ഷാജഹാന്‍ കൊലപാതകം; പ്രതികളുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി, ഒളിപ്പിച്ചത് ബിജെപി നേതാവെന്ന് പൊലീസ്
പാലക്കാട്: പാലക്കാട് സി പി ഐ എം പ്രാദേശിക നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. നാല് മൊബൈല്‍ ഫോണുകളാണ് കണ്ടെത്തിയിരിക്കുന്നത്. മലമ്പുഴക്ക് അടുത്ത് ചേമ്പനയിലെ കാട്ടില്‍ ഒളിപ്പിച്ച മൊബൈല്‍ ഫോണുകളാണ് ഞായറാഴ്ച നടത്തിയ തെളിവെടുപ്പില്‍ പൊലീസ് കണ്ടെത്തിയത്.
ഷാജഹാന്‍ വധ കേസിലെ നിര്‍ണായക തെളിവാണ് ഇത് എന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ഷാജഹാന്‍ കൊലപാതക കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ജിനേഷ് ആണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് എന്ന് പൊലീസ് പറയുന്നു. ജിനേഷ് ബി ജെ പി ബൂത്ത് സെക്രട്ടറി ആണ് എന്നാണ് പൊലീസ് പറയുന്നത്.

പ്രതികള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കിയതും പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ തന്റെ വീടിന് സമീപത്തെ കാട്ടിനുള്ളില്‍ ഒളിപ്പിച്ചതും ജിനേഷാണ് എന്നും പൊലീസ് പറയുന്നു. ഞായറാഴ്ച നടത്തിയ തെളിവെടുപ്പില്‍ കവറില്‍ പൊതിഞ്ഞ നിലയിലാണ് നാല് ഫോണുകളും കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ പൊലീസ് കണ്ടെടുത്തത്. അതേസമയം കേസിലെ മറ്റൊരു പ്രതിയായ ആവാസ് ജോലി ചെയ്യുന്ന കല്ലേപ്പുള്ളിയിലെ കോഴിക്കടയിലും ഞായറാഴ്ച പൊലീസ് സംഘം തെളിവെടുപ്പ് നടത്തി.

ഇവിടെ വെച്ചാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത് എന്നും ആയുധങ്ങള്‍ കൈമാറിയത് എന്നും പൊലീസ് പറഞ്ഞു. മിക്ക ദിവസവും പ്രതികള്‍ തമ്പടിക്കാറുള്ള സ്ഥലമാണിത് എന്നും പൊലീസ് പറയുന്നു. ഓഗസ്റ്റ് 14-ന് രാത്രിയായിരുന്നു സി പി ഐ എം മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവും കുന്നങ്കാട് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായി എസ് ഷാജഹാനെ വെട്ടി കൊലപ്പെടുത്തിയത്.

കേസില്‍ ഇതുവരെ 12 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ എട്ട് പേര്‍ ബി ജെ പി അനുഭാവികളാണ് എന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. അതേസമയം, അറസ്റ്റിലായവരുടെ രാഷ്ട്രീയ പശ്ചാത്തലം സംബന്ധിച്ച് സി പി ഐ എമ്മും ബി ജെ പി-ആര്‍ എസ് എസ് നേതൃത്വവും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് ഷാജഹാനെ കൊലപ്പെടുത്തിയത് എന്നാണ് സി പി ഐ എം നേതൃത്വത്തിന്റെ പ്രതികരണം. ഷാജഹാന്റെ വീട്ടുകാരും ഇത് തന്നെയാണ് പറയുന്നത്. എന്നാല്‍ ഈ ആരോപണം ആര്‍ എസ് എസ് - ബി ജെ പി നേതൃത്വം നിഷേധിച്ചിട്ടുണ്ട്. സി പി ഐ എം പ്രവര്‍ത്തകരാണ് തങ്ങള്‍ എന്ന് പ്രതി ചേര്‍ക്കപ്പെട്ടവര്‍ കഴിഞ്ഞ ദിവസം കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
വന്നു... കണ്ടു.. കീഴടക്കി..; കിടിലന്‍ ലുക്കില്‍ അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications