• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വേളിയൊരുങ്ങി, മിനിയേച്ചര്‍ തീവണ്ടിയും അര്‍ബന്‍ & ഇക്കോ പാര്‍ക്കും നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വേളി ടൂറിസം വില്ലേജിന് പുതിയ മുഖം നൽകി മിനിയേച്ചര്‍ തീവണ്ടി. വേളി ടൂറിസ്റ്റ് വില്ലേജിനു പുതിയ പകിട്ടേകുന്ന മിനിയേച്ചര്‍ തീവണ്ടിയും അര്‍ബന്‍ ആന്‍ഡ് ഇക്കോ പാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. വേളി സന്ദര്‍ശിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇനി പൊഴിക്കര കായലോരത്തുകൂടി ചൂളം കുത്തി പായുന്ന 'ആവിവണ്ടി'യില്‍ ചുറ്റിയടിക്കാമെന്ന് ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

അര്‍ബന്‍ പാര്‍ക്കിലിരുന്നു പ്രകൃതിഭംഗി നുണയാം. ഹരിതാഭ ചൂഴുന്ന കായലും അതു സംഗമിക്കുന്ന നീലക്കടലും സുവര്‍ണ്ണശോഭയാര്‍ന്ന മണല്‍ത്തീരവും ചെറു നീര്‍ത്തടങ്ങളും കണ്ടല്‍ക്കാടുകളും വര്‍ണ്ണങ്ങള്‍ വിരിയിച്ചു നില്ക്കുന്ന പൂച്ചെടികളുമെല്ലാം കണ്ട്, അവയിലൊക്കെ വിഹരിക്കുന്ന പക്ഷികളുടെ കളകൂജനങ്ങള്‍ കേട്ട്, നീര്‍ത്തടാകത്തിനു മുകളിലെ പാലങ്ങളിലൂടെയും തുരങ്കത്തിലൂടെയും ആവിവണ്ടിയുടെ ഗൃഹാതുരസ്മരണയില്‍ ഒരു യാത്രയാണ് ഒരുക്കിയിരിക്കുന്നത്.

ആദ്യകാലതീവണ്ടിയുടെ കുട്ടിമാതൃകയില്‍ ആവി എന്‍ജിനും ബോഗികളും കൃത്രിമമായി പുകയും ശബ്ദവും ഒക്കെയായാണു ട്രെയിനിന്റെ രൂപകല്പന. ഈ അമ്യൂസ്മെന്റ് ട്രെയിന്‍ 24 ഇഞ്ച് ഗേജിലുള്ളതാണ്. രണ്ടു ജീവനക്കാരടക്കം 48 പേര്‍ക്കു സഞ്ചരിക്കാം. പരിശീലനം നേടിയ ജോലിക്കാരാണ് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നത്. ആഴ്ചയില്‍ എല്ലാദിവസവും സര്‍വ്വീസ് ഉണ്ടാകും. ട്രെയിന്‍ പുറപ്പെടുന്ന സ്ഥലത്തുതന്നെയാണ് ടിക്കറ്റ് കൗണ്ടര്‍. വേളി പാര്‍ക്കിന്റെ ഉള്‍പ്രദേശങ്ങളിലൂടെ 1.6 കിലോമീറ്റര്‍ സഞ്ചരിച്ച് 40 മിനുട്ടിനകം ട്രെയിന്‍ തിരിച്ചെത്തും.

ടൂറിസ്റ്റ് വില്ലേജില്‍നിന്നു തുടങ്ങി ശംഖുകുളം ചുറ്റി കുട്ടികളുടെ പാര്‍ക്കിലൂടെ സഞ്ചരിച്ചു കായലോരത്തുകൂടി ഫ്‌ലോട്ടിങ് പാലത്തിലെത്തി കടലോരത്തുകൂടി ജില്ലാ പ്രൊമോഷന്‍ കൗണ്‍സിലിന്റെ നീന്തല്‍ക്കുളം ചുറ്റി തിരികെ വില്ലേജിലേത്തും - ഇതാണു തീവണ്ടിയുടെ റൂട്ട്. മൂന്നു ബോഗികളും എന്‍ജിനും ഗാര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയുടെ കല്‍ക്കരി വണ്ടിയുടെ മാതൃകയിലാണ്. ഇന്ത്യന്‍ റെയില്‍വേക്ക് വേണ്ടി നാരോ ഗേജ് എന്‍ജിനുകള്‍ നിര്‍മ്മിക്കുന്ന ബംഗളൂരുവിലെ സാന്‍ എഞ്ചിനീയറിങ് ആന്‍ഡ് ലോക്കോമോട്ടീവ്‌സ് ആണു ട്രെയിന്‍ നിര്‍മിച്ചത്.

