വീണാജോര്‍ജ്ജ് എംഎല്‍എ ഇടപെട്ടു: പത്തനംതിട്ടയിലെ സുബല പാര്‍ക്ക് നിര്‍മാണം പൂര്‍ത്തിയാക്കും!
പത്തനംതിട്ട: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മുടങ്ങികിടന്നിരുന്ന പത്തനംതിട്ടയുടെ സ്വപ്നപദ്ധതിയായ സുബല പാര്‍ക്കിന് ചുവപ്പ് നാടയില്‍ നിന്ന് മോചനം. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആറന്മുള എം.എല്‍.എ വീണാജോര്‍ജിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ സുബല പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2019 ഡിസംബറോടെ പൂര്‍ത്തീകരിക്കുന്നതിന് തീരുമാനം ആയി. ഇതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് എംഎല്‍എ നിര്‍ദേശം നല്‍കി. ജില്ലാകളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പട്ടികജാതി വികസന വകുപ്പ് , നിര്‍മിതികേന്ദ്ര, ഡിടിപിസി പ്രതിനിധികള്‍ പങ്കെടുത്തു.
ജില്ലയുടെ ടൂറിസം സാധ്യതകള്‍ മുന്നില്‍ കണ്ട് പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് വെട്ടിപ്രത്ത് അഞ്ചേക്കര്‍ സ്ഥലം സുബല പാര്‍ക്കിനായി ഏറ്റെടുത്തത്. എന്നാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ സുബല പാര്‍ക്ക് എന്ന സ്വപ്നം അവശേഷിക്കുകയായിരുന്നു. പട്ടികജാതിവികസന വകുപ്പിന് കീഴില്‍ വനിതകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വിഭാവനം ചെയ്ത പദ്ധതിയാണ് സുബല പാര്‍ക്ക്. പട്ടികജാതി വകുപ്പ് സംസ്ഥാനത്ത് തന്നെ ആദ്യമായി ആരംഭിച്ച പദ്ധതി കൂടിയാണിത്. ഗേറ്റ് വേ, കണ്‍വന്‍ഷന്‍ സെന്റര്‍, കിച്ചണ്‍ ബ്ലോക്ക്, ഡ്രെയിനേജ്, കോഫീ ഏരിയ, ബോട്ടിംഗ്, എക്സിബിഷന്‍ സ്പേസ്, കംഫര്‍ട്ട് സ്റ്റേഷന്‍, ഷട്ടില്‍ കോര്‍ട്ട്, കുളസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, തീയേറ്റര്‍, ഗെയിമിംഗ് ബ്ലോക്ക്, ഗ്രീന്‍ റൂം, കുട്ടികളുടെ പാര്‍ക്ക്, പൂന്തോട്ടം, ചുറ്റുമതില്‍ തുടങ്ങി വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് സുബല പാര്‍ക്കിന്റെ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അടൂര്‍ നിര്‍മ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. കുളത്തിനു ചുറ്റും മൂന്നു മീറ്റര്‍ വീതിയിലാണു നടപ്പാതയുടെ നിര്‍മാണം. കരിങ്കല്ലുകൊണ്ട് ചുറ്റോടുചുറ്റും ഭിത്തികെട്ടിയാണ് മൂന്നു മീറ്റര്‍ വീതിയില്‍ നടപ്പാതയുടെ പണി നടക്കുന്നത്. ഒരുവശത്തെ ഭിത്തി ഏറെക്കുറെ പൂര്‍ത്തിയായി. സിമന്റ് ഉപയോഗിക്കാതെ കല്ല് അടുക്കിയാണ് ഭിത്തി കെട്ടിയിട്ടുള്ളത്. വെള്ളം ഒഴുകുന്ന ചാല്‍, ഓഡിറ്റോറിയം നവീകരണം എന്നിവയും നടക്കുന്നു. ചാലിന്റെ പണികളും പുരോഗമിക്കുന്നു. കൂടാതെ, കിച്ചണ്‍ ബ്ലോക്കിന്റെ മേല്‍ക്കൂര ഒഴികെയുള്ള നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു.
നഗരമധ്യത്തിലെ തിരക്കില്‍ നിന്ന് മാറി വെട്ടിപ്രത്ത് പ്രകൃതിയുടെ മനോഹാരിതയെല്ലാം ഒപ്പിയെടുത്ത ഇടമാണ് സുബല പാര്‍ക്ക്. സ്വാഭാവിക തടാകം, തുരുത്ത് , തണല്‍വൃക്ഷങ്ങള്‍ തുടങ്ങി മനസിന് ആശ്വാസവും കണ്ണിന് കുളിര്‍മയും നല്‍കുന്ന നിരവധി കാഴ്ചകളാണ് ഇവിടെയുള്ളത്. പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ അത് ജില്ലയുടെ മുഖഛായ തന്നെ മാറ്റുമെന്നുറപ്പാണ്.