പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമലയിൽ കന്നിമാസ പൂജയ്ക്ക് തീർഥാടകരെ കടത്തിവിടാൻ സംവിധാനങ്ങൾ പൂർത്തിയാക്കി ദേവസ്വം ബോർഡ്

  • By Desk
Google Oneindia Malayalam News

ശബരിമല: പ്രളയം കനത്ത നാശം വിതച്ച പമ്പയിലൂടെ കന്നിമാസ പൂജയ്ക്കായി തീർഥാടകരെ കടത്തിവിടുന്നതിനുള്ള താത്ക്കാലിക സംവിധാനങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. പമ്പയിലെ രണ്ട് പാലങ്ങളുടെ മുകളിൽ പൂർണമായും മണ്ണ് അടിഞ്ഞ് കൂടിയതുമൂലം ഇവ കണ്ടെത്താനാവാത്ത അവസ്ഥയായിരുന്നു.

ദളിത് പദം അപമാനമല്ല... പിന്നെന്തിനാണ് അത് വിലക്കുന്നത്...ബിജെപിക്കെതിരെ കേന്ദ്ര മന്ത്രി

ദേവസ്വം ബോർഡ് നിയോഗിച്ച 300ഓളം തൊഴിലാളികളും ജീവനക്കാരും ചേർന്ന് നടത്തിയ പരിശ്രമത്തിലാണ് മണ്ണടിഞ്ഞുകൂടിയ പാലങ്ങൾ കണ്ടെത്തി മണ്ണ് നീക്കം ചെയ്തത്. പ്രളയത്തിൽ പമ്പ ഗതിമാറി പമ്പ മണൽപ്പുറത്തുകൂടിയാണിപ്പോൾ ഒഴുകുന്നത്. നേരത്തേ ത്രിവേണി പാലത്തി ൽ നിന്നും തീർഥാടകർ ഇറങ്ങുന്നത് പമ്പാ മണൽപ്പുറത്തേക്കായിരുന്നു. ഈ മണൽപ്പുറമാണ് ഇപ്പോൾ നദി കവർന്നെടുത്തത്.

Sabarimala

ഈ ഭാഗത്ത് നദിയിൽ കല്ലുകൾ അടുക്കിയും മണൽചാക്കുകൾ നിരത്തിയും തകർന്നുപോയ രാമമൂർത്തി മണ്ഡപത്തിനടുത്തേക്ക് നടന്നു പോകാവുന്ന രീതിയിൽ അയ്യപ്പസേതു എന്ന പേരിൽ ഒരു താത്ക്കാലിക സംവിധാനം ഒരുക്കിയതോടെ പമ്പയുടെ മറുകരയിൽ എത്താൻ കഴിഞ്ഞു. ഇവിടെനിന്നും തകർന്ന കെട്ടിടങ്ങളുടെ ഇടയിലൂടെ പമ്പ ഗണപതി ക്ഷേത്രത്തിലെത്താം. പാലത്തിലൂടെ എത്തുന്ന ട്രാക്ടറുകൾക്കും മറുകരയെത്തി പഴയ ശുചിമുറികളുടെ പിന്നിലൂടെ സന്നിധാനത്തേക്ക് കടന്നുപോകാവുന്ന രീതിയിൽ ക്രമീകരണങ്ങളാക്കിയിട്ടുണ്ട്.

പമ്പയിലെ വൈദ്യുതി വിതരണസംവിധാനങ്ങളും തെരുവുവിളക്കുകളും ജലവിതരണ സംവിധാനങ്ങളും പൂർണമായും തകരുകയും രാമമൂർത്തി മണ്ഡപം ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ നിലംപതിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ പമ്പയിലെ ആശുപത്രിയുടെ ഒന്നാം നിലയുടെ മുക്കാൽ ഭാഗത്തോളം മണ്ണ് നിറഞ്ഞ അവസ്ഥയിലാണ്. വൈദ്യുതി ബോർഡും വാട്ടർ അതോറിറ്റിയും കന്നിമാസപൂജയ്ക്ക് മുമ്പായി അത്യാവശ്യ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തി വരുകയാണ്. സർക്കാർ വകുപ്പുകൾ നടത്തിവരുന്ന താത്ക്കാലിക പ്രവർത്തനങ്ങൾ 12ന് മുമ്പ് പൂർത്തിയാക്കുന്നതിന് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. സന്നിധാനത്തേക്കുള്ള വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതോടെ തീർഥാടകർക്ക് സന്നിധാനത്തേക്ക് കടന്നുപോകുവാൻ കഴിയും.

