പട്ടം കാരണം വട്ടം കറങ്ങിയത് 6 വിമാനങ്ങൾ; തിരുവനന്തപുരം വിമാനത്താവളത്തിൽ നാടകീയ സംഭവം..
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നാടകീയ സംഭവങ്ങൾ. പട്ടമാണ് പ്രശ്നം ഉണ്ടാക്കിയത്. ആരോ പറത്തിവിട്ട പട്ടം കാരണം 4 വിമാനമാണ് വഴിതിരിച്ച് വിട്ടത്. രണ്ട് വിമാനങ്ങൾ താത്ക്കാലികമായി പിടിച്ചിടുകയും ചെയ്തു. ഇതിന് പുറമെ വ്യോമയാന പരിശീലന കേന്ദ്രത്തിൽ പരിശീലന പറക്കലും പട്ടം കാരണം തടസ്സപ്പെട്ടു.
ശനിയാഴ്ച വൈകീട്ടാണ് സംഭവം. മുട്ടത്തറ പൊന്ന പാലത്തിനടത്തുള്ള റൺവേയ്ക്കും വള്ളക്കടവ് സുലൈമൈൻ തെരുവിനും ഇടയ്ക്കുള്ള ഭാഗത്താണ് 200 അടി ഉയരത്തിൽ പട്ടം പറന്നത്. എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ നിന്ന് വിവരം അറിയിച്ചതിനെ തുടർന്ന് അടിയന്തര സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തി.

ഇറങ്ങാൻ എത്തിയ വിമാനങ്ങളിലെ പൈലറ്റുമാരോട് വിമാനത്താവള പരിധിയിൽ ചുറ്റിക്കറങ്ങുന്നതിനുള്ള ഗോ എറൗണ്ട് സന്ദേശം എയർ ട്രാഫിക് കൺട്രോളർ നൽകി. പുറപ്പെടാൻ ഒരുങ്ങിയ വിമാനങ്ങൾ താത്ക്കാലികമായി പാർക്കിംഗ് ബേയിൽ നിർത്തിയിടാനും നിർദ്ദേശിച്ചു.
4. 20 ന് മസ്ക്കറ്റിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ്, പിന്നാലെ ഷാർജയിൽ നിന്ന് എത്തിയ എയർ അറേബ്യ, ഡൽഹിയിൽ നിന്നെത്തിയ എയർ ഇന്ത്യ, ബെംഗളൂരുവിൽ നിന്നെത്തിയ ഇൻഡിഗോ വിമാനങ്ങൾക്കാണ് ചുറ്റിക്കറാനുള്ള നിർദ്ദേശം നൽകിയത്.
വൈകീട്ടോടെ ഹൈദരബാദിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്, ബെംഗളുരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനങ്ങളാണ് പിടിച്ചിട്ടത്. വിമാനത്താവള അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധന നടത്തിയെങ്കിലും പട്ടം പറത്തിയവരെ കണ്ടെത്തിയില്ല.
രണ്ട് മണിക്കൂറോളം പറന്നുനടന്ന പട്ടം താനെ നിലം പതിച്ച ശേഷമാണ് വിമാനങ്ങളുടെ തടസ്സം നീങ്ങിയത്. വട്ടമിട്ട് പറന്ന വിമാനങ്ങൾ ഇതിന് ശേഷം ഓൾ സെയ്ന്റ്സ് ഭാഗത്തെ റൺ വേയിലൂടെ ഇറക്കി. പിടിച്ചിട്ട വിമാനങ്ങൾ രാത്രിയോടെ പുറപ്പെട്ടു.












Click it and Unblock the Notifications