പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ഭക്ഷണം ലഭ്യമാക്കി: മന്ത്രി മാത്യു ടി തോമസ്

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ഭക്ഷണം ലഭ്യമാക്കിയതായി ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ഥിതി വിലയിരുത്തുന്നതിന് തിരുവല്ല റവന്യു ഡിവിഷണല്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യാമ്പുകളില്‍ ഭക്ഷണ വിതരണം കൃത്യമായി നടക്കുന്നുണ്ടെന്നും വൈദ്യസഹായം ലഭ്യമാക്കുന്നുണ്ടെന്നും വില്ലേജ് ഓഫീസര്‍മാര്‍ ഉറപ്പാക്കണം. ക്യാമ്പില്‍ എത്തുന്ന എല്ലാവര്‍ക്കും സഹായം ലഭ്യമാക്കും. വെള്ളം കയറിയതിനാല്‍ ചെറിയ വാഹനങ്ങള്‍ റോഡിലൂടെ പോകാന്‍ കഴിയാത്ത നിരണത്തെ ക്യാമ്പില്‍ ടിപ്പറിലാണ് വില്ലേജ് ഓഫീസര്‍ സാധനങ്ങള്‍ എത്തിച്ചത്. ഇതും സാധ്യമാകാത്ത സ്ഥലങ്ങളില്‍ വള്ളത്തില്‍ ഭക്ഷണം എത്തിച്ചു വരുകയാണ്. എല്ലാ ക്യാമ്പുകളിലും ഭക്ഷണം ലഭ്യമാക്കിയിട്ടുണ്ട്. മെഡിക്കല്‍ ടീം എല്ലാ ക്യാമ്പുകളിലും സന്ദര്‍ശനം നടത്തുന്നെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ഉറപ്പാക്കണം. വില്ലേജ് ഓഫീസര്‍മാര്‍ക്കും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ക്യാമ്പുകളില്‍ എത്തുന്നതിനാവശ്യമായ സൗകര്യം തഹസീല്‍ദാര്‍ ഏര്‍പ്പെടുത്തി നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

pathanamthit

വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ എല്ലാ ക്യാമ്പുകളിലും എത്തുകയും ഭക്ഷണം ലഭ്യമാക്കുകയും ചെയ്യുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. 90 ശതമാനം ക്യാമ്പുകളിലും മെഡിക്കല്‍ ടീം എത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട ചില ക്യാമ്പുകളില്‍ മെഡിക്കല്‍ ടീമിന് എത്താന്‍ കഴിഞ്ഞിട്ടില്ല. ഇവിടെയും ഉടന്‍ വൈദ്യസഹായം ലഭ്യമാക്കും. ഇന്നലെ രാവിലെ വരെയുണ്ടായിരുന്ന 73 ക്യാമ്പുകളുടെ സ്ഥിതി വിലയിരുത്തിയതില്‍ നാലു ക്യാമ്പുകളില്‍ മാത്രമാണ് മെഡിക്കല്‍ ടീമിന് എത്തുന്നതിന് ബുദ്ധിമുട്ടുള്ളതായി കണ്ടെത്തിയത്.

തിരുവല്ല താലൂക്കില്‍ 85 ക്യാമ്പുകളിലായി 1700 കുടുംബങ്ങളിലെ 6500 പേരാണ് കഴിയുന്നത്. പുതുതായി 12 പുതിയ ക്യാമ്പുകള്‍ കൂടി തുടങ്ങി. നിലവിലുള്ള ക്യാമ്പുകളിലേക്ക് കൂടുതല്‍ പേര്‍ ഇനിയും വരാന്‍ സാധ്യതയുണ്ട്. വെള്ളപ്പൊക്കത്തിന്റെ ദുരിതം ഏറെയുള്ളത് കടപ്ര, നിരണം, കാവുംഭാഗം, നെടുമ്പ്രം വില്ലേജുകളിലാണ്. ഇന്നലെ രാവിലെ വരെ കടപ്രയില്‍ 15 ഉം നിരണത്ത് 11 ഉം കാവുംഭാഗത്ത് എട്ടും നെടുമ്പ്രത്ത് ഏഴും ക്യാമ്പുകളുണ്ടായിരുന്നത്.

73 ക്യാമ്പുകളിലെ സ്ഥിതി വിലയിരുത്തിയതില്‍ ആറിടത്ത് മാത്രമാണ് അപര്യാപ്തതകള്‍ കണ്ടെത്തിയത്. ഇതു പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കാന്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. ക്യാമ്പുകളില്‍ വെള്ളം തിളപ്പിച്ച് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവരുടെ ഭക്ഷണം, ആരോഗ്യം, താമസം എന്നിവയ്ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. കൃഷി നാശം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടുത്ത ഘട്ടത്തില്‍ പരിഗണിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വില്ലേജ് ഓഫീസര്‍മാര്‍ യഥാസമയം തഹസീല്‍ദാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. തഹസീല്‍ദാര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കൃത്യമായി കളക്ടറേറ്റിലേക്ക് നല്‍കണം. യഥാസമയം നടപടി സ്വീകരിക്കുന്നതിന് വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. ക്യാമ്പുകളില്‍ മെഡിക്കല്‍ ടീം എത്തിയിട്ടുണ്ടോയെന്ന് തഹസീല്‍ദാര്‍മാര്‍ ഉറപ്പാക്കണം. ദുരിതാശ്വാസ പ്രവര്‍ത്തനം ഗൗരവമേറിയ സേവനമായി കണ്ട് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുള്ള ധനസഹായം ഉടന്‍ തന്നെ ബന്ധപ്പെട്ട കുടുംബാംഗത്തിന്റെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കണം. ഇതിനാവശ്യമായ അക്കൗണ്ട് നമ്പരും ആധാര്‍ നമ്പരും ബന്ധപ്പെട്ട ഗുണഭോക്താവ് വില്ലേജ് ഓഫീസര്‍ക്ക് നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. കടപ്ര വില്ലേജിലെ 15 ക്യാമ്പുകളില്‍ ഭക്ഷണവും വൈദ്യസഹായവും ലഭ്യമാക്കിയതായി വില്ലേജ് ഓഫീസര്‍ അറിയിച്ചു. മുണ്ടപ്പള്ളി കോളനിയിലുള്ളവരെ സുരക്ഷിതമായി മാറ്റി താമസിപ്പിച്ചു. കഴുപ്പില്‍ കോളനിയിലേക്ക് വള്ളത്തില്‍ സാധനങ്ങള്‍ എത്തിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഒറ്റപ്പെട്ടു പോയിട്ടുള്ള പെരിങ്ങര വില്ലേജിലെ ചാത്തങ്കേരി എസ്എന്‍ഡിപി സ്‌കൂള്‍, ഗണപതിപുരം എസ്എന്‍ഡിപി ഓഡിറ്റോറിയം, മേപ്രാല്‍ സെന്റ് ജോണ്‍സ്, മേപ്രാല്‍ ഗവ.എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് മെഡിക്കല്‍ ടീമിനെ ഉടന്‍ നിയോഗിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് സഹായം എത്തിക്കുന്നതിന് കൂടുതല്‍ ഡിങ്കികള്‍ ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

