കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ച് എല്‍ഡിഎഫ്, കോൺഗ്രസ് അംഗം കൂറുമാറി
പത്തനംതിട്ട: അട്ടിമറിയിലൂടെ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ച് എല്‍ഡിഎഫ്. അവിശ്വാസ പ്രമേയത്തിലൂടെയാണ് യുഡിഎഫ് ഭരണസമിതിയെ പുറത്താക്കിയത്. കോണ്‍ഗ്രസ് അംഗമായ ജിജി സജി കൂറുമാറിയതാണ് യുഡിഎഫിന് തിരിച്ചടിയായത്. ഇതോടെ ആറിന് എതിരെ 7 വോട്ടുകള്‍ക്ക് എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസ്സാവുകയും യുഡിഎഫ് ഭരണസമിതി താഴെ വീഴുകയും ചെയ്തു.
കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ ആകെ ഉളളത് 13 അംഗങ്ങളാണ്. യുഡിഎഫിന് ഏഴും എല്‍ഡിഎഫിന് ആറും അംഗങ്ങള്‍ ആണുളളത്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഇതുവരെ യുഡിഎഫ് ഭരണം. എല്‍ഡിഎഫിന്റെ അരുവാപ്പുലം ഡിവിഷന്‍ അംഗമായ വര്‍ഗീസ് ബേബിയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ജിജി സജി എല്‍ഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു.

കൂറുമാറ്റത്തില്‍ ജിജി സജിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ആണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. പത്തനംതിട്ട കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ ആണ് ജിജി സജി വോട്ട് മാറ്റി ചെയ്യാനുളള കാരണം എന്നാണ് സിപിഎം നേതൃത്വം വ്യക്തമാക്കുന്നത്. കോന്നി കൂടി ഭരണം പിടിച്ചതോടെ പത്തനംതിട്ടയില്‍ ആകെയുളള എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏഴിടത്തും എല്‍ഡിഎഫിനായി അധികാരം. ഒരിടത്ത് മാത്രമായി യുഡിഎഫ് ചുരുങ്ങി. ആന്റോ ആന്റണി എംപിയുടെ താല്‍പര്യ പ്രകാരം തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച ജിജി സിജി മറുകണ്ടം ചാടിയത് ജില്ലയിലെ കോണ്‍ഗ്രസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കലാപത്തിന് കാരണമായേക്കും.












Click it and Unblock the Notifications