'എത്ര കാലം നിങ്ങളുടെ അക്രമ രാഷ്ട്രീയം കണ്ടുസഹിച്ച് നിൽക്കണം'; സിപിഎമ്മിനെ വിമർശിച്ച് അച്ചു ഉമ്മൻ
പത്തനംതിട്ട: സംസ്ഥാന സർക്കാരിന് എതിരേയും സി പി എമ്മിന് എതിരേയും രൂക്ഷ വിമർശം ഉന്നയിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ യു ഡി എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു അച്ചു. തോൽക്കുമെന്ന് ഉറപ്പുള്ളപ്പോഴാണ് സി പി എം അക്രമം അഴിച്ചുവിടുന്നതെന്ന് അച്ചു ആരോപിച്ചു. കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവുമായി ബന്ധപ്പെട്ടായിരുന്നു വിമർശനം.
എന്തിനാണ് സി പി എം ഇപ്പോൾ ബോംബ് ഉണ്ടക്കുന്നതെന്നും തോൽക്കുമെന്ന് ഉറപ്പുള്ളപ്പോഴാണ് അക്രമം അഴിച്ചുവിടുന്നതെന്നും അച്ചു പറഞ്ഞു. എത്ര കാലം നിങ്ങളുടെ അക്രമ രാഷ്ട്രീയം കണ്ട് സഹച്ച് നിൽക്കണം. എത്ര അമ്മമാർക്കാണ് മക്കളെ നഷ്ടപ്പെട്ടിരിക്കുന്നത്. 51 വെട്ടിന് നിങ്ങൾ കൊലപ്പെടുത്തിയ ടി പി ചന്ദ്രശേഖരന്റെ മുഖമാണ് അക്രമ രാഷ്ട്രീയം പറയുമ്പോൾ ആദ്യം ഓടിയെത്തുന്നത്.

കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകങ്ങൾ ഓർമയില്ലേ ? ആൾക്കൂട്ട വിചാരണ ചെയ്ത് നിങ്ങൾ കൊന്ന അരിയിൽ ഷുക്കൂറിന്റെ കഥ നിങ്ങൾക്ക് ഓർമയില്ലേ? ആൾക്കൂട്ട വിചാരണ പരമ്പരയുടെ തുടർച്ചയാണ് പൂക്കോട് വെറ്റിനറി കോളേജിൽ നടന്ന സിദ്ധാർത്ഥിന്റെ കൊലപാതകം, അച്ചു ഉമ്മൻ പറഞ്ഞു.
കേന്ദ്രത്തിലും കേരളത്തിലും ഭരണം നടത്തുന്നത് ജനവിരുദ്ധ സർക്കാരുകളാണെന്നും സാഝാരണക്കാരന് കേരളത്തിൽ ജീവിക്കാൻ ബുദ്ധിമുട്ടാണെന്നും ശമ്പളമില്ല, പെൻഷനില്ല, കത്തിക്കയറുന്ന അവശ്യ സാധനങ്ങളുടെ വില, വന്യജീവി പ്രശ്നങ്ങൾ. എന്നാൽ സർക്കാരിന്റെ ആഡംബരത്തിനും ധൂർത്തിനും കുറവില്ലെന്നും അച്ചു പറഞ്ഞു. നാല് ലക്ഷം കോടി രൂപ കടത്തിലാണ് കേരളമെന്നും ഇനിയും കടമെടുത്ത് എങ്ങോട്ടാണ് കേരളം കൂപ്പ് കുത്തേണ്ടതെന്നും അച്ചു ഉമ്മൻ ചോദിച്ചു.












Click it and Unblock the Notifications