പുരാതനരീതിയിലുള്ള രണ്ടു മിനി റെയില്‍വേ സ്റ്റേഷനും പണിതിട്ടുണ്ട്. തുരങ്കവും കൃത്രിമമാണ്. കുളവും ലെവല്‍ ക്രോസിങ്ങും ഒരു വലിയ പാലവും രണ്ടു ചെറുപാലങ്ങളും ഇതിനായി നിര്‍മ്മിച്ചു. കൂടാതെ ലെവല്‍ ക്രോസിങ്ങും സിഗ്‌നല്‍ സംവിധാനവും വാക്ക് വേകളുമൊക്കെ ഒരുക്കിയിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലും വെനീസ് മിനിയേച്ചര്‍ ട്രെയിന്‍ എന്ന പേരില്‍ പ്രസിദ്ധമായ ഇത്തരം ട്രെയിന്‍ കേരളത്തില്‍ ആദ്യമാണ്. ട്രെയിനും റയില്‍വേ സ്റ്റേഷനുകളും സിഗ്‌നലുമെല്ലാം സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നസവിശേഷതകൂടി എടുത്താല്‍ രാജ്യത്തുതന്നെ ആദ്യത്തേതും. പൂര്‍ണമായും പ്രകൃതിസൗഹൃദമാണെന്ന പ്രത്യേകതയും ഈ ട്രെയിനിനുണ്ട്.

ആവിപ്പുക പോലും മലിനീകരണം ഉണ്ടാക്കുന്നതല്ല. മിച്ചമുള്ള സൗരോര്‍ജ്ജം വൈദ്യുതിബോര്‍ഡിനു നല്കാനും കഴിയും. വേളി ടൂറിസ്റ്റ് വില്ലേജിലെ 80,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നിലവിലുള്ള പാര്‍ക്കും നടപ്പാതയും ചില വിനോദസ്ഥലങ്ങളും ഫ്‌ലോട്ടിങ് റെസ്റ്റോറന്റും പവലിയനുകളും വാണിജ്യ മേഖലകളും ശില്പങ്ങളും മറ്റു നിരവധി ഘടനകളും ഉള്‍പ്പെടുന്നതാണ് 4.99 കോടി രൂപ ചെലവു വരുന്ന വേളി അര്‍ബന്‍ പാര്‍ക്ക്. ജലാശയത്തില്‍ നിര്‍മ്മിച്ച സ്റ്റേജോടുകൂടിയ, 250 പേര്‍ക്ക് ഇരിക്കാവുന്ന ആംഫിതിയേറ്റര്‍ പ്രത്യേക ആകര്‍ഷണമാകും. ഗ്രാനൈറ്റ് കല്ലു പാകിയും ലാന്‍ഡ്‌സ്‌കേപ് ചെയ്തും തടാകത്തിന്റെ ചുറ്റും മനോഹരമാക്കിമാറ്റിയിട്ടുണ്ട്. റഫ് കട്ട് ഗ്രാനൈറ്റ് കല്ല്, കരിങ്കല്ല്, വിവിധസ്പീഷിസിലുള്ള ചെടികള്‍ എന്നിവയാല്‍ ലാന്‍ഡ്സ്‌കേപ്പും വളഞ്ഞ നടപാതകളും ഭംഗിയാക്കി.

പാരമ്പരാഗതവും ലളിതവുമായ ശൈലിയില്‍ തീര്‍ത്ത പ്രവേശനകവാടം സന്ദര്‍ശകരെ വരവേല്ക്കുന്നു. അര്‍ദ്ധ വൃത്താകൃതിയിലുള്ള പ്രവേശനകവാടത്തിന് ശേഷമുള്ള വിശാലമായ പ്ലാസ ഏരിയയും ബാക്കി ഭാഗങ്ങളും നിറയെ ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചു. അര്‍ബന്‍ പാര്‍ക്കിന്റെ നിര്‍മ്മാണവും ഊരാളുങ്കല്‍ സൊസൈറ്റിയാണു നിര്‍വ്വഹിച്ചിട്ടുള്ളത്. രണ്ടരക്കോടി രൂപ ചെലവിട്ടു ആധുനികരീതിയില്‍ സജ്ജീകരിച്ച സ്വിമ്മിങ് പൂളും ഇന്നു തുറന്നു. അറുപതുകോടിയോളം രൂപ ചെലവുചെയ്യുന്ന ബൃഹദ്പദ്ധതിയുടെ ഭാഗമാണിതെല്ലാം. ടൂറിസ്റ്റ് ഫെസിലിറ്റി സെന്റര്‍, കണ്‍വന്‍ഷന്‍ സെന്റര്‍ എന്നിവ സജ്ജമായിക്കൊണ്ടിരിക്കുന്നു. വേളി ആര്‍ട്ട് കഫെ, അര്‍ബന്‍ വെറ്റ്‌ലാന്‍ഡ് നേച്ചര്‍ പാര്‍ക്ക് തുടങ്ങിയവ കൂടിയാവുമ്പോള്‍ വേളിയുടെ മുഖച്ഛായ പാടേ മാറും.

Thiruvananthapuram

English summary
CM Pinarayi Vijayan inaugurated Miniature Train in Veli Tourism village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X