കാറിനടിയില്‍ കയറിക്കൂടിയ രാജവെമ്പാല സഞ്ചരിച്ചത് 200 കീലോമീറ്റർ: നായ മണംപിടിച്ചതോടെ സംശയം
പത്തനംതിട്ട: ഗവിയില്‍ നിന്നും കാറിന്റെ ബോണറ്റില്‍ കയറി രാജവെമ്പാല സന്ദർശിച്ച് 200 കിലോ മീറ്ററില്‍ അധികം ദൂരം. ഗവിയിലേക്ക് വിനോദ സഞ്ചാരത്തിനായി പോയി കൊല്ലം ശാസ്താംകോട്ട ആനയടി തീർത്ഥത്തിൽ മനുരാജും കുടുംബവും സഞ്ചരിച്ച കാറിലാണ് ഗവിയില്‍ നിന്നും രാജവെമ്പാല കയറിക്കൂടിയത്. കാറില്‍ക്കയറിക്കൂടിയ പാമ്പിനെ 36 മണിക്കൂറുകള്‍ക്ക് ശേഷം പിടികൂടുകയും ചെയ്തു.
വലിയ ആശങ്കയ്ക്കൊടുവില്‍ ചൊവ്വാഴ്ച പുലർച്ചെ 3.30 ഓടെ വാവാ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാമ്പിനെ പുറത്തെടുത്തത്. ഞായറാഴ്ചയാണ് മനുരാജും സംഘവും കാറില്‍ ഗവിയിലേക്ക് പോയത്. ആങ്ങാമൂഴി ചെക്പോസ്റ്റ് കഴിഞ്ഞ് 4 കിലോമീറ്റർ പിന്നിട്ടപ്പോള്‍ റോഡ് അരികില്‍ രാജവെമ്പാലയെ കണ്ടിരുന്നു. മൊബൈലില്‍ ചിത്രങ്ങളും പകർത്തി. ഇതിനിടയില്‍ പാമ്പ് വാഹനത്തിന് അടിയിലേക്ക് കയറുന്നതായും കണ്ടു.

സംശയം തോന്നിയതിനെ തുടർന്ന് വാഹനം നിർത്തി പരിശോധിച്ചെങ്കിലും പാമ്പിനെ എവിടെയും കണ്ടില്ല. പാമ്പ് പോയിരിക്കാമെന്ന പ്രതീക്ഷയില്‍ യാത്ര തുടർന്നു. തുടർന്ന് ഭക്ഷണം കഴിക്കാനായി വഴിയില്‍ നിർത്തിയപ്പോള്‍ ഒരു നായ കാറിന്റെ ബോണറ്റിന് അരികില്‍ വന്ന് മണം പിടിച്ച് നില്‍ക്കുകയും ഭയന്ന് പിന്മാറുകയും ചെയ്തു. ഈ വിവരങ്ങള്‍ എല്ലാം മനുരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു.
പാമ്പ് വാഹനത്തിലുണ്ടോ എന്ന സംശയത്തെ തുടർന്ന് പെരിയാർ കടുവാ സങ്കേതത്തിലെ ചെക്പോസ്റ്റിൽ വനംവകുപ്പ് ഉദ്യോഗസ്ഥരോട് മനുരാജ് വിവരം പറഞ്ഞു. അവർ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്തിയത്. പാമ്പ് കയറിയിട്ടുണ്ടെങ്കില്‍ തന്നെ അത് ഇറങ്ങിപ്പോയിട്ടുണ്ടാകാമെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ പിറ്റേ ദിവസം വീട്ടിലെ നായയും കാറിന്റെ ബോണറ്റിന്റെ വശത്ത് അസ്വാഭാവികമായി മണത്തുകൊണ്ടുനിന്ന് കുരയ്ക്കാൻ തുടങ്ങി. ഈ ദൃശ്യങ്ങള്‍ അടക്കമുള്ള വിവരങ്ങളാണ് മനുരാജ് 'കേരളത്തിലെ പാമ്പുകൾ' എന്ന ഫേസ്ബുക്ക് കൂട്ടായ്മയിൽ പങ്കുവെച്ചത്. പിന്നീടാണ് വാവാ സുരേഷും സംഘവും എത്തി ആറടിയിലേറെ നീളമുള്ള പാമ്പിനെ പിടികൂടുന്നത്.
ബോണറ്റ് തുറന്ന് ഏറെ നേരെ പരിശോധിച്ചിട്ടും പാമ്പിനെ കണ്ടെത്തിയിരുന്നില്ല. തുടർന്ന് നായയെക്കൊണ്ട് വീണ്ടും മണപ്പിച്ചപ്പോഴാണ് പാമ്പ് അവിടെ തന്നെയുണ്ടെന്ന് മനസ്സിലായത്. വാഹന ഭാഗങ്ങള്‍ അഴിച്ചുമാറ്റിയാണ് പാമ്പിനെ പുറത്തെടുത്തത്. രാജവെമ്പാലയാണെന്ന് അറിഞ്ഞതോടെ മെക്കാനിക്കുമാരും എത്താന്‍ മടിച്ചു. ഇതോടെ മണിക്കൂറുകള്‍ വേണ്ടി വന്നു പാമ്പിനെ പിടികൂടാന്‍.












Click it and Unblock the Notifications