പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ചവരിൽ കൂടുതലും തൊഴിലുറപ്പ് തൊഴിലാലികൾ; ജാഗ്രത നിർദേശം
പത്തനതിട്ട: ജില്ലയിൽ കഴിഞ്ഞ ജനുവരി മുതൽ ജൂൺ വരെ 68 പേർക്ക് എലിപ്പനി സ്ഥിരീകരിക്കുകയും പുറമറ്റത്ത് എലിപ്പനി ബാധിച്ച് കഴിഞ്ഞയാഴ്ച ഒരു എൻആർഇജിഎസ് തൊഴിലാളി മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടറേറ്റിൽ എഡിഎം പി.റ്റി.എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുമേധാവികളുടെ യോഗത്തിൽ തീരുമാനിച്ചു.
എലിപ്പനി ബാധ സ്ഥിരീകരിച്ചവരിൽ ഭൂരിപക്ഷവും തൊഴിലുറപ്പ് തൊഴിലാളികളാണ്. കനാലുകൾ വൃത്തിയാക്കുന്നതിനും ജലാശയങ്ങൾ വൃത്തിയാക്കുന്നതിനും വേണ്ടത്ര മുൻകരുതലുകൾ ഇല്ലാതെ വെള്ളത്തിൽ ഇറങ്ങിയതുമൂലമാണ് ഇവർക്ക് എലിപ്പനി ബാധിച്ചത്. കാലവർഷം ശക്തമായ സാഹചര്യത്തിൽ മൂന്നു മാസം തൊഴിലുറപ്പ് ജോലികളിൽ കനാൽ വൃത്തിയാക്കലും മലിനജലാശയങ്ങൾ വൃത്തിയാക്കലും പോലെയുള്ളവ ഒഴിവാക്കുകയോ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ തൊഴിലാളികൾക്ക് നൽകുകയോ ചെയ്യണമെന്ന് ഡിഎംഒ പറഞ്ഞു.

വെള്ളത്തിലിറങ്ങുന്ന തൊഴിലാളികൾക്കും കർഷകർക്കും മുൻകരുതൽ എന്ന നിലയിൽ ഡോക്സിസൈക്ലിൻ ടാബ്ലറ്റുകൾ എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാണ്. തൊഴിലുറപ്പ് തൊഴിലാളികൾ നിർബന്ധമായും ഈ ടാബ്ലറ്റുകൾ ആഴ്ചയിലൊരിക്കൽ കഴിക്കുവാൻ ശ്രദ്ധിക്കണം. വെള്ളക്കെട്ടുകളിലും നനവുള്ള പ്രതലങ്ങളിലുമാണ് എലിപ്പനിയുടെ രോഗാണുക്കൾ സജീവമായിരിക്കുന്നത്. എലികൾ, വളർത്തുമൃഗങ്ങൾ എന്നിവ ഇതിന്റെ രോഗാണുവാഹകരാണ്.
ഇവയുടെ മൂത്രം കലർന്ന വെള്ളമോ മണ്ണോ ശരീരത്തിലെ മുറിവുള്ള ഭാഗവുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് രോഗാണുക്കൾ മനുഷ്യരിലേക്ക് പ്രവേശിക്കുന്നത്. പനി, പേശിവേദന, കണ്ണിന് ചുവപ്പ് എന്നിവ പ്രധാന ലക്ഷണങ്ങളാണ്. ആന്തരിക അവയവങ്ങളെ ബാധിക്കുന്നതിനനുസരിച്ച് മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രത്തോടൊപ്പം രക്തം പുറത്തുവരിക, ചുമ, നെഞ്ചുവേദന എന്നിവയും ഉണ്ടാകും.
ഡങ്കിപ്പനി ബാധയിലും ജില്ലയിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഡങ്കിപ്പനിയിൽ നാല് തരം വൈറസുകളാണുള്ളത്. ഇതിൽ ഏറെ അപകടകരമായ ടൈപ്പ് ത്രീ വൈറസിന്റെ സാന്നിധ്യം ജില്ലയിൽ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. നാറാണംമൂഴി പഞ്ചായത്തി ൽ 11 വയസുള്ള കുട്ടിയ്ക്കാണ് ടൈപ്പ് ത്രീ വൈറസ് സ്ഥിരീകരിച്ചത്. ഈ സീസണിൽ 300 ലധികം ഡങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുകയും ഒരാൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഡങ്കിപ്പനി വർദ്ധനവിന്റെ പ്രധാന കാരണം ഉപേക്ഷിക്കപ്പെട്ട തോട്ടങ്ങളും മാലിന്യ നിക്ഷേപങ്ങളുമാണ്.
തരിശായി കിടക്കുന്ന സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇത് ഒഴിവാക്കുന്നതിന് അടിയന്തര പരിഹാരം എന്ന നിലയിൽ ക്ലോറിനേഷൻ നടത്തുന്നതോടൊപ്പം കൃഷി വകുപ്പ് ദീർഘകാല അടിസ്ഥാനത്തിൽ തരിശ് ഒഴിവാക്കുന്നതിനുള്ള നടപടികളും ത്വരിതപ്പെടുത്തണം. വാർഡുതല ശുചിത്വ സമിതികളുടെ പ്രവർത്തനം മിക്ക പഞ്ചായത്തുകളിലും കാര്യക്ഷമമല്ലെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്.
