പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരിതാശ്വാസ ക്യാമ്പുകളുമായി ബന്ധപ്പെട്ട അപര്യാപ്തതകള്‍ മന്ത്രിസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരും: മാത്യു ടി തോമസ്

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ദുരിതാശ്വാസ ക്യാമ്പുകളിലെ ആഹാരത്തിനായി വകയിരുത്തിയിട്ടുള്ള തുകയിലെ കുറവും, രോഗങ്ങളും മറ്റും മൂലം ക്യാമ്പുകളില്‍ വരാന്‍ കഴിയാതെ വീടുകളില്‍ കഴിയുന്നവര്‍ക്കും സഹായം ലഭ്യമാക്കണമെന്ന ആവശ്യവും ഇന്നു ചേരുന്ന മന്ത്രിസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

pta

ദുരിതാശ്വാസ ക്യാമ്പുകളിലെ ആഹാര ക്രമീകരണം സര്‍ക്കാര്‍ തലത്തില്‍ ചെയ്യും. ആഹാരത്തിനായി ഇപ്പോള്‍ വകയിരുത്തിയിട്ടുള്ള തുക അപര്യാപ്തമാണെന്ന് വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിക്കവേ ജനപ്രതിനിധികള്‍ മന്ത്രിയോട് പരാതി പറഞ്ഞു. ഇക്കാര്യം മന്ത്രിസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. പെട്ടെന്നുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ക്യാമ്പുകളില്‍ കഴിയുന്ന പലരും ആവശ്യത്തിനുള്ള തുണികള്‍ എടുക്കാതെയാണ് ക്യാമ്പുകളിലേക്ക് മാറിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ തുണികളും, പുതപ്പ്, ബെഡ് ഷീറ്റ് തുടങ്ങിയവയും ക്യാമ്പുകളില്‍ ലഭ്യമാക്കാന്‍ കഴിയുന്ന സന്നദ്ധ സംഘടനകള്‍ മുന്നോട്ടു വരണം. വ്യക്തികളും സന്നദ്ധ സംഘടനകളും യുവജനസംഘടനകളും മതസ്ഥാപനങ്ങളും ഉള്‍പ്പെടെ പൊതുസമൂഹം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
മാത്യു-ടി-തോമസ്

വീടുകളില്‍ വെള്ളം കയറി അവിടെ താമസിക്കാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേകമായ താമസ സൗകര്യം ഒരുക്കി അവിടെ ആവശ്യമായ ഭക്ഷണം, വൈദ്യസഹായം തുടങ്ങിയവ ഉറപ്പുവരുത്തുകയെന്നതാണ് സര്‍ക്കാരിന്റെ നയം. ആവശ്യമായ ഭക്ഷണവും അനുബന്ധ സംവിധാനങ്ങും താലൂക്ക് ഓഫീസിന്റെയും വില്ലേജ് ഓഫീസിന്റെയും ചുമതലയില്‍ വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്. വൈദ്യ പരിശോധനയ്ക്കായി പ്രത്യേക ടീമുകള്‍ എല്ലാ ക്യാമ്പുകളിലും സന്ദര്‍ശനം നടത്തും. ക്യാമ്പുകളിലേക്ക് വരാതെ വീടുകളില്‍ തന്നെ ബുദ്ധിമുട്ടി കഴിയുന്ന ആളുകള്‍ക്ക് എത്രമാത്രം സഹായം വിതരണം ചെയ്യാന്‍ കഴിയുമെന്നത് അടക്കമുള്ള കാര്യങ്ങള്‍ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വയ്ക്കുമെന്ന് റവന്യു മന്ത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം ഉറപ്പു നല്‍കി. ആറന്മുള നിയോജകമണ്ഡലത്തിലെ എഴിക്കാട് കോളനിയിലെ കമ്യൂണിറ്റി സെന്ററിലെ ക്യാമ്പ് സന്ദര്‍ശിക്കവേ, ക്യാമ്പുകളിലേക്ക് വരാന്‍ കഴിയാതെ രോഗബാധിതരായി ശയ്യാവലംബരായി വീടുകളില്‍ കഴിയേണ്ടി വരുന്ന വര്‍ക്കും ദുരിതാശ്വാസ സഹായം ലഭ്യമാക്കണമെന്ന ആവശ്യം ജനപ്രതിനിധികളും അന്തേവാസികളും മന്ത്രി മാത്യു ടി തോമസിനോടും വീണാ ജോര്‍ജ് എംഎല്‍എയോടും അഭ്യര്‍ഥിച്ചു. ഇതേ തുടര്‍ന്ന് മന്ത്രി മാത്യു ടി. തോമസ് റവന്യു മന്ത്രിയെ ഫോണില്‍ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീണാ ജോര്‍ജ് എംഎല്‍എയും റവന്യു മന്ത്രിയുമായി സംസാരിച്ചു. സര്‍ക്കാരിന്റെ നിലവിലുള്ള ഉത്തരവു പ്രകാരം ഇങ്ങനെ സഹായം ലഭ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇക്കാര്യം റവന്യുമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

അനുവദിച്ചിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ക്യമ്പുകളില്‍ ഉള്ളവര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേസമയം തന്നെ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കുന്നതിന് ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങും ക്യാമ്പുകളുമായി ബന്ധപ്പെട്ട് സജീവമായി പ്രവര്‍ത്തിച്ചു വരുകയാണെന്നും മന്ത്രി പറഞ്ഞു.

English summary
Relief camps related insufficiencies should notice-mathew t thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X