'സുധാകരന്‍ സാറിനെ ഉദ്ദേശിച്ചല്ലല്ലോ'; ആര്യാ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റോട് കമന്റ്
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ തെക്കു-വടക്ക് താരതമ്യം വിവാദമായതിന് പിന്നാലെ ഫേസ്ബുക്കിൽ പുതിയ ചിത്രം പങ്കുവെച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ആര്യാ രാജേന്ദ്രനും പങ്കാളി സച്ചിൻദേവ് എംഎൽഎയും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് മേയർ പങ്കുവെച്ചത്. തെക്കും വടക്കും ഒന്നാണ് എന്ന ക്യാപഷനോടെ സച്ചിൻ ദേവിനെ ടാഗ് ചെയ്താണ് മേയർ പുതിയ ചിത്രം പങ്കുവെച്ചത്.
ഓഗസ്റ്റിലാണ് ആര്യയും സച്ചിനും വിവാഹിതരായത്. തിരുവനന്തപുരം സ്വദേശിയാണ് ആര്യാ രാജേന്ദ്രൻ. കോഴിക്കോട് സ്വദേശിയും ബാലുശേരി എംഎൽഎയുമാണ് കെഎം സച്ചിൻദേവ്. ഫോട്ടോയ്ക്ക് ധാരാളം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. തെക്കും വടക്കും പറഞ്ഞ സുധാകരൻ ഇപ്പൊ ബെടക്ക് ആയി, അല്ലെങ്കിലും എന്ത് തെക്കും വടക്കും മനുഷ്യന്മാരെല്ലാം ഒന്നല്ലേ എന്നിങ്ങനെയുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ചിലർ സുധാകരനെ പരിഹസിച്ചും കമന്റുകൾ ഇട്ടിട്ടുണ്ട്.

രാമായണത്തെ ദുർവ്യാഖ്യാനം ചെയ്ത് തെക്കൻ കേരളത്തെ അപമാനിച്ച കെ.സുധാകരന്റെ പ്രസ്താവനയാണ് വിവാദത്തിനു തുടക്കമിട്ടത്. ഒരു ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മലബാറിനെ പുകഴ്ത്തിയും തെക്കൻ ജില്ലകളെ പരിഹസിച്ചും സുധാകരൻ സംസാരിച്ചത്. തെക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള വ്യത്യാസമായിരുന്നു അഭിമുഖത്തിനിടെയുള്ള ചോദ്യം. ചരിത്രപരമായ വ്യത്യാസങ്ങളുണ്ടെന്ന് ആമുഖമായി പറഞ്ഞുകൊണ്ടു സുധാകരൻ ഒരു കഥ വിവരിച്ചു.

സുധാകരൻ നൽകിയ മറുപടി വായിക്കാം - 'അതെ, അതിൽ ചരിത്രപരമായ വ്യത്യാസങ്ങളുണ്ട്. ഞാനൊരു കഥ പറയാം. രാവണനെ വധിച്ച് ശ്രീരാമ ദേവൻ ലങ്കയിൽ നിന്ന് ലക്ഷ്‌മണനും സീതയ്ക്കുമൊപ്പം പുഷ്പക വിമാനത്തിൽ തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിൽ എത്തിയപ്പോൾ തന്റെ സഹോദരനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി പോകാൻ ലക്ഷ്‌മണൻ ആലോചിച്ചു.

എന്നാൽ തൃശ്ശൂരിലെത്തിയപ്പോൾ ലക്ഷ്‌മണന് മനം മാറ്റമുണ്ടായി. അദ്ദേഹത്തിന് പശ്ചാത്താപമുണ്ടായി. എന്നാൽ രാമൻ അദ്ദേഹത്തിന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു, 'ഞാൻ നിന്റെ മനസ് വായിച്ചു. അത് നിന്റെ തെറ്റല്ല. നമ്മൾ കടന്നുവന്ന ഭൂമിയുടെ പ്രശ്നമാണ്'.' ഇത് പറഞ്ഞ് കഴിഞ്ഞ് കെ സുധാകരൻ പൊട്ടിച്ചിരിച്ചുവെന്നും അഭിമുഖത്തിൽ പറയുന്നുണ്ട്

ഇതിന് പിന്നാലെ സുധാകരന്റെ പ്രസ്താവയ്ക്കെതിരെ നിരവധിപേർ രംഗത്തുവന്നു. രൂക്ഷമായ പ്രതിഷേധം ഉയർന്നതോടെ സുധാകരൻ പ്രസ്താവന പിൻവലിച്ചു. ആരേയും മോശക്കാരനാക്കാനും വേര്‍തിരിവ് സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നില്ല പരാമര്‍ശമെന്ന് സുധാകരന്‍ പറഞ്ഞു. മലബാറില്‍ ആളുകള്‍ പരസ്പരം പറയുന്ന കഥ ആവര്‍ത്തിച്ചതാണ്.

ആരുടെയെങ്കിലും വികാരത്തേയോ മനസ്സിനേയോ വ്രണപ്പെടുത്താന്‍ ലക്ഷമിട്ടായിരുന്നില്ല പരാമര്‍ശമെന്നും അങ്ങനെയാര്‍ക്കെങ്കിലും തോന്നിയെങ്കില്‍ അത് പിന്‍വലിക്കുന്നതായും സുധാകരന്‍ പറഞ്ഞു.മലബാറും തിരുവിതാംകൂറും തമ്മില്‍ ഒരു വ്യത്യാസമുണ്ട്, അതിന്റെ പ്രതിഫലനമാണോ തന്റെ രാഷ്ട്രീയ രീതി എന്നായിരുന്നു അവരുടെ ചോദ്യം. ഇങ്ങനെയൊരു കഥ ചെറുപ്പത്തില്‍ കേട്ടിട്ടുണ്ട് എന്ന് ഞാന്‍ മറുപടി പറഞ്ഞു. അത്രയേ ഞാന്‍ പറഞ്ഞിട്ടുള്ളൂ, എന്നാണ് സുധാകരൻ പറഞ്ഞത്












Click it and Unblock the Notifications