ഓരോ വാർഡിലും ശുചികരണ പ്രവർത്തനങ്ങൾക്ക് 25000 രൂപ വീതം ചെലവഴിക്കുന്നതിന് അനുമതി നൽകിയിരുന്നെങ്കിലും പകുതിയോളം പഞ്ചായത്തുകൾ ഇക്കാര്യത്തിൽ കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചിട്ടില്ല. തോട്ടങ്ങളിൽ ചിരട്ടകൾ കമിഴ്ത്താതിരിക്കുകയും മാലിന്യ നിക്ഷേപം നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.
ജില്ലയിലെ തട്ടുകടകൾ മാലിന്യങ്ങൾ ഓടകളിലേക്ക് ഒഴുക്കുന്നതുമൂലം വലിയ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഇക്കാര്യത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്കെതിരെ അടിയന്തര നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. ശുചിയായ പരിസരമില്ലാത്ത സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശമുണ്ട്.
ഇത് കർശനമായി നടപ്പാക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നെങ്കിലും ഇക്കാര്യത്തിൽ കാര്യക്ഷമമായ നടപടികൾ ഉണ്ടായിട്ടില്ല എന്ന് യോഗം വിലയിരുത്തി. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ എൻജിനീയർമാർ സ്കൂളുകളിലെ ഫിറ്റ്നസുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. സ്കൂളുകൾക്ക് അപകടകരമായി സ്വകാര്യ ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ ഉൾപ്പെടെ വെട്ടിമാറ്റുന്നതിന് നടപടി സ്വീകരിക്കേണ്ടത് പഞ്ചായത്ത് സെക്രട്ടറിമാരാണ്. ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കാത്ത പക്ഷം ദുരന്തങ്ങളുടെ പൂർണ ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാർക്കായിരിക്കും.
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ.ഷീജ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റ്റി.അനിതാകുമാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
നാല് തരം വൈറസുകളും ജില്ലയിൽ സ്ഥിരീകരിച്ചു
ഡങ്കിപ്പനിക്ക് കാരണമായ നാല് തരം വൈറസുകളെയാണ് ഇതുവരെ കണ്ടെത്തിയിട്ടു ള്ളത്. ഈ നാലുതരം വൈറസുകളുടെയും സാന്നി ധ്യം ജില്ലയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഡങ്കിപ്പനി സ്ഥിരീകരിച്ച രോഗികളിൽ നിന്നും രക്തസാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ നൽകിയിരുന്നു. ഈ പരിശോധയിൽ ടൈപ്പ് ത്രീ വൈറസിന്റെ സാന്നിധ്യവും ജില്ലയിലുണ്ടെന്ന് വ്യക്തമായി. മറ്റ് മൂന്നുതരം വൈറസുകളെ അപേക്ഷിച്ച് ടൈപ്പ് ത്രീ വൈറസുകൾ കൂടുതൽ മാരകമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ.ഷീജ അറിയിച്ചു. ആവർത്തിച്ചുള്ള രോഗബാധ മരണനിരക്ക് കൂടുന്നതിന് കാരണമാകുന്നതിനാൽ ഡങ്കി വൈറസുകളെ മനുഷ്യനിലെത്തിക്കുന്ന ഈഡിസ് കൊതുകുകളെ ഇല്ലാതാക്കുന്ന പ്രവർത്തനത്തിൽ എല്ലാവരുടെയും ആത്മാർഥമായ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും ഡിഎംഒ അഭ്യർഥിച്ചു.
ഡങ്കിപ്പനി ബോധവത്ക്കരണം
ആറന്മുള പഞ്ചായത്തിൽ നടക്കുന്ന ഡങ്കിപ്പനി നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിന്റെയും വല്ലന സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആറന്മുള ശ്രീവിജയാനന്ദ വിദ്യാപീഠം ഹൈസ്കൂളിൽ വിദ്യാർഥി കൾക്കായി ആരോഗ്യബോധവത്ക്കരണ ക്ലാസ് നടത്തി. ഹെഡ്മിസ്ട്രസ് എസ്.ലത, ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ.സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ റ്റി.കെ.അശോക് കുമാർ, എ.സുനിൽ കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു.
എലിപ്പനി തടയാൻ ഡോക്സിസൈക്ലീൻ ടാബ്ലറ്റ് കഴിക്കണം
ജില്ലയിൽ തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ, ഓടകൾ, കുളം, കനാലുകൾ എന്നിവ വൃത്തിയാക്കുന്നവർ തുടങ്ങി മലിനജലവുമായി സമ്പർക്കമുണ്ടാക്കുന്ന ജോലികളിൽ ഏർപ്പെടുന്ന എല്ലാവരും എലിപ്പനി പ്രതിരോധത്തിനായി ഡോക്സിസൈക്ലിൻ ടാബ് ലറ്റുകൾ കഴിക്കണമെന്ന് ഡിഎംഒ അറിയിച്ചു. ഈ ടാബ് ലറ്റുകൾ എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാണ്.












Click it and Unblock the Notifications