ശ്രീനിവാസന്‍ വധം: ആര്‍സി മാത്രമാണ് തന്റെ പേരില്‍, വാഹനം ഉപയോഗിക്കുന്നത് ആരെന്ന് അറിയില്ലെന്ന് ഉടമ
പാലക്കാട്: ആര്‍ എസ് എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയ ആക്രമികള്‍ ഉപയോഗിച്ച ബൈക്ക് ഉടമയെ പൊലീസ് ചോദ്യം ചെയ്തു. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ആര്‍ സി മാത്രമാണ് ഇപ്പോള്‍ തന്റെ പേരിലുള്ളതെന്നും ബൈക്ക് ആരാണ് ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്നുമാണ് സ്ത്രീ ഇപ്പോള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ നിന്നും വ്യക്തമാകുന്നത്.

നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. കൊല്ലപ്പെട്ട ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തില്‍ മുറിവുകളേറ്റിരുന്നു. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയില്‍ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്. അതേസമയം, ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. വീട്ടില്‍ നിന്ന് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം കുറുകോട് സ്മുദായ ശ്മശാനത്തിലായിരുന്നു സംസ്‌കാരം. പൊതുദര്‍ശനത്തിന് ആര്‍ എസ് എസ് , ബി ജെ പി പ്രവര്‍ത്തകര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒറു മണിയോടെയാണ് പാലക്കാട് മേലാമുറി ജംഗ്ഷന് സമീപമുള്ള കടയില്‍ നിന്ന് ശ്രീനിവാസനെ ആക്രമികള്‍ വെട്ടിവീഴ്ത്തിയത്.

കൊലപാതകത്തെ തുടര്‍ന്ന് ജില്ലയില്‍ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തി ല്‍ നാളെ വൈകീട്ട് 3.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം ചേരുന്നുണ്ട്. എല്ലാ രാഷ്ട്രീയ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കണോ എന്നുള്ള കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് ബി ജെ പി വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിന് കേരള പൊലീസിന്റെ സഹായം ലഭിക്കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ മതഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് എല്ലാ സഹായങ്ങളും ഒത്താശയും നല്‍കുകയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത തരത്തില്‍ തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തനത്തിന് കേരളസര്‍ക്കാര്‍ സഹായം നല്‍കുന്നു. പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേസുകളില്‍ സിബിഐ അന്വേഷണം നടത്തുന്നതിനെ പിണറായി സര്‍ക്കാര്‍ എതിര്‍ക്കുന്നത് അക്കാരണത്താലാണ്. തനിമതഭീകരവാദ സംഘടനയെ ആര്‍എസ്എസ്സുമായി താരതമ്യം ചെയ്യുന്നത് അവരെ വെള്ളപൂശാനാണെന്നും കെ.സുരേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കേരളത്തില്‍ സര്‍ക്കാരിന്റെ എല്ലാ ഒത്താശയോടും കൂടിയാണ് തീവ്രവാദ സംഘടനയായ എസ്ഡിപിഐ പ്രവര്‍ത്തിക്കുന്നത്. പോലീസിന്റെ കൈകളില്‍ സി പി എം വിലങ്ങുവച്ചിരിക്കുകയാണ്. ഭീകരവാദ കേസുകള്‍ അന്വേഷിക്കുന്നതില്‍ പോലീസ് ദയനീയമായി പരാജയപ്പെട്ടു. എസ് ഡി പി ഐ നടത്തുന്ന കൊലപാതകങ്ങളിലെലപ്രതികളെ പോലീസും സി പി എമ്മും സഹായിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ രൂപപ്പെട്ടിട്ടുള്ള ഗുരുതര സ്ഥിതി മറ്റൊരു സംസ്ഥാനത്തുമില്ല. രാജ്യത്തിനുമുഴുവന്‍ ഭീഷണിയാണിത്. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. പാലക്കാട്ടെയും ആലപ്പുഴയിലെയും വയാലാറിലെയുമൊക്കെ കൊലപാതകങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി ചൂണിക്കാട്ടി ലഘൂകരിക്കാനാണ് നീക്കം. രാജ്യം നേരിടുന്ന വലിയ വിപത്താണിത്. കേരളത്തിലെ ഗുരുതര സ്ഥിതി കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. ഈ വരുന്ന 29ന് കേന്ദ്രആഭ്യന്ത മന്ത്രി അമിത്ഷാ കേരളത്തിലെത്തുമ്പോള്‍ ഈ പ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി .












Click it and Unblock the Notifications