കോവിഡ് കേസുകള്‍ ഇല്ലാത്ത നിലയില്‍ പത്തനംതിട്ടയെ എത്തിക്കുകയാണ് ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട: കോവിഡ് കേസുകള്‍ ഇല്ലാത്ത നിലയിലേക്ക് പത്തനംതിട്ട ജില്ലയെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനു വിവിധ വകുപ്പുകളുടെ സഹകരണം ആവശ്യമാണ്. രോഗബാധ തടയുന്നതിനു കൂടിച്ചേരലുകള്‍ ഒഴിവാക്കണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ നടക്കുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് എല്ലാവരുടേയും യോജിച്ച പ്രവര്‍ത്തനം ആവശ്യമാണ്. ജാഗ്രത വേണം, ആശങ്കവേണ്ടെന്നും മന്ത്രി പറഞ്ഞു.
കോഴഞ്ചേരി പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിനു സ്ഥലമെടുക്കുന്ന നടപടിയും ഇലന്തൂര്‍ ഗവ. കോളജിന് സ്ഥലം ഏറ്റെടുക്കുന്നതും വേഗമാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. തുമ്പമണ്‍- കോഴഞ്ചേരി റോഡ് നിര്‍മാണം ആരംഭിക്കണം. വയറപ്പുഴ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ വേഗമാക്കണം. റീബില്‍ഡ് കേരള പദ്ധതി പ്രകാരമുള്ള റോഡുകളുടെ പുനര്‍നിര്‍മാണം വേഗമാക്കണം. കുളനട വെട്ടിക്കുന്ന് കോളനിയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കണം. ഓമല്ലൂര്‍- പന്തളം റോഡിന്റെ വശത്തെ മണ്ണെടുത്തതുമൂലം ഉണ്ടായ അപകടകരമായ കുഴികള്‍ നികത്തുന്നതിനു നടപടിയെടുക്കണം.

മഞ്ഞനിക്കര-ഇലവുംതിട്ട-മുളക്കുഴ റോഡ് നിര്‍മാണം വേഗം പൂര്‍ത്തീകരിക്കണം. തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനു നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നിശ്ചയിക്കണമെന്നും മന്ത്രി ആര്‍.ടി.ഒയ്ക്ക്് നിര്‍ദേശം നല്‍കി.
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് തുടങ്ങുന്നതിനാവശ്യമായ നടപടിയെടുക്കണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍ദേശിച്ചു. പന്തളം പറന്തല്‍ വലിയതോട് ആഴം കൂട്ടുകയും തീരം സംരക്ഷിക്കുകയും ചെയ്യണം. കെഎപി കനാലുമായി ബന്ധപ്പെട്ട് കെആര്‍കെപിഎം സ്‌കൂളിനു സമീപത്തെ ചോര്‍ച്ച, നെല്ലിമൂട്ടില്‍ പടിക്കു സമീപത്തെ പാലത്തിന്റെ ബലക്ഷയം, കനാലിന്റെ വശങ്ങളിലെ കാട് തെളിക്കുക എന്നിവയ്ക്കു നടപടിയെടുക്കണം.
അച്ചന്‍കോവിലാറിന്റെയും കല്ലടയാറിന്റെയും വശങ്ങള്‍ അപകടാവസ്ഥയിലായിരിക്കുന്നതു പരിഹരിക്കുന്നതിനു നടപടി വേണം. പന്തളം മുട്ടാര്‍ നീര്‍ച്ചാല്‍ നവീകരണവുമായി ബന്ധപ്പെട്ട് കൈയേറ്റ സ്ഥലം അളന്നു തിരിക്കുന്നതിനുള്ള സര്‍വേ പൂര്‍ത്തിയാക്കണം. ആനയടി-കൂടല്‍ റോഡിന്റെ സര്‍വേ പൂര്‍ത്തിയാക്കേണ്ട ഭാഗം തീര്‍ക്കണം. അടൂര്‍-തുമ്പമണ്‍-കോഴഞ്ചേരി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട് ലഭ്യമാക്കണം. അടൂര്‍ ടൗണിലെ റോഡിലെ ഓടയുടെ സ്ലാബ് ഇടണം. ഐവര്‍കാല-പറക്കോട്, പറക്കോട്- കൊടുമണ്‍, കരുവാറ്റ-തട്ട, ഏഴംകുളം-ഏനാത്ത്, അടൂര്‍ ഇവി റോഡ് നവീകരണം വേഗമാക്കണം. ചന്ദനപ്പള്ളി പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കു കടന്നുപോകുന്നതിനു സുരക്ഷിതമായ നടപ്പാലം നിര്‍മിക്കണം. അടൂര്‍ ടൗണിലെ പൈപ്പുകള്‍ മാറ്റുന്ന പ്രവൃത്തി മികച്ച രീതിയില്‍ പൂര്‍ത്തിയാക്കണം. നെടുങ്കുന്നുമല, പോളച്ചിറ ടൂറിസം പദ്ധതികള്‍ തുടങ്ങുന്നതിനു നടപടിയെടുക്കണം. പുതിയകാവില്‍ചിറ, പന്തളം ചിറമുടി ടൂറിസം പദ്ധതികള്‍ സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്നും ഡെപ്യുട്ടി സ്പീക്കര്‍ നിര്‍ദേശിച്ചു.
