"അച്ചടക്കം അറിയില്ലെങ്കിൽ പഠിപ്പിക്കണം, ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ല"; തരൂരിനെതിരെ മുല്ലപ്പള്ളി
തിരുവനന്തപുരം: മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തിരുവനന്തപുരം എം. പി ശശി തരൂരിന് എതിരെ വിമർശനവുമായി രംഗത്ത്. കോൺഗ്രസും യു ഡി എഫും കെ - റെയിലിന് എതിരെ നിലപാട് എടുക്കുമ്പോൾ ഞാൻ ഇതിനെക്കുറിച്ച് പഠിക്കട്ടെ എന്നു പറഞ്ഞാൽ എങ്ങനെയാണെന്ന് മുല്ലപ്പളളിയുടെ അതി രൂക്ഷമായി വിമർശനം.
സർക്കാരിനെ സഹായിക്കാനുള്ള ഗൂഢ നീക്കമായി മാത്രമേ ഇതിനെ കാണാൻ സാധിക്കൂ. കോൺഗ്രസ് ഹൈക്കമാൻഡ് തരൂരിനെ പാർട്ടി അച്ചടക്കം പഠിപ്പിക്കണം എന്നും അല്ലാതെ അദ്ദേഹവുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നും മുല്ലപളളി വ്യക്തമാക്കി.

മുല്ലപ്പള്ളി രാമചന്ദ്രന്റ വാക്കുകൾ ഇങ്ങനെ -
അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ രാജ്യ തന്ത്രജ്ഞനും എഴുത്തുകാരനും പ്രാസംഗികനുമായിരിക്കാം എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അടിസ്ഥാനപരമായ തത്ത്വങ്ങളും പാർട്ടി അച്ചടക്കവും അദ്ദേഹം പഠിക്കേണ്ടതുണ്ട്. അല്ലാതെ മുന്നോട്ട് പോകാനാവില്ല. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച എം പിയാണെങ്കിലും അദ്ദേഹം അടിസ്ഥാനപരമായി കോൺഗ്രസുകാരനാണ് ഭൂരിപക്ഷം എം പിമാരും കെ റെയിലിനെതിരെ നിലപാട് എടുക്കുമ്പോൾ ഞാൻ ഇതിനെക്കുറിച്ച് പഠിക്കട്ടേ എന്നു പറഞ്ഞാൽ.... നാട്ടിലെ കൊച്ചുകുട്ടികൾക്ക് പോലും കെറെയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യമുണ്ട്.

സർക്കാരിനെ സഹായിക്കാൻ അദ്ദേഹം നടത്തുന്ന ഗൂഢനീക്കമായി മാത്രമേ ഇതിനെ കാണാനാവൂ. പാർട്ടിയെ പല സന്ദർഭങ്ങളിലും പ്രതിക്കൂട്ടിൽ നിർത്തുന്ന സന്ദർഭമുണ്ടായിട്ടുണ്ട്. അടിയന്തരമായി ഹൈക്കമാൻഡ് ഈ വിഷയത്തിൽ ഇടപെടണം ഈ എംപി സ്വതന്ത്രനായി ഇങ്ങനെ ഇനിയും ഇങ്ങനെ പോകാമോ, പാർട്ടി അച്ചടക്കം ഉയർത്തി പിടിക്കണമെന്ന തത്ത്വം അദ്ദേഹത്തിന് അറിയില്ലെങ്കിൽ ഹൈക്കമാൻഡ് അതു അദ്ദേഹത്തിന് പഠിപ്പിച്ചു കൊടുക്കണം. കഴിഞ്ഞ തവണ തരൂരിനെ ജയിപ്പിക്കാൻ താനടക്കം ഒരുപാട് പേർ ഉറക്കമൊഴിച്ചു പ്രവർത്തിച്ചതാണ്. നേരത്തെ തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുത്ത നീക്കത്തേയും അനുകൂലിച്ചയാളാണ് തരൂർ.
പെട്രോളിൽ യുവതിയെ കത്തിച്ചു തുടർന്ന് സ്വയം തീ കൊളുത്തി; രണ്ടുപേരും ഗുരുതരാവസ്ഥയില് ആശുപത്രിയിൽ

അതേ സമയം, മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പറഞ്ഞ് തിരുവനന്തപുരം എം പി ശശി തരൂർ രംഗത്ത് എത്തിയിരുന്നു. താൻ വികസനത്തിന് വേണ്ടി നിൽക്കുന്ന വ്യക്തിയാണ്. അത് പോലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിന്റെ വികസനത്തിന് തടസം നിൽക്കുന്ന കാര്യങ്ങളെ മാറ്റാൻ ശ്രമിക്കുന്നു.
ഇത് ഒരു നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലുലു മാൾ ഉദ്ഘാടന വേദിയിൽ സംസാരിക്കവെയാണ് ശശി തരൂർ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. സംസ്ഥാനം വ്യവസായ സൗഹൃദമാകുമ്പോഴും ദ്രോഹ മന സ്ഥിതിയുള്ള ചിലരുണ്ടെന്നും വ്യവസായ സംരഭങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നവരെ നാട് തിരിച്ചറിയണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

സെമി ഹൈ സ്പീഡ് റെയിൽ ലൈൻ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നൽകിയ നിവേദനത്തിൽ തരൂർ ഒപ്പിടാത്തത് വിവാദമായിരുന്നു. ഇത് എടുത്ത് ചാടേണ്ട കാര്യമല്ലെന്നാണ് എം പി ശശി തരൂരിന്റെ വാദം. തന്റേത് വ്യക്തിപരമായ നിലപാടാണെന്നും സിൽവർ ലൈൻ പദ്ധതിക്ക് രണ്ട് വശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ സുതാര്യമായ ചർച്ചയാണ് ആവശ്യമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


പുതുച്ചേരി എം പി വി വൈത്തി ലിംഗം അടക്കം യു ഡി എഫിൽ നിന്നും നിന്ന് 18 എം പിമാർ നിവേദനത്തിൽ ഒപ്പിട്ടു. എന്നാൽ, നിവേദനം നൽകിയ എം പിമാരുമായി നാളെ റെയിൽവെ മന്ത്രി അശ്വനി കുമാർ കൂടിക്കാഴ്ച നടത്തും. പദ്ധതി നടപ്പാക്കരുത് എന്നാണ് എം പിമാരുടെ ആവശ്യം. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും പദ്ധതിയെ കൊണ്ട് കേരളത്തിന് ഉപകാരമില്ലെന്നും പദ്ധതിയുടെ ചെലവ് തുക താങ്ങാനാവില്ലെന്നും പദ്ധതി നിർത്തിവെക്കാൻ നിർദ്ദേശിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം.

എന്നാൽ, നിർദ്ദിഷ്ട സെമി ഹൈ സ്പീഡ് റെയിൽ ലൈൻ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നിവേദനത്തിൽ ഇന്നലെ ശശി തരൂർ എം പി തന്റെ ഒപ്പ് വെച്ചിരുന്നില്ല. കെ റെയിൽ പദ്ധതിക്ക് എതിരെ യു ഡി എഫ് എം പിമാരുടെ കേന്ദ്ര റെയിൽവെ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഒപ്പിടാതിരുന്നത് പദ്ധതിയെ പിന്തുണക്കുന്നത് കൊണ്ടല്ലെന്ന് അദ്ദേഹം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
പദ്ധതിയുമായി കേന്ദ്രസർക്കാർ ഒരു തരത്തിലും സഹകരിക്കരുതെന്നും ആവശ്യമുണ്ട്. എന്നാൽ ഈ വിഷയത്തിൽ കൂടുതൽ പഠനം വേണം എന്നാണ് ശശി തരൂർ എം പിയുടെ നിലപാട് വ്യക്തമാക്കിയത്. അതിനാലാണ് അദ്ദേഹം പദ്ധതിക്ക് എതിരെ നിവേദനത്തിൽ ഒപ്പിടാതിരുന്നത്. കെ റെയിൽ പദ്ധതിയെ കുറിച്ച് പഠിക്കാതെ എതിർക്കാനില്ലെന്ന നിലപാടാണ് അദ്ദേഹം എടുത്തത്. പദ്ധതിയെ കുറിച്ച് പഠിക്കാൻ കൂടുതൽ സമയം വേണമെന്നാണ് തന്റെ നിലപാട്. നിവേദനത്തിൽ ഒപ്പിടാത്തതിന് കാരണം പദ്ധതിയെ അനുകൂലിക്കുന്നത് കൊണ്ടാണെന്ന വ്യാഖ്യാനം ആരും നൽകേണ്ട. അതിനൊപ്പെ തന്നെ സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും തരൂർ ആവശ്യപ്പെട്ടിരുന്നു.