പ്രതിഷേധം ഫലം കണ്ടു; തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് കൊവിഡ് പരിശോധന സൌജന്യം
പത്തനംതിട്ട: ശബരിമല അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്രയിൽ കൊവിഡ് പരിശോധന സൌജന്യമായി നടത്തും. തിരുവാഭരണ പേടകം വഹിക്കുന്ന സംഘത്തിലുള്ളവർക്ക് സ്വന്തം ചെലവിൽ ആർടിപിസിആർ പരിശോധന നടത്തണമെന്ന തീരുമാനത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക കൊവിഡ് പരിശോധന സൌജന്യമാക്കാൻ തീരുമാനിച്ചത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് തിരുവാഭരണ ഘോഷയാത്ര നടത്തുക. ഘോഷയാത്രയെ അനുഗമിക്കുന്നവർക്കെല്ലാം കൊവിഡ് പരിശോധനയും ആവശ്യമാണ്. എല്ലാവർക്കും ആർടിപിസിആർ പരിശോധന വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.

അതേസമയം ഇത്തവണത്തെ തിരുവാഭരണ ഘോഷയാത്രയിലും അനുബന്ധ ചടങ്ങുകളിലും രാജ പ്രതിനിധിയുടെ സാന്നിധ്യം ഉണ്ടാവില്ലെന്ന് പന്തളം കൊട്ടാരം അറിയിച്ചിട്ടുണ്ട്. കൊട്ടാരം നിർവ്വാഹക സമിതി അംഗം പിവി ശശികുമാര വർമയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. കൊട്ടാരത്തിൽ അശൂലം ഉണ്ടായതിനാലാണ് പങ്കെടുക്കില്ലെന്ന തീരുമാനമെന്നും കൂടാതെ സന്നിധാനത്തെ ചടങ്ങുകളിലും രാജപ്രതിനിധികൾ പങ്കെടുക്കില്ല. അശൂലം മാറി 16ന് ശേഷം രാജകുടുംബാംഗങ്ങൾ ശബരിമലയിൽ ദർശനത്തിനെത്തും.
ഈ മാസം 14നാണ് ശബരിമലയിൽ മകരവിളക്ക് മഹോത്സവം. ഇതിന്റെ ഭാഗമായാണ് തിരുവാഭരണ ഘോഷയാത്ര പന്തളം കൊട്ടാരത്തിൽ നിന്ന് പുറപ്പെടുന്നത്. ഘോഷയാത്ര പുറപ്പെടുന്നതിന് കൊവിഡ് മുൻനിർത്തിയാണ് ദേവസ്വം ബോർഡ് ഇത്തവണ കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിനെതിരെ രൂക്ഷ വിമർശനം ഉയരുകയായിരുന്നു.












Click it and Unblock the Notifications