ബാലരാമപുരത്ത് തിരക്കോട് തിരക്ക്; ആഘോഷ നാളുകളിലെ ഗതാഗതക്കുരുക്കിന് ഇനിയെന്ന് പരിഹാരമാകും?
തിരുവനന്തപുരം: ജില്ലയിലെ പ്രധാന വാണിജ്യ പട്ടണമായ ബാലരാമപുരത്ത് ഓണ വിപണികൾ സജീവമായി തുടങ്ങി. തിരക്കേറിയിട്ടും ഇവിടത്തെ അനധികൃത പാർക്കിങ്ങിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. കൈത്തറിക്ക് പേരുകേട്ട ബാലരാമപുരത്തേക്ക് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പോലും ഓണക്കോടികൾ വാങ്ങാൻ ആളുകൾ എത്തുന്നുണ്ട്. കടകളെല്ലാം തുറന്നു പ്രവർത്തിച്ചതോടെ തിരുവോണത്തിന് രണ്ട് നാൾ മാത്രം ബാക്കി നിൽക്കെ കച്ചവടകേന്ദ്രങ്ങളിൽ എത്തുന്ന ജനങ്ങളും ഒരുപരിധി വരെ തൃപ്തരാണ്.
ഓണസാരിയില്‍ കിടിലന്‍ ലുക്കില്‍ ബിഗ് ബോസ് താരം ആര്യ; വൈറലായി പുതിയ ഫോട്ടോഷൂട്ട്

കൈത്തറി ഉത്പന്നങ്ങളുടെ പ്രധാന കേന്ദ്രമായ ബാലരാമപുരത്തെ ശാലിഗോത്രത്തിൽ ആഴ്ചകൾക്ക് മുമ്പ് തന്നെ തിരക്ക് വർധിച്ചു. കഴിഞ്ഞ വർഷത്തേക്കാളും കച്ചവടം വർധിച്ചതായി വ്യാപാരികളും പറയുന്നു.കൊവിഡ് രോഗ വ്യാപനത്തെ തുടർന്ന് ദീർഘനാൾ അടച്ചിടേണ്ടി വന്ന കൈത്തറി മേഖലയിൽ തരക്കേടില്ലാത്ത കച്ചവടം നടക്കുന്നുണ്ട്. എല്ലാ കച്ചവടസ്ഥാപനങ്ങളിലും കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

കരമന-കളിയിക്കാവിള ദേശീയപാതയിൽ കൊടിനട വരെ നവീകരണം പൂർത്തിയായെങ്കിലും ബാലരാമപുരം കവലയിൽ നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് കടന്നുപോകാൻ മണിക്കൂറുകളാണ് കാത്തു കിടക്കേണ്ടി വരുന്നത്.വൈകിട്ട് അഞ്ചുമണിക്ക് ശേഷം ആറാലുംമൂട് വരെയും അതിന് ശേഷം മുടവൂർപ്പാറ വരെയും വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷമാകുന്നത്.

എന്നാൽ, വൈകിട്ട് മാത്രമല്ല ഈ സ്ഥിതിയുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 7 വരെ നിരത്തിൽ നല്ല തിരക്കാണുള്ളതെന്ന് കവലയിൽ പഴക്കട നടത്തുന്ന കച്ചവടക്കാരൻ പറയുന്നു. ഗതാഗതക്കുരുക്കുകൾ കാരണം ആംബുലൻസുകൾക്ക് പോലും മാർഗ്ഗതടസ്സം സൃഷ്ടിക്കുന്നുണ്ട്. വീതികുറഞ്ഞ റോഡിൽ തിരക്കുകാരണം ആൾക്കാർക്ക് നടന്നുപോകാൻ പോലും കഴിയുന്നില്ല. വാഹനങ്ങളുടെ നീണ്ടനിരയും അനധികൃത പാർക്കിങ്ങും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കൂടാതെയൊരു ബസ് സ്റ്റോപ്പും ബാലരാമപുരത്തിൻ്റെ തിരക്കേറിയ പ്രദേശത്തിനൊത്ത നടുക്കായുണ്ട്.

ബാലരാമപുരത്തെ പൊലീസ് സ്റ്റേഷൻ്റെ പ്രവർത്തനം ഒന്നര കിലോമീറ്റർ അപ്പുറത്തുള്ള വാടകക്കെട്ടിടത്തിലേക്ക് മാറിയതാണ് പ്രദേശത്തെ പരിസരപ്രദേശങ്ങളിൽ പൊലീസ് സാന്നിധ്യം കുറയുന്നതിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.കവലയിൽ ഉണ്ടായിരുന്ന സ്റ്റേഷൻ കെട്ടിടം ദേശീയപാതാ വികസനത്തെ തുടർന്ന് പൊളിച്ചുമാറ്റുകയായിരുന്നു. നിലവിൽ സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് ഇപ്പോൾ എയ്ഡ് പോസ്റ്റ് മാത്രമാണുള്ളത്.

നാല് റോഡുകൾ സംഗമിക്കുന്ന ബാലരാമപുരം കവലയിൽ മാത്രമാണ് ഗതാഗത നിയന്ത്രണത്തിന് പൊലീസുള്ളത്. ഗതാഗതകുരുക്ക് ഒഴിവാക്കിയാൽ ഇനിയുള്ള ദിവസങ്ങളിൽ വ്യാപാര മേഖലയ്ക്കും ഓണക്കച്ചവടം തടസ്സമില്ലാതെ നടത്താം. ഓണക്കാലം കഴിഞ്ഞാൽ പട്ടണത്തിൽ ഒരു പരിധിവരെ തിരക്ക് കുറയാൻ സാധ്യതയുണ്ട്. എങ്കിലും ഗതാഗതക്കുരുക്കിന് പൂർണമായും പരിഹാരം ഉണ്ടാകുന്നില്ലെന്നുള്ളതാണ് വാസ്തവം.












Click it and Unblock the Notifications