പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതി: പമ്പാ പുനരുദ്ധാരണത്തിന് വനംവകുപ്പ് കൂടുതല്‍ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി കെ രാജു

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: പ്രളയം തകര്‍ത്ത പമ്പയുടെ പുനരുദ്ധാരണം മണ്ഡലകാലത്തിന് മുന്‍പ് പൂര്‍ത്തീകരിക്കാന്‍ വനംവകുപ്പ് കൂടുതല്‍ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി കെ രാജു പറഞ്ഞു. തീര്‍ഥാടനകാലത്തിന് മുന്‍പ് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് പമ്പയില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പമ്പയില്‍ അടിഞ്ഞ് കൂടിയ മണല്‍, കെട്ടിടാവശിഷ്ടങ്ങള്‍ എന്നിവ നീക്കം ചെയ്ത് നിക്ഷേപിക്കുന്നതിന് പ്രത്യേക സ്ഥലങ്ങള്‍ നിര്‍ദേശിക്കും.

പരിസ്ഥിതിക്കും വന്യജീവികള്‍ക്കും ദോഷം വരാത്ത രീതിയിലുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക. പമ്പയില്‍ സ്ഥിരം നിര്‍മാണത്തിന് അനുമതി നല്‍കില്ല. മണ്ഡലകാലത്തെ താത്കാലിക സംവിധാനങ്ങള്‍ക്കേ അനുമതി നല്‍കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. പമ്പയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിപുലമായ കര്‍മപദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

pampainflood-153

വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കൂ. കെ എസ് ആര്‍ ടി സിയുടെ ബസുകളിലായിരിക്കും തീര്‍ഥാടകരെ പമ്പയിലെത്തിക്കുക. നിലയ്ക്കലെ ബേസ് ക്യാമ്പില്‍ നിലവിലുള്ള 300 ഏക്കര്‍ സ്ഥലത്തില്‍ അറുപത് ഏക്കര്‍ മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. കൂടുതല്‍ സ്ഥലം പാര്‍ക്കിങ്ങിനും മറ്റുമായി ഉപയോഗിക്കുന്നതോടെ നിലവിലെ സ്ഥലപരിമിതിക്ക് പരിഹാരമാവും. തീര്‍ഥാടനത്തിന് മുന്നോടിയായി പരമ്പരാഗത കാനന പാത നവംബര്‍ അഞ്ചിന് മുന്‍പായി സഞ്ചാരയോഗ്യമാക്കും. നവംബര്‍ 15 മുതല്‍ പാതയിലെ താവളങ്ങളില്‍ സേവന കേന്ദ്രങ്ങള്‍ സജ്ജമാക്കും. വന്യജീവികളുടെ ആക്രമണം തടയാന്‍ കൂടുതല്‍ സ്‌ക്വാഡുകളെ നിരയോഗിക്കും. വിരി വയ്ക്കാനുള്ള സൗകര്യത്തിന് പുറമേ സൗജന്യ കുടിവെള്ളം, ശൗചാലയങ്ങള്‍, ആഹാരം എന്നിവ സേവന കേന്ദ്രങ്ങളില്‍ ഒരുക്കും. രാത്രികാലങ്ങളില്‍ അയ്യപ്പന്‍മാരുടെ ഉള്‍വനത്തിലൂടെയുള്ള യാത്ര തടയും.

പ്ലാസ്റ്റിക് മാലിന്യം തടയുന്നതിന് കൂടുതല്‍ ബോധവത്കരണം നടത്തും. ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ വിവിധ സ്ഥലങ്ങളില്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ ആരംഭിക്കും. സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പായി റോഡുകളില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍, മരച്ചില്ലകള്‍ എന്നിവ മുറിച്ചു മാറ്റി തീര്‍ഥാടകര്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യും. വനത്തിനുള്ളിലെ ഹോട്ടലുകളുടെ സമീപം ആനകളെ ആകര്‍ഷിക്കുന്ന ഫലവര്‍ഗങ്ങളുടെ മാലിന്യം ഇടുന്നത് തടയും. ഉള്‍വനത്തിലെ മാലിന്യ നിര്‍മാര്‍ജനത്തിനായി ഇക്കോ ഗാര്‍ഡുകളെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തിന് മുന്നോടിയായി മന്ത്രി നിലയ്ക്കല്‍ ബേസ് ക്യാമ്പ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വനത്തിനുള്ളിലെ ജോലിക്കിടെ മരണപ്പെട്ട ഉദ്യോഗസ്ഥരുടെ കുടുംബത്തിനുള്ള ധനസഹായവും യോഗത്തില്‍ മന്ത്രി വിതരണം ചെയ്തു. വനം വകുപ്പ് സെക്രട്ടറി വി വേണു, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി കെ കേശവന്‍, കണ്‍സര്‍വേറ്റര്‍മാരായ വിജയാനന്ദ്, ജോര്‍ജി മാത്യു, ഡി എഫ് ഒ മാരായ സി.കെ.ഹാബി, ഉണ്ണികൃഷ്ണന്‍, രാജേഷ്, റെയിഞ്ച് ഓഫീസര്‍ അജീഷ്, ദേവസ്വം എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ കെ വിനോദ് കുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ശ്രീപത്, പമ്പ സി ഐ കെ.എസ് വിജയന്‍, എസ് ഐ ബാബു രാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

English summary
pathanamthitta local news about pampa rennovation fund.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X