'ദേശീയപാത വികസനത്തില്‍ കേന്ദ്രവുമായി തര്‍ക്കമില്ല, അങ്ങനെയാരും മനപ്പായസമുണ്ണേണ്ട': മുഖ്യമന്ത്രി
തിരുവനന്തപുരം: ദേശീയപാത വികസനം സംബന്ധിച്ച് കേന്ദ്രസർക്കാരും സംസ്ഥാനവും തമ്മിൽ തർക്കമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങനെ ആരും മനപ്പായസമുണ്ണേണ്ടെന്നും നിതിൻ ഗഡ്കരിയുടെ പ്രസ്താവന മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. റോഡ് വികസനത്തിൽ നിതിൻ ഗഡ്കരിക്ക് മുഖ്യമന്ത്രി നന്ദി പറയുകയും ചെയ്തു.
ഭൂമി ഏറ്റെടുക്കലിന് എല്ലായിടത്തും വലിയ വിലയാണ്. അപ്പോഴാണ് 25 % സർക്കാർ നൽകാമെന്ന് പറഞ്ഞത്. പല സംസ്ഥാനങ്ങളും ഈ 25 % നൽകുന്നില്ല. ഗഡ്കരിയുടെ പാർലമെൻറിലെ പ്രസ്താവനയോടെ കേന്ദ്രവും കേരളവും തമ്മിൽ തർക്കമായെന്ന് കരുതേണ്ട. റോഡ് വികസനം കുഴപ്പമാകുമെന്ന് മനപ്പായസമുണ്ണുകയും വേണ്ട.

കേന്ദ്രമന്ത്രിയുമായി കാര്യങ്ങൾ സംസാരിച്ചു. ചർച്ചയിലൂടെ പരിഹാരം കാണും. വികസനത്തിനായി ആരും വഴിയാധാരമാകേണ്ടിവരില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുൻ യുഡിഎഫ് സർക്കാർ കാര്യങ്ങൾ കൃതൃമായി ചെയ്തിട്ടില്ല. ഇതിനാലാണ് സംസ്ഥാനത്തിന് അധിക ബാധ്യതയുണ്ടായത്. ദേശീയപാത വികസനം അജണ്ടയായി ഏറ്റെടുത്ത് നടപ്പാക്കാൻ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
2025ഓടെ കേരളത്തിലെ റോഡുകൾ അമേരിക്കൻ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മികച്ച അടിസ്ഥാന സൗകര്യം ഉണ്ടാക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം. കൂടെ നിന്നതിന് സംസ്ഥാന സർക്കാരിന് നന്ദിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
ദേശീയപാതയ്ക്കാവശ്യമായ ഭൂമിയുടെ ചെലവിൻറെ 25 ശതമാനം വഹിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിൻമാറിയെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു, കേരളത്തിൽ ഒരു കിലോ മീറ്റർ ദേശീയപാത നിർമിക്കാൻ 100 കോടി രൂപ ചെലവ് വരുന്നതായി നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടി.
കരിപ്പൂരിലെ റൺവേ വികസനത്തിൽ കേരളം സഹകരിച്ചില്ലെന്ന് വ്യോമയാന സഹമന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കിയിരുന്നു, പെട്രോളിൻറെ വാറ്റ് കുറയ്ക്കാത്തതിന് പെട്രോളിയം മന്ത്രി കേരളത്തെ കുറ്റപ്പെടുത്തി. വിഴിഞ്ഞത് പഠനം നടന്നിട്ടുണ്ടെന്ന് പരിസ്ഥിതി സഹമന്ത്രി അറിയിച്ചു.
കരിപ്പൂരിൽ റൺവേയുടെ ഇരുവശവും സുരക്ഷിതമേഖല നിർമിക്കാൻ ഭൂമി നിരപ്പാക്കി നൽകാൻ കേരളത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്ന് വ്യോമയാന സഹമന്ത്രി വി.കെ സിങ് അറിയിച്ചു.












Click it and Unblock the Notifications