ശബരിമലയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്; വിന്യസിച്ചിരിക്കുന്നത് 680 ഉദ്യോഗസ്ഥരെ
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി സന്നിധാനം പോലീസ് കണ്‍ട്രോളര്‍ എ.ആര്‍. പ്രേംകുമാര്‍ പറഞ്ഞു. മുന്‍കാലങ്ങളിലെ പോലീസിന്റെ പ്രവര്‍ത്തനങ്ങളും നേരിടേണ്ടി വന്ന പ്രത്യേക സാഹചര്യങ്ങളും വിലയിരുത്തി കൂടുതല്‍ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
സന്നിധാനത്തും പരിസരത്തുമായി 680 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. 580 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, ആറ് ഡിവൈഎസ്പിമാര്‍, 50 എസ്ഐ /എഎസ്ഐമാര്‍, 15 സിഐമാര്‍ എന്നിവര്‍ അടങ്ങുന്നതാണ് സംഘം. കേരള പോലീസിന്റെ കമാന്‍ഡോ വിഭാഗം, സ്‌പെഷ്യല്‍ ബ്രാഞ്ച്, വയര്‍ലസ് സെല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സേവനം അനുഷ്ഠിക്കുന്നുണ്ട്.സുരക്ഷാ നിരീക്ഷണത്തിന്റെ ഭാഗമായി സന്നിധാനത്ത് 76 സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. സി സി ടി വി നിരീക്ഷണത്തിനായി നാലുപേരും, ടെലി കമ്യൂണിക്കേഷനില്‍ 20 പേരും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് ഷിഫ്റ്റുകളായി 24 മണിക്കൂറും പോലീസ് അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു.

അതേസമയം, പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ഇനി പോലീസും ട്രാക്ടര്‍ ഓടിക്കും. പോലീസിന്റെ സാധനങ്ങളും ഉപകരണങ്ങളും പമ്പയില്‍ നിന്ന് സന്നിധാനത്ത് എത്തിക്കുന്നതിനാണ് പോലീസ് സേന അവരുടെ സ്വന്തം ട്രാക്ടര്‍ ഉപയോഗിക്കുക. സന്നിധാനത്തെ പോലീസ് മെസിലേക്കുള്ള സാധനങ്ങള്‍, പോലീസ്, എന്‍ഡിആര്‍എഫ്, ആര്‍എഫ് എന്നിവരുടെ ഉപകരണങ്ങള്‍, സാധനങ്ങള്‍ എന്നിവ എത്തിച്ചു നല്‍കുകയാണ് ലക്ഷ്യം.
മുന്‍ വര്‍ഷങ്ങളില്‍ പോലീസിന്റെ ട്രാക്ടറില്‍ കരാര്‍ ഡ്രൈവര്‍മാരാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍, ഇനി പരിശീലനം ലഭിച്ച പോലീസുകാരാണ് ട്രാക്ടര്‍ ഓടിക്കുക. പമ്പ സ്റ്റേഷന്‍, പത്തനംതിട്ട എആര്‍ ക്യാമ്പ്, പോലീസ് അക്കാഡമി എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് ട്രാക്ടറുകളാണ് സര്‍വീസ് നടത്തുക. അതിനായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 42 പേരാണ് പരിശീലനം നേടിയത്. ആദ്യഘട്ടത്തില്‍ ഏഴു ഡ്രൈവര്‍മാരാണ് എത്തിയിട്ടുള്ളത്
അതേസമയം, ശബരിമലയിൽ ഭക്തർക്ക് കൂടുതൽ ഇളവുകൾ അനുവദിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ജലനിരപ്പ് താഴുമ്പോൾ പമ്പാ സ്നാനം അനുവദിക്കും. പരമ്പരാഗത പാത വഴിയുളള മലകയറ്റം അനുവദിക്കുന്നതും പരിഗണനയിലുണ്ട്. സന്നിധാനത്ത് ഭക്തർക്ക് വിരിവയ്ക്കാൻ അനുമതി നൽകുന്നതിലും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നതോടെ അന്തിമ തീരുമാനം ഉടനുണ്ടാകും.












Click it and Unblock the Notifications