കഴിഞ്ഞ മാസപൂജയ്ക്കും നിറപുത്തരിക്കും തീർഥാടകരെ കടത്തിവിടുവാൻ കഴിഞ്ഞിരുന്നില്ല. ഇതുമൂലം ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ധാരാളം തീർഥാടകർക്ക് ശബരിമലയിലെത്തുവാൻ കഴിഞ്ഞില്ല. ഇവരെല്ലാവരും ഈ മാസം ദർശനത്തിന് എത്തുന്നതിന് നിരവധി അന്വേഷണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ചില തീർഥാടകർ ശബരിമല ദർശനത്തിനായി എടുത്ത വ്രതം ഇപ്പോഴും തുടരുകയാണ്.

ഈ സാഹചര്യത്തിൽ തീർഥാടകരുടെ പ്രതീക്ഷകൾ സഫലമാക്കുന്നതിനുള്ള നടപടികളിലാണ് ദേവസ്വം ബോർഡ് പൂർണമായും ഏർപ്പെട്ടിട്ടുള്ളതെന്ന് പ്രസിഡന്റ് പറഞ്ഞു. ത്രിവേണി പാലം ഗതാഗതയോഗ്യമാക്കിയതോടെ ട്രാക്ടറുകളും ഹിറ്റാച്ചികളും മറുകരയിലെത്തിക്കാൻ കഴിഞ്ഞു. ഇതുമൂലം പ്രവർത്തനങ്ങൾ ഇപ്പോൾ വേഗത്തിൽ പൂർത്തിയാകുന്നുണ്ട്. താത്ക്കാലികമായുള്ള എല്ലാ സംവിധാനങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തീകരിക്കാവുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.

അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പമ്പാ റിനോവേഷൻ ആൻഡ് റിലീഫ് ഫണ്ടിലേക്ക് അഖില ഭാരത അയ്യപ്പസേവാസംഘം 10 ലക്ഷം രൂപ സംഭാവന ചെയ്തു. അഖിലഭാരത അയ്യപ്പസേവാസംഘം ദേശീയ പ്രസിഡന്റ് തെന്നലബാലകൃഷ്ണപിള്ളയാണ് പത്ത് ലക്ഷം രൂപയുടെ ചെക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന് കൈമാറിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം ബോർഡ് അംഗങ്ങളായ കെ.രാഘവൻ, കെ.പി.ശങ്കരദാസ്, അഖിലഭാരത അയ്യപ്പസേവാസംഘം ദേശീയ ജനറൽ സെക്രട്ടറി വേലായുധൻ നായർ,ട്രഷറർ മോഹൻ കെ.നായർ, ദേശീയ പ്രവർത്തക സമിതി അംഗം വികെ.രാജഗോപാൽ,ദേവസ്വം കമ്മീഷണർ എൻ .വാസു, ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ, ചീഫ് എഞ്ചിനീയർ ശങ്കരൻപോറ്റി, ദേവസ്വം അസി.കമ്മീഷണർ യതീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.

പമ്പാ നവീകരണ ഫണ്ടിലേക്ക് വിശ്വാസസമൂഹം ഉദാരമായി സംഭാവന ചെയ്യണമെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ അഭ്യർത്ഥിച്ചു. മഹാപ്രളയത്തിൽ 100 കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ച പമ്പയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപീകരിച്ചതാണ് പമ്പ റിനോവേഷൻ ആൻഡ് റിലീഫ് ഫണ്ട്. ധനലക്ഷ്മി ബാങ്കിന്റെ താഴെപ്പറയുന്ന അക്കൗണ്ടിൽ സംഭാവനകൾ നൽകാവുന്നതാണ്. അക്കൗണ്ട് നമ്പർ027500100061457, ഐഎഫ്എസ്‌സി കോഡ്ഡിഎൽഎക്‌സ്ബി 0000275

English summary
Pathanamthitta Local News about Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X