കനത്ത മഴയില്‍ ജില്ലയില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്കു നഷ്ടപരിഹാരം വേഗം ലഭ്യമാക്കണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍ദേശിച്ചു. തിരുവല്ല-മല്ലപ്പള്ളി-ചേലാക്കൊമ്പ് റോഡ്, പുറമറ്റം കുടിവെള്ള പദ്ധതി, ചങ്ങനാശേരി-തിരുവല്ല കുടിവെള്ള പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലം ഏറ്റെടുക്കുന്ന നടപടി വേഗം പൂര്‍ത്തിയാക്കണം. ഇതുസംബന്ധിച്ച നടപടികള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തണമെന്നും എംഎല്‍എ പറഞ്ഞു. എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി മണ്ഡല അടിസ്ഥാനത്തില്‍ അവലോകനം ചെയ്യണം. തിരുവല്ല ടൗണിലെ ഫ്‌ളാറ്റുകളിലെ കുരങ്ങുകളുടെ ശല്യത്തിന് പരിഹാരം കാണണം. എംഎല്‍എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കീഴ്‌വായ്പൂര്‍ ആയുര്‍വേദ ആശുപത്രി കെട്ടിടം പ്രവര്‍ത്തനക്ഷമം ആക്കണം. കാവുംഭാഗം-തുകലശേരി റോഡിന്റെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കണം. വള്ളംകുളം-കുറ്റൂര്‍, കറ്റോട്-തിരുമൂലപുരം റെയില്‍വേ അണ്ടര്‍പാസുകളില്‍ മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നതിനു പരിഹാരം കാണുന്നതിന് റെയില്‍വേയുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തണമെന്നും എംഎല്‍എ നിര്‍ദേശിച്ചു.
Recommended Video
ജനവാസ മേഖലയിലേക്കു വന്യജീവികള്‍ കടന്നുവന്നു നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുന്നതിനു പരിഹാരം കാണണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍ദേശിച്ചു. വന്യ ജീവികളെ തടയുന്നതിനു നിര്‍മിച്ചിട്ടുള്ള വേലി, ട്രെഞ്ച് എന്നിവ സംബന്ധിച്ച് വനം വകുപ്പ് കണക്ക് ലഭ്യമാക്കണം. കൃഷി നാശം വരുത്തുന്ന പന്നികളെ വെടിവയ്ക്കുന്നതിന് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണം. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ പ്രവര്‍ത്തന രഹിതമാണ്. ഇവയുടെ കണക്ക് എടുക്കണം. പിഐപി, കെഎപി കനാലുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തണം. മഞ്ഞനിക്കര-മുളക്കഴ റോഡു പണിയുമായി ബന്ധപ്പെട്ട് കലുങ്ക്, ഓട നിര്‍മാണം, വീതിയെടുക്കല്‍ വേഗമാക്കണം. ഓമല്ലൂര്‍ കുടിവെള്ള പദ്ധതി നവീകരിക്കുന്നതിന് എടുത്ത എസ്റ്റിമേറ്റ് പ്രകാരമുള്ള നടപടികള്‍ വേഗമാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു. ജില്ലയിലെ പട്ടികവര്‍ഗ ഊരുകളില്‍ പോഷകാഹാര കുറവുണ്ടോ എന്നു കണ്ടെത്തുന്നതിനു പഠനം നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയും നിര്‍ദേശിച്ചു.












Click it and Unblock the Notifications