സന്ദീപ് കൊല: സിപിഎം - പൊലീസ് ഗൂഢാലോചനയെ രാഷ്ട്രീയമായും നിയമപരമായും നേരിടും: കെ സുരേന്ദ്രൻ
തിരുവല്ല: സി.പി.എമ്മിന്‍റെ ഗുണ്ടാസംഘം നടത്തിയ കൊല ബി.ജെ.പിയുടെ തലയിൽ കെട്ടിവെയ്ക്കാനുള്ള പൊലീസ്-സി.പി.എം ഗൂഢാലോചന ബി.ജെ.പി രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിനെ ഉപയോഗിച്ച് വ്യാജപ്രചരണം നടത്തി നാട്ടിൽ കലാപമുണ്ടാക്കാനുള്ള സി.പി.എമ്മിന്‍റെ അപകടകരമായ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി ശക്തമായി നേരിടുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

സന്ദീപ് വധക്കേസിൽ അറസ്റ്റിലായ മുഹമ്മദ് ഫൈസൽ ബി.ജെ.പിക്കാരനാണോ? ഇയാളുടെ പശ്ചാത്തലമെന്താണെന്ന് പൊലീസ് വ്യക്തമാക്കണം. റെഡ് വളന്‍റിയർ യൂണിഫോമിൽ സി.പി.എം പരിപാടിയിൽ പങ്കെടുക്കാറുള്ള നന്ദുകുമാർ ബി.ജെ.പിയാണോ.? സജീവ സി.പി.എം പ്രവർത്തകനായ വിഷ്ണുകുമാർ എന്ന അഭി ബി.ജെ.പി പ്രവർത്തകനാണോ.? പായിപ്പാട് സ്വദേശിയായ പ്രമോദ് പ്രസന്നൻ ബി.ജെ.പിയാണോ.? ഇവരെല്ലാം സി.പി.എം പ്രവർത്തകരാണെന്ന് വ്യക്തമായിട്ടും ബി.ജെ.പിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതിന് പൊലീസിനെ കൊണ്ട് മറുപടി പറയിപ്പിക്കുക തന്നെ ചെയ്യുമെന്നും സുരേന്ദ്രൻ ആഞ്ഞടിച്ചു.
പിങ്ക് ഗേളായി ഉപ്പും മുളകും സുന്ദരി... ചിത്രങ്ങൾ കാണാം

തിരുവല്ലയിലെ വനിതാ നേതാവ് സി.പി.എം പ്രാദേശിക നേതാവിനെതിരെ ഉയർത്തിയ പീഡന പരാതിയും കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണം. തിരുവല്ലയിലെ കൊലപാതകത്തിൽ ബി.ജെ.പിക്ക് പങ്കില്ലെന്നും രാഷ്ട്രീയ കൊലപാതകമല്ലെന്നും പറഞ്ഞത് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നിശാന്തിനിയാണ്. എന്നാൽ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൊലീസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു - സുരേന്ദ്രൻ വ്യക്തമാക്കി.

കോടിയേരിയുടെ ഭീഷണിക്ക് വഴങ്ങിയാണ് പൊലീസ് ബി.ജെ.പി പ്രവർത്തകർ സംഘം ചേർന്നു സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തിയെന്ന എഫ്.ഐ.ആർ നൽകിയതെന്നും സുരേന്ദ്രൻ ആവർത്തിച്ചു. സി.പി.എം പറയുന്നത് പോലെയാണ് പൊലീസ് പ്രവർത്തിക്കുന്നതെങ്കിൽ അത് അനുവദിച്ചു നൽകാൻ ബി.ജെ.പി ഒരുക്കമല്ല. രാജ്യത്ത് പൊലീസിനും മുകളിൽ മറ്റ് ഭരണഘടനാ സ്ഥാപനങ്ങളും ജുഡീഷ്യറിയുമുണ്ട്. അത് ആരും മറക്കരുത്.

പത്തനംതിട്ട ജില്ലയിലുള്ള സി.പി.എമ്മിലെ ആഭ്യന്തര പ്രശ്നങ്ങളും അന്വേഷണത്തിന് വിധേയമാക്കണം. ഇതും ഒരു പക്ഷേ കൊലപാതകത്തിനു കാരണമാകാൻ സാധ്യതയുണ്ടെന്നും എല്ലാ വശങ്ങളിലൂടെയും പൊലീസ് സസൂക്ഷ്മം അന്വേഷണം നടത്തണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിലെ വയലിൽ വച്ചാണ് കൊലപാതകം നടന്നത്. വയലിന് സമീപത്തെ ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഗുണ്ടാ സംഘം ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. ശരീരമാസകലം സന്ദീപിനെ വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു.

തുടർന്ന് മരണം ഉറപ്പുവരുത്തിയ ശേഷമാണ് പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട അക്രമികളെ 24 മണിക്കൂറിനുള്ളില്‍ അഞ്ചുപ്രതികളെയും പൊലീസ് പിടികൂടുകയായിരുന്നു. പ്രധാന പ്രതി ജിഷ്ണു രഘു, നന്ദു, പ്രമോദ് എന്നിവരെ കരുവാറ്റയിൽ നിന്നും കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഫൈസലിനെ തിരുവല്ല കുറ്റൂരിലെ വാടക മുറിയിൽ നിന്നും അഞ്ചാം പ്രതി അഭിയെ എടത്വയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. പ്രതികളുടെ മൊബൈൽ ഫോൺ അടക്കം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.ആക്രമണം നടന്നയുടൻ സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു. സന്ദീപിന്‍റെ നെഞ്ചിന്‍റെ വലത് ഭാഗത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. നെഞ്ചിൽ മുഴുവനായും ഒൻപത് കുത്തുകളേറ്റിരുന്നു.












Click it and Unblock the Notifications