എകെജി സെന്റര്‍ ആക്രമണക്കേസ് പോലീസ് അട്ടിമറിച്ചു? പ്രതിക്കും സഹായിക്കും സിപിഎം ബന്ധമെന്ന് സൂചന
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസ് പോലീസ് അട്ടിമറിച്ചെന്ന് സൂചന. കേസിലെ പ്രതിക്കും സഹായിക്കും സിപിഎം ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് പോലീസ് തന്നെ അന്വേഷണം അട്ടിമറിച്ചതെന്നാണ് സൂചന. ഏകെജി സെന്റര്‍ ആക്രമണം നടന്ന് രണ്ടാം ദിവസം തന്നെ പോലീസിന് ആരാണ് ഇത് ചെയ്തതെന്ന വിവരങ്ങള്‍ എല്ലാം കൃത്യമായി ലഭിച്ചിരുന്നു.

സിപിഎം സെന്ററിന് മുന്നിലൂടെ പലതവണ പോയ തട്ടുകടക്കാരന്‍ പ്രതിയുടെ സഹായി ആണെന്ന് സംശയങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ട് ആ വഴിക്കുള്ള അന്വേഷണം നിര്‍ത്തിയെന്നാണ് ആരോപണം.
എകെജി സെന്റര്‍ അന്വേഷണം ബോധപൂര്‍വം വഴി തിരിച്ചുവിട്ട ശേഷം ക്രൈംബ്രാഞ്ചിന് കൈമാറി എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ജൂണ്‍ മുപ്പതിന് രാത്രി 11.213നും 11.24നും ഇടയിലായിരുന്നു സ്‌ഫോടക വസ്തു എകെജി സെന്ററിനെതിരെ എറിഞ്ഞത്. എകെജി സെന്ററില്‍ നിന്നും പുറത്തുവിട്ട സിസിസിടിവി ദൃശ്യത്തിന് പുറമേ വ്യക്തമായ സിസിടിവി ദൃശ്യം കൂടി ഉണ്ടായിരുന്നു.
സംശയമുന മുഴുവന്‍ നീണ്ടത് തട്ടുകടകാരനിലേക്കായിരുന്നു. ഇയാള്‍ ഏഴ് തവണയാണ് എകെജി സെന്ററിന് മുന്നിലൂടെ പോയത്. എന്തിനായിരുന്നു ഇതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 10.50നും 11.30നുമാണ് ഇയാള്‍ ഏഴോളം തവണ ഏകെജി സെന്ററിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും സ്‌കൂട്ടറോടിച്ചത്.
അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഈ തട്ടുകടക്കാരന്‍ സ്‌ഫോടക വസ്തു മറ്റൊരാള്‍ക്ക് എത്തിച്ച് നല്‍കി, അയാള്‍ എറിയുകയായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. തട്ടുകടയിലേക്ക് വെള്ളമെടുക്കാനാണ് പോയതെന്നാണ് ഇയാള്‍ പോലീസിനോട് വിശദീകരിച്ചത്. ഈ സ്‌കൂട്ടറില്‍ വെളളത്തിന്റെ ക്യാന്‍ ഉണ്ടായിരുന്നത് ഒരു തവണ മാത്രമാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അത് മാത്രമല്ല സ്‌ഫോടനം നടന്നതിന് പിന്നാലെ എകെജി സെന്ററിന് മുന്നിലൂടെ ഇയാള്‍ കടന്നുപോയെങ്കിലും, പോലീസും ആള്‍ക്കൂട്ടവും ഉണ്ടായിട്ടും തിരിഞ്ഞ് നോക്കിയിട്ടില്ല. ഇതെല്ലാം സംശയത്തിന് ഇടനല്‍കുന്ന കാര്യങ്ങളാണ്.
അന്വേഷണത്തില്‍ പോലീസ് തട്ടുകടക്കാരന്റെ പ്രാദേശിക സിപിഎം ബന്ധം തിരിച്ചറിഞ്ഞതോടെയാണ് പ്രശ്‌നമായത്. ഇയാളുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നിര്‍ത്താന്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ നിര്‍ദേശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ തട്ടുകടക്കാരന്റെ ഫോണ്‍ രേഖ തന്നെ പോലീസ് കൂടുതല്‍ പരിശോധനയ്ക്ക് വിടാതെ ഒളിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന.
ഇയാളുടെ പിന്നാലെ അന്വേഷണം കൊണ്ടുപോകാതെ, പകരം ഡിയോ സ്‌കൂട്ടറിന്റെയും പടക്കക്കാരുടെയും പിന്നാലെ പോയി അന്വേഷണം വഴി മാറി ഇഴഞ്ഞ് നീങ്ങി. സംഭവം നടക്കുമ്പോള്‍ എകെജി സെന്ററിന് കാവലുണ്ടായിരുന്ന ഏഴ് പോലീസുകാരില്‍ അഞ്ചും ഹസ്സന്‍ മരയ്ക്കാര്‍ ഹാളിന് മുകളില്‍ കിടന്നുറങ്ങുകയായിരുന്നുവെന്നുമാണ് വിവരം.












Click it and Unblock the Notifications