മകരവിളക്ക് മഹോത്സവത്തിന് ശബരിമല പൂര്‍ണ സജ്ജം, കൊവിഡ് മാനദണ്ഡങ്ങള്‍ ശക്തമായി പാലിക്കും
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തിന് പൂര്‍ണ സജ്ജമായെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ. കോവിഡ് മാനദണ്ഡങ്ങള്‍ ശക്തമായി പാലിച്ചാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കുന്നത്. 5000 ഭക്തര്‍ക്കാണ് പ്രവേശനം അനുവദിക്കുന്നത്. അന്നേദിവസം തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കുന്ന 280 പേര്‍ക്കും സന്നിധാനത്തേക്ക് പ്രവേശനം നല്‍കും. ഘോഷയാത്രയില്‍ പങ്കെടുത്തവരുടെ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ പരിശോധിക്കും.
കൂടുതല്‍ സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ സേവനം ഉറപ്പു വരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഭക്തരെ സാമൂഹ്യ അകലം പാലിപ്പിച്ചു കൊണ്ടാകും സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നത്. ഭക്തരെ കൂട്ടം കൂടാനും അനുവദിക്കില്ല. മകരവിളക്ക് ദര്‍ശിക്കാവുന്ന പ്രധാന ഇടങ്ങളിലെല്ലാം ഇന്നലെ മുതല്‍ പോലീസ്, ഫയര്‍ഫോഴ്സ്, വനംവകുപ്പ് പരിശോധനകള്‍ ശക്തമാക്കി. ഇതു മകര വിളക്ക് വരെ തുടരും. എക്സൈസ് പരിശോധനയും കര്‍ശനമാക്കും.
തിരുവാഭരണ ഘോഷയാത്രയുടെ കൂടെ വിവിധ ഇടങ്ങളില്‍ നിന്ന് കയറിയേക്കാവുന്ന പുറത്തു നിന്നുള്ളവരെ തടയാന്‍ ബാരിക്കേഡ് സ്ഥാപിക്കും. അവിടെ കൂടുതല്‍ പോലീസുകാരെ നിയോഗിക്കുകയും ചെയ്യും. തോള്‍സഞ്ചി, ഇരുമുടിക്കെട്ട് എന്നിവയ്ക്കൊപ്പം ബാഗും കൊണ്ടു വരുന്ന ഭക്തരെ അന്ന് പമ്പയില്‍ പരിശോധിക്കാനും തീരുമാനിച്ചു. തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം, കോവിഡ് പരിശോധന കഴിഞ്ഞ ദേവസ്വത്തില്‍ നിന്നുള്ള 100 പേരെയും പോലീസ് വിഭാഗത്തില്‍ നിന്നുള്ള 20 പേരെയും പങ്കെടുപ്പിക്കും.
അന്നേദിവസം അട്ടത്തോട്, നീലിമല, മരക്കൂട്ടം തുടങ്ങിയ ഇടങ്ങളില്‍ ഭക്തര്‍ വിരിവയ്ക്കുന്നത് തടയും. തിരുവാഭരണങ്ങള്‍ സന്നിധാനത്തേക്കു വരുന്ന പ്രധാന വഴികളുടെ കൈവഴികളും അന്നേദിവസം അടച്ച് സുരക്ഷ ശക്തമാക്കും. മകരവിളക്ക് കഴിഞ്ഞ് രാത്രി ഒന്‍പതിനു മുന്‍പ് ഭക്തരെ സന്നിധാനത്തു നിന്നും തിരിച്ചയക്കും. ആരോഗ്യ വകുപ്പിന്റെ സേവനങ്ങളെ കൂടാതെ അയ്യപ്പ സേവാ സംഘത്തിന്റെ അന്നദാനം, ഔഷധ ജലവിതരണം, സ്ട്രെച്ചര്‍, ആംബുലന്‍സ് സൗകര്യങ്ങളും ലഭ്യമാക്കുമെന്നും കടകംപളളി സുരേന്ദ്രൻ വ്യക്തമാക്കി.