട് തൃശൂർ ജുവനൈൽ ഹോമിൽ ആറ് മാസത്തെ തടവ്.
തടവ് കഴിഞ്ഞ് 2003 ൽ അച്ഛൻ രമേശിനെ കുടകിലേക്ക് കൂട്ടിക്കൊണ്ടു പോയി. മരപ്പണിക്കാരുടെ കൂടെ പണിക്കു വിട്ടു. അങ്ങനെ മദ്യപാന ശീലം തുടങ്ങി, അതറിഞ്ഞ അച്ഛൻ ചീത്ത പറഞ്ഞതിനെത്തുടർന്ന് വീടുവിട്ടിറങ്ങി നേരെ പാലക്കാട്ട് എത്തി. അവിടന്ന് ട്രെയിനിൽ വടകര റെയിൽവേ സ്റ്റേഷനിൽച്ചെന്നിറങ്ങി. റെയിൽവേ സ്റ്റേഷൻ പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്നതു കണ്ട മേട്ടുപ്പാളയം കാരി വള്ളി രമേശിനെ കൂടെ കൂട്ടി. വളളിയുടെ ഭർത്താവ് കുട്ടി വിജയൻ മോഷണ കേസ്സിൽ ജയിൽ ശിക്ഷ കഴിഞ്ഞ് ആ സമയത്താണ് പുറത്തിറങ്ങിയത്.
കുട്ടി വിജയന്റെ കൂടെ കള്ളൻമാരായ വനത്താൽ, കടലൂരാൻ, ഗോപി, സുരേഷ് എന്നിവരും ഉണ്ടായിരുന്നു. അങ്ങനെ രമേശും അരുടെ സംഘത്തിലെ ഒരാളായി, ആദ്യമൊക്കെ രമേശിനെ വീടിനു പുറത്ത് കാവൽ നിൽക്കാൻ കൊണ്ടുപോയി. ഭവനഭേദനത്തിനൊ ബാലപാഠങ്ങൾ പഠിച്ച രമേശ് പുതിയ കൂട്ടുകാരെ സംഘടിപ്പിച്ച് സ്വന്തമായി മോഷ്ടിക്കാൻ തുടങ്ങി, അങ്ങനെ കോട്ടയം കടുതുരുത്തിയിൽ ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറിയ രമേശിനെ നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപ്പിച്ചു.
അന്ന് തുടങ്ങിയ ഭവനഭേദനം ഇന്നും തുടരുന്നു. ജീവിതത്തിൽ ഏറിയ പങ്കും ജയിലിൽത്തന്നെയാണ് ജീവിച്ചു തീർത്തത്. ഉരുക്ക് ശരീരവും, കറുത്ത നിറവും ഉള്ള ഒരു ലക്ഷണമൊത്ത കള്ളനാണ് ഉടുമ്പ് രമേഷ്. രമേശിന്റെ കണ്ണിൽ ഗെയിറ്റ് പൂട്ടിയിട്ട വീട് പെട്ടാൽ അവിടെ മോഷ്ടിച്ചിരിക്കും.
ഓരോ പ്രാവശ്യം ജയിലിൽ പോകുമ്പോഴും പുതിയ പങ്കാളിയെ കണ്ടെത്തിയിരിക്കും. കഴിഞ്ഞ ജനുവരിയിൽ കോട്ടായി പോലീസിന്റെ പിടിയിലായി പാലക്കാട് സബ് ജയിലിൽ കഴിയുമ്പോഴാണ് ഈ പുതിയ സംഘത്തെ കെട്ടിപ്പടുത്തത്. ഡ്രൈവിങ്ങ് വശമില്ലാത്ത രമേശ് രാഹുലിനെയാണ് തന്റെ ഡ്രൈവറായി ചുമതലപ്പെടുത്തിയത്. ആഡംഭര കാറുകൾ വാടകക്ക് എടുത്താണ് മോഷണത്തിനായി പല സ്ഥലങ്ങളിലും പോയത്.
കഞ്ചാവാണ് രമേശിന്റെ ഇഷ്ട ഭക്ഷണം. മോഷണമുതലുകൾ വിറ്റു കിട്ടുന്ന പണം കൂടുതലും കഞ്ചാവിനായാണ് ചെലവഴിച്ചുവന്നത്. ഓരോ പ്രാവശ്യം പിടിക്കുമ്പോഴും ഇനി ചെയ്യില്ല സാറേ എന്നു പൊലീസിനോട് പറയും.












Click it and Unblock the Notifications