ശ്രീനിവാസന്‍ വധം പട്ടിക തയ്യാറാക്കി കേരളത്തില്‍ നടന്ന ആദ്യ കൊലപാതകമെന്ന് പൊലീസ്
പാലക്കാട്: പാലക്കാട് മേലാമുറിയിലെ ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നെന്ന് പൊലീസ്. കൊല്ലേണ്ടവരുടെ പട്ടിക തയ്യാറാക്കി കേരളത്തില്‍ നടന്ന ആദ്യ കൊലപാതകമാണിതെന്ന് പൊലീസ് അറിയിച്ചു. ആദ്യം അറസ്റ്റ് ചെയ്ത നാല് പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍ എന്നിവര്‍ ശ്രീനിവാസനെ കൊലപ്പെടുത്തന്നതിനായി ഗൂഢാലോചന നടത്തിയെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നുണ്ട്.
ശ്രീനിവാസന്‍ വധക്കേസിലെ ഗൂഢാലോചനയില്‍ ഒരുപാട് പേര്‍ ഉണ്ട്. നാല്‍പതോളം പേര്‍ പ്രതികളായിട്ടുണ്ടാകാം എന്നാണ് പൊലീസ് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കുന്നത്. മുഹമ്മദ് ബിലാലും റിയാസുദ്ദീനും ഗൂഢാലോചനയിലും ആയുധങ്ങള്‍ പ്രതികള്‍ക്ക് നല്‍കുന്നതിലും സഹായിയായി പ്രവര്‍ത്തിച്ചുവെന്ന് പൊലീസ് പറയുന്നു. ആയുധങ്ങള്‍ എത്തിച്ച് നല്‍കിയത് സഹദ് ആണെന്നും പൊലീസ് വ്യക്തമാക്കി.
മുഹമ്മദ് റിസ്വാന്‍ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശേഖരിച്ച് തെളിവുകള്‍ നശിപ്പിച്ചു എന്നും കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പൊലീസ് ചൂണ്ടിക്കാട്ടി. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്ക് സഹായമാകും എന്നും പൊലീസ് പറഞ്ഞു. ആദ്യഘട്ടത്തില്‍, പതിനാറ് പ്രതികള്‍ ഉണ്ടാകും എന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് പ്രതികളുടെ എണ്ണം 20 ആകാമെന്നാണ് പൊലീസ് പറഞ്ഞത്.
ആറ്റിറ്റിയൂഡ്... ആറ്റിറ്റിയൂഡ്; പ്രിയാമണിയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ
ഇപ്പോള്‍ കേസില്‍ നാല്‍പതോളം പ്രതികള്‍ ഉണ്ടാകാം എന്നും പോലീസ് വ്യക്തമാക്കുന്നു. ബൈക്കിലെത്തിയ ആറ് പേരും കാറിലെത്തിയ നാല് പേരും കൂടാതെ മുപ്പതോളം പേര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടാകാം എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഏപ്രില്‍ 16 നാണ് ആര്‍ എസ് എസ് പ്രവര്‍ത്തകനായ ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. ഏപ്രില്‍ 15 ന് പാലക്കാട് തന്നെ എസ് ഡി പി ഐ പ്രവര്‍ത്തകനായ സുബൈര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമെന്നോണമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്.
അതേസമയം കേസില്‍ കൊലയാളി സംഘത്തിലെ മൂന്നു പേരും ഗൂഢാലോചനയില്‍ പങ്കാളികളായ പത്ത് പേരുമാണ് ഇതിനോടകം അറസ്റ്റിലായത്. പ്രതി അബ്ദുറഹ്മാനുമായി രണ്ട് ദിവസം മുമ്പ് നടത്തിയ തെളിവെടുപ്പില്‍ കല്ലടിക്കോട് നിന്ന് ആയുധവും പ്രതികളുടെ ചോര പുരണ്ട വസ്ത്രവും കണ്ടെത്തിയിരുന്നു. ശ്രീനിവാസനെ വെട്ടിയ കൊടുവാള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസില്‍ പ്രതികളായവരെല്ലാം എസ് ഡി പി ഐ - പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് പൊലീസ് പറയുന്നത്.