നിരണം വില്ലേജില്‍ 10 ക്യാമ്പുകളാണുള്ളത്. ഇതില്‍ തായനാരിലെ വീട്ടിലെ ക്യാമ്പിലേക്കും ആശാന്‍കുടി അംഗന്‍വാടിയിലേക്കും എത്താന്‍ ബുദ്ധിമുട്ടുള്ളതായി വില്ലേജ് ഓഫീസര്‍ അറിയിച്ചു. ഇവിടേക്ക് ആവശ്യമായ ഭക്ഷണത്തിനുള്ള സാധനങ്ങള്‍ പ്രദേശത്തെ കടകളില്‍ നിന്ന് വാങ്ങുന്നതിന് നടപടിയെടുത്തു. കാവുംഭാഗം വില്ലേജില്‍ ക്യാമ്പുകളുടെ എണ്ണം ഏഴായി ഉയര്‍ന്നു. ബുധനാഴ്ച രാത്രിയില്‍ അഴിയിടത്തുചിറ ഗവ.ഹൈസ്‌കൂളില്‍ ക്യാമ്പ് തുടങ്ങി. നെടുമ്പ്രം വില്ലേജില്‍ ഏഴു ക്യാമ്പുകളാണുള്ളത്. കുറ്റപ്പുഴയിലെ അഞ്ച് ക്യാമ്പുകളിലും ഭക്ഷണവും വൈദ്യസഹായവും ലഭ്യമായിട്ടുണ്ടെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു. കാക്കതുരുത്ത് കോളനിയില്‍ സാധനങ്ങള്‍ എത്തിക്കുന്നതിനായി ചങ്ങാടം ക്രമീകരിച്ചു നല്‍കിയതായി തിരുവല്ല നഗരസഭ ചെയര്‍മാന്‍ കെ.വി. വര്‍ഗീസ് പറഞ്ഞു. കോയിപ്രം വില്ലേജിലെ നാല് ക്യാമ്പുകളില്‍ ഡിഎംഒയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം സന്ദര്‍ശനം നടത്തി. കുറ്റൂര്‍ വില്ലേജിലെ എട്ട് ക്യാമ്പുകളില്‍ കദളിമംഗലം എല്‍പിഎസിലെ ക്യാമ്പില്‍ എത്താന്‍ പ്രയാസമുള്ളതായി വില്ലേജ് ഓഫീസര്‍ അറിയിച്ചു. ഭക്ഷണം തയാറാക്കുന്നതിനാവശ്യമായ സാധനങ്ങള്‍ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. കവിയൂര്‍ വില്ലേജില്‍ നിലവില്‍ ഒരു ക്യാമ്പാണ് ഉള്ളത്. പടിഞ്ഞാറ്റുശേരി ഗവ.എല്‍പിഎസിലാണ് നിലവിലെ ക്യാമ്പ്. കവിയൂര്‍ വില്ലേജില്‍ ഒരു ക്യാമ്പ് കൂടി തുടങ്ങേണ്ടി വരുമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു.

കാവുംഭാഗം എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ ആറു കുടുംബങ്ങള്‍ കഴിയുന്നത് ക്യാമ്പായി പരിഗണിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. തോട്ടപ്പുഴശേരി വില്ലേജില്‍ രണ്ടും തിരുവല്ല വില്ലേജില്‍ നാലും ഇരവിപേരൂര്‍ വില്ലേജില്‍ ഒന്‍പതും മല്ലപ്പള്ളിയില്‍ രണ്ടും ക്യാമ്പുകളുണ്ട്. നിരണം, കാവുംഭാഗം, പെരിങ്ങര വില്ലേജുകള്‍ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനം വേണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ അറിയിച്ചു. ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

യോഗത്തില്‍ തിരുവല്ല നഗരസഭ ചെയര്‍മാന്‍ കെ.വി. വര്‍ഗീസ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ തോമസ്, കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എലസബത്ത് മാത്യു, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എന്‍.രാജീവ്, തിരുവല്ല ആര്‍ഡിഒ റ്റി.കെ. വിനീത്, തിരുവല്ല തഹസീല്‍ദാര്‍ ശോഭന ചന്ദ്രന്‍, വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Pathanamthitta Local News food in rehabilitation camps.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X