'എന്തും വിളിച്ചുപറയാമെന്ന രാഹുലിന്റെ ധാർഷ്ട്യത്തിന് കോടതി പൂട്ടിട്ടിരിക്കുകയാണ്': കെ സുരേന്ദ്രൻ

തിരുവനന്തപുരം ∙ മോദി സമുദായത്തെ അപമാനിച്ചതിന് വയനാട് എംപി രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി വിധിച്ച രണ്ടു വർഷത്തെ തടവുശിക്ഷ നുണപ്രചരണത്തിന് കിട്ടിയ തിരിച്ചടി ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തെക്കുറിച്ചും പ്രധാനമന്ത്രിയെക്കുറിച്ചും ദേശീയ നേതാക്കളെക്കുറിച്ചുമെല്ലാം എന്തും വിളിച്ചു പറയാമെന്ന രാഹുലിന്റെ ധാർഷ്ട്യത്തിന് കോടതി പൂട്ടിട്ടിരിക്കുകയാണ് എന്നും കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രിയെ കള്ളനെന്നു വിളിച്ച് പ്രചരണം നടത്തിയ രാഹുലിനെയും കോൺഗ്രസിനെയും ഇന്ത്യൻ ജനത തൂത്തെറിഞ്ഞിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
ഒരു വ്യക്തിയോടുള്ള വിരോധം കാരണം ഒരു സമുദായത്തെ ആകെ അപമാനിക്കുകയാണ് രാഹുൽ ചെയ്തത്. അത് ന്യായീകരിക്കുന്ന കോൺഗ്രസ് എന്തു തരം മതേതരത്വമാണ് പറയുന്നതെന്ന് മനസിലാവുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഗാന്ധിയെ വധിച്ചത് ആർഎസ്എസ് ആണെന്ന് നിരുത്തരവാദപരമായ പ്രസ്താവന നടത്തിയതിന് കോടതി കയറി ഇറങ്ങുന്ന വ്യക്തിയാണ് അദ്ദേഹം. വിദേശത്തു പോയി രാജ്യത്തിനെതിരെ സംസാരിച്ചതിന് പാർലമെന്റിൽ ശക്തമായ പ്രതിഷേധമാണ് രാഹുൽ നേരിടുന്നത്. മോദിയോടുള്ള വെറുപ്പ് രാജ്യത്തോട് തീർക്കുകയാണ് രാഹുലും അദ്ദേഹത്തിന്റെ പാർട്ടിയും ചെയ്യുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു.
ജോഡോ യാത്രയ്ക്കിടെ, രാജ്യത്ത് നിരവധി സ്ത്രീകൾ അതിക്രമത്തിന് ഇരയാവുന്നുവെന്നും അവർ ഇത് തന്നോടു തുറന്നു പറഞ്ഞുവെന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു. ഇത്തരം ഒരു സംഭവം അറിഞ്ഞാൽ പൊലീസിൽ അറിയിക്കേണ്ട ബാധ്യത ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ചെയ്തില്ല. അതിന്റെ പേരിൽ ഡൽഹി പൊലീസ് ചോദ്യം ചെയ്യാൻ വന്നപ്പോൾ ഇരവാദം ഉയർത്തുകയാണ് രാഹുൽ ചെയ്തത്. ജനപ്രതിനിധി എന്ന നിലയിലും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ നേതാവെന്ന നിലയിൽ കുറച്ചുകൂടി പക്വത രാഹുൽ ഗാന്ധി കാണിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയേയും നികുതി തട്ടിപ്പ് നടത്തിയ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉപമിച്ച് നടത്തിയ പ്രസംഗമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരായ മാനനഷ്ടക്കേസിന് കാരണമായത്.
അതേസമയം, അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും ആരെയും വേദിനിപ്പിക്കാനല്ല പരാമർശം നടത്തിയതെന്നും രാഹുൽ ഗാന്ധി കോടതിയിൽ വ്യക്തമാക്കി. അഴിമതിക്കെതിരെ ശബ്ദമുയർത്താനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതിയിൽ രാഹുൽ പറഞ്ഞു. 'എല്ലാ കള്ളൻമാർക്കും മോദിയെന്ന പേര്' എന്ന പരാമർശത്തിൽ, രാഹുലിന് കോടതി രണ്ടുവർഷം തടവുശിക്ഷ വിധിച്ചിരുന്നു. അപ്പീലിന് സാവകാശം നൽകി ഉത്തരവ് മരവിപ്പിച്ച കോടതി, രാഹുലിന് ജാമ്യം അനുവദിച്ചു.
Beauty Tips: ചർമ്മത്തിന് ആരോഗ്യം മാത്രമല്ല സൗന്ദര്യവും; ഇതാ ഈ ഭക്ഷണങ്ങൾ..












Click it and Unblock the Notifications