വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടം; കെഎസ്ആര്‍ടിസി ബസിന്റെ ഭാഗത്തും പിഴവെന്ന് റിപ്പോര്‍ട്ട്
പാലക്കാട്: വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിൽ കെഎസ്ആര്‍ടിസി ബസിന്റെ ഭാഗത്തും പിഴവുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് അന്തിമ റിപ്പോർട്ട്.അപകടത്തിന് തൊട്ടുമുമ്പ് വളവില്‍ കെഎസ്ആര്‍ടിസി വേഗത കുറച്ചു. യാത്രക്കാരനെ ഇറക്കാനാണ് വേഗത കുറച്ചതെങ്കിലും ഈ സമയത്ത് കെഎസ്ആര്‍ടിസി ബസ് ഇടതുവശത്തേക്ക് ഒതുക്കിയില്ലെന്നും ബസ് ഇന്‍ഡിക്കേറ്റര്‍ ഇടാത്തത് വീഴ്ചയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അന്തിമ റിപ്പോർട്ട് വകുപ്പ് ഗതാഗത കമ്മീഷണര്‍ക്ക് സമർപ്പിച്ചു.

വടക്കഞ്ചേരി അപകടത്തിൽ ഒമ്പത് പേരാണ് മരിച്ചത്. 5 വിദ്യാർത്ഥികളും ഒരു അധ്യാപകനും ഒരു കെ എസ് ആർ ടി സി യാത്രക്കാരനുമടക്കം 9 പേരാണ് അപകടത്തിൽ മരിച്ചത്. . എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസായിരുന്നു അപകടത്തിൽപെട്ടത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു വിനോദയാത്ര പോകുന്ന വാഹനങ്ങളുടെ പരിശോധനക്ക് പുതുക്കിയ നടപടിക്രമങ്ങൾ
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു വിനോദയാത്ര പോകുന്ന വാഹനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ പുതുക്കിയ നടപടിക്രമങ്ങൾ പുറപ്പെടുവിച്ചു. ഇതനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി വിനോദയാത്ര പോകുന്നതിന്റെ ഒരാഴ്ച്ച മുമ്പ് വാഹനത്തിന്റെ വിശദാംശങ്ങൾ ആർ.ടി.ഒ അല്ലെങ്കിൽ ജോയിന്റ് ആർ.ടി.ഒക്ക് നൽകണം. വിനോദയാത്ര പോകുന്നതിന് ഒരാഴ്ച്ച മുമ്പ് വാഹന ഉടമയോ ഡ്രൈവറോ വാഹനം സംസ്ഥാനത്തെ ഏതെങ്കിലും ആർ.ടി.ഒ അല്ലെങ്കിൽ ജോയിന്റ് ആർ.ടി.ഒ മുമ്പാകെ പരിശോധിപ്പിച്ചിരിക്കണം.
നിശ്ചിത മാതൃകയിലുള്ള ഫോമിൽ തയ്യാറാക്കിയ വാഹന പരിശോധനാ റിപ്പോർട്ടിന്റെ പകർപ്പുകൾ വാഹന ഉടമ/ഡ്രൈവർ എന്നിവർക്കും പരിശോധന നടത്തിയ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ സ്ഥാപന മേധാവിക്കും ലഭ്യമാക്കണം. വാഹന പരിശോധനാ റിപ്പോർട്ട് വാഹനത്തിന്റെ ഡ്രൈവർ യാത്രയിൽ ഉടനീളം സൂക്ഷിക്കേണ്ടതും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ പരിശോധനക്ക് ഹാജരാക്കേണ്ടതുമാണ്.
വാഹന പരിശോധനാ റിപ്പോർട്ട് ആ പ്രത്യേക വിനോദയാത്രക്ക് മാത്രമാണ് ബാധകം. വാഹന പരിശോധനയുടെ പേരിൽ സ്ഥാപന മേധാവികൾ വാഹന ഉടമയ്‌ക്കോ ഡ്രൈവറിനോ അനാവശ്യ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കരുതെന്നും ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശത്തിൽ പറയുന്നു.












Click it and Unblock